ഇനിയിപ്പോൾ ‘പണമുള്ള പ്രവാസിയും പണമില്ലാത്ത പ്രവാസിയും’ തമ്മിലുള്ള പ്രത്യേക ക്യു കാണാം ! ഈ പ്രവാസികള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മളെല്ലാം ബംഗാളികളെപ്പോലെ അയൽ സംസ്ഥാനങ്ങളിൽ കോഴിക്കാട്ടവും ചാണകവുമൊക്കെ വാരി കഴിയേണ്ടി വരുമായിരുന്നു ! പ്രവാസി ഇല്ലാതെ എന്തോന്ന് കേരളം ? കേരളത്തെ ഈ നിലയിൽ എത്തിച്ച ഈ ഗതികെട്ട പ്രവാസികളുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ ?

ദാസനും വിജയനും
Friday, May 29, 2020

പ്രവാസിക്ക് ഇത് കിട്ടണം ! ഇങ്ങനെ തന്നെ വേണം ! തിരഞ്ഞെടുപ്പ് ഫണ്ടുകളും നോർക്ക റൂട്ട്സും  ലോക കേരള സഭയും പ്രളയ ഫണ്ടും ചാനലിന്റെ നടത്തിപ്പ് ഫണ്ടും അതിന്നായി പുതിയ കെട്ടിടഫണ്ടും ഒക്കെ പിരിക്കുവാൻ വരുമ്പോൾ മുഷ്ടാന്നം വെച്ചുവിളമ്പിയതിന്റെ ഒക്കെ പരിണിത ഫലമാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സമ്മാനങ്ങൾ .

പാർട്ടി ചാനൽ മുതൽ പാർട്ടി പത്രത്തിന്റെ ആജീവനാന്ത വരിസംഖ്യയും പ്രളയഫണ്ടിന്റെ പേരിൽ ഊറ്റാവുന്നതൊക്കെ ഊറ്റിയെടുത്തപ്പോൾ ഇപ്പോൾ ഗൾഫ് നാടുകളിൽ പാർട്ടിക്കാരുമില്ല, സംഘടനകളുമില്ല , നോർക്കയുമില്ല , ലോകകേരളസഭകളുമില്ല . പ്രവാസികൾ പാവങ്ങൾ മുഖ്യമന്ത്രിയുടെ ആറുമണി തള്ളുകൾ കേട്ടുകൊണ്ട് ദൈവപുത്രനായി വാഴ്ത്തപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രവാസിയുടെ മുഖത്ത് 52 വെട്ടുകൾ വെട്ടിയത് .

ഇനിയിപ്പോൾ പണമുള്ള പ്രവാസിയും പണമില്ലാത്ത പ്രവാസിയും തമ്മിലുള്ള പ്രത്യകം ക്യു കാണാം . അതിനെ തരം തിരിക്കുവാനുള്ള ആപ്പിന്റെ പേരിന്നായി മത്സരം സംഘടിപ്പിച്ചപ്പോൾ ‘പൊല്ലാപ്പ്’ എന്നാരോ പേര് നിർദ്ദേശിച്ചതായും കണ്ടു .

ദുബായിലും ഷാർജയിലും അബുദാബിയിലും ഖത്തറിലും ഒക്കെ നിരവധിയനവധി അവാർഡ് നൈറ്റുകളും മാപ്പിളപ്പാട്ടുകളും ഒക്കെ നടത്തി മമ്മുട്ടിയെപോലെ ഒരാളെ മുന്നിൽ നിർത്തി പാവപ്പെട്ടവന്റെ പോക്കറ്റിലെ പണമെല്ലാം ചാനൽ ഷോകൾക്കായി ചിലവാക്കിച്ച് പ്രവാസിയുടെ മനസ്സിനെ തൊട്ടറിഞ്ഞവരെന്ന് ബോധ്യപ്പെടുത്തിയുണ്ടാക്കിയ ആ ഇമേജൊക്കെ ഈ കോവിഡ് വന്നപ്പോൾ ഒന്നൊന്നായി തകർന്നടിയുകയായിരുന്നു .

പ്രവാസിക്കുള്ള വിമാനങ്ങൾ അതത് രാജ്യങ്ങൾ സൗജന്യമായി പറത്താം എന്ന് പറഞ്ഞപ്പോൾ അതു വകവെക്കാതെ ഇപ്പോൾ പണം വാങ്ങി പ്രവാസിയെ സഹായിക്കുന്ന കാഴ്ചകൾ. നാട്ടിൽ വന്നാൽ രണ്ടു ലക്ഷം പേർക്കുള്ള ബെഡുകൾ തയാറാണെന്നു വീമ്പിളക്കിയ മുഖ്യമന്ത്രിക്ക് രണ്ടു ലക്ഷം പോയിട്ട് പതിനായിരം പേരെ ഉൾക്കൊള്ളാനാകുന്നില്ല .

പ്രവാസിയുടെ വോട്ടുകളേക്കാൾ എണ്ണം നാട്ടിലുണ്ടെന്ന് മനസ്സിൽ കരുതിയാണ് ഇക്കളികൾ എങ്കിൽ ശബരിമല ഓർക്കുന്നത് നല്ലതായിരിക്കും. മുംബെയിലെയും ചെന്നൈയിലെയും ബെംഗളുരുവിലെയും പാവപ്പെട്ടവന്മാർ എങ്ങനെയൊക്കെയോ പാസുകൾ തരപ്പെടുത്തി വാളയാറിൽ എത്തിയപ്പോൾ അവിടെയുള്ള സർക്കാർ ഓഫീസുകൾ അടച്ചുകൊണ്ട് ഓടിരക്ഷപ്പെട്ട നമ്മുടെ സര്‍ക്കാര്‍ എത്ര ആറുമണിത്തള്ളുകൾ നടത്തിയാലും ജനം എല്ലാം മനസ്സിലാക്കുന്നുണ്ടെന്നോർക്കുക .


അവരെ സഹായിക്കുവാൻ ചെല്ലുന്ന ജനപ്രതിനിധികളെ ജയിൽവാസം പോലെത്തന്നെ ക്വാറന്റൈനില്‍ അടക്കുക. അവരെ ഉപദ്രവിക്കുവാൻ ശ്രമിക്കുക, ചോദ്യം ചെയ്യുന്ന മാധ്യമപ്രവർത്തകരെ വിരട്ടുക, ഇതൊക്കെ എവിടത്തെ ന്യായമാണ് ? ഏത് ഉപദേശകനാണ് ഇത്തരം ഉപദേശങ്ങൾ നൽകുന്നത്


തനിക്കെതിരെ ചോദ്യം ചെയ്യുന്നവരെ വിജിലൻസ് കേസുകളിൽ പെടുത്തുക. സിനിമകൾ തിയറ്ററുകളിൽ നിന്നും ഭീഷണിയാൽ എടുത്തുമാറ്റിക്കുക , ഇതൊന്നും സാക്ഷര കേരളത്തിൽ വിലപ്പോവില്ല എന്ന് മനസ്സിലാക്കുവാൻ മറക്കണ്ട .

സൈബർ സിണ്ടിക്കേറ്റുകാരെയും പോരാളി ഷാജിമാരെയും കയറൂരി വിട്ടുകൊണ്ട് ശബ്ദിക്കുന്നവരുടെ വായ്മൂടിക്കെട്ടുവാൻ ശ്രമിച്ചാൽ ഒരായിരം പോരാളികൾ ഉയിർത്തെഴുന്നേൽക്കും , അതും പ്രവാസ ഭൂമിയിൽ നിന്നും . അത്രമാത്രം കഷ്ടപ്പാടുകളാണ് ഇവരൊക്കെകൂടി പ്രവാസികളിൽ അടിച്ചേൽപ്പിക്കുന്നത് . ചോദിക്കുവാനും പറയുവാനും ആളില്ല എന്ന് കരുതിയാവണം പ്രവാസികളെ ഇങ്ങനെ പരീക്ഷിക്കുന്നത്.

സോഷ്യൽ മീഡിയയും ഇന്റർനെറ്റുമൊക്കെ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ പ്രവാസി ഇനി വീണ്ടും രംഗത്തിറങ്ങിയാൽ മുഖ്യമന്ത്രി ഊതി പെരുപ്പിച്ചുണ്ടാക്കുന്ന എല്ലാം മണ്ണിട്ട് മൂടേണ്ടിവരുമെന്ന് ഓർക്കുന്നത് നല്ലത് . ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും പാർട്ടിയുടെ വോട്ട് ശതമാനം കുറയുന്നതോർക്കാതെ പിന്നെയും പിന്നെയും സൈബർ പോരാളികൾ അഹങ്കാരികളായി മാറുന്ന കാഴ്ചകൾ നാമിപ്പോൾ കാണുന്നു . ഈ പോരാളികളാണ് പാർട്ടിയുടെ സീറ്റുകൾ 20 ൽ ഒരെണ്ണമാക്കി മാറ്റുന്നത് എന്നത് ഉപദേശകർ മനസ്സിലാക്കിയാൽ നന്നായിരുന്നു .

ഈ കൊറോണക്കാലത്ത് ലോകത്ത് മുഴുവൻ സർക്കാരുകൾ പകച്ച് നിന്നപ്പോൾ ദുബായിലെയും അബുദാബിയിലെയും ഖത്തറിലെയും സൗദിയയിലെയും കെഎംസിസി എന്ന സംഘടനയിലെ പ്രവർത്തകർ മുന്നിട്ടിറങ്ങിയതും അവരെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രശംസിച്ചതും ഓരോ പ്രവാസിയും അനുഭവിച്ചറിഞ്ഞു.

നാട്ടിലെ പ്രമുഖരായ മന്ത്രിമാരോട് പോലും സഹായം ചോദിച്ചവരോട് കെഎംസിസി യെ സമീപിക്കുവാൻ നിർദ്ദേശിച്ചപ്പോൾ ഇവിടെ മറ്റുള്ള സംഘടനകൾക്കെന്തുപറ്റി ? സർക്കാരിന്റെ സ്വന്തമായ നോർക്ക റൂട്സ് നോക്കുകുത്തികളായപ്പോൾ ലോകകേരളസഭയും സർക്കാർ അനുകൂല സംഘടനകളും ഒക്കെ സെൽഫിയും ടിക് ടോക്കും ഒക്കെയായി സമയം കളയുകയായിരുന്നു .

ഗൾഫിലെ പ്രവാസി മാത്രമല്ല , നാട്ടിലെ പ്രവാസികളും ദുരിതക്കയങ്ങളിൽ അമര്‍ന്നപ്പോള്‍ അവർക്കായി തീവണ്ടി സൗകര്യം ഏർപ്പെടുത്താമെന്ന് മറ്റുള്ള സംഘടനകൾ സമ്മതിച്ചപ്പോൾ ഉത്തർപ്രദേശിലെ യോഗിയെപ്പോലെ അതെല്ലാം തട്ടിതെറിപ്പിക്കുകയായിരുന്നു. എല്ലാറ്റിലും രാഷ്ട്രീയം കലർത്തിയുള്ള ഈ കളികൾക്ക് തെളിവായിരുന്നു മധ്യകേരളത്തിലെ ഒരു ജില്ലാകമ്മറ്റി ഇറക്കിയ പാർട്ടി കത്ത് .

എല്ലാ സഹായങ്ങളും പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാകണം എന്ന് സഖാക്കൾക്കുള്ള മുന്നറിയിപ്പ് . അതിന്റെ ഭാഗമെന്നോണം സഹായിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന അവസ്ഥ വരെ കൊയിലാണ്ടിയിൽ നാം കണ്ടു .

ഇവിടെ എല്ലാം രാഷ്ട്രീയമാണ് , ഇവിടെ എല്ലാം പാർട്ടിയാണ് . പാർട്ടി ചാനലിനുവേണ്ടി പരസ്യങ്ങൾ ആവശ്യപ്പെട്ട് പ്രവാസികളെ സമീപിക്കുവരോട് ഇക്കാര്യങ്ങൾ തുറന്ന് ചോദിക്കുവാൻ ആരും മടിക്കരുത്. ഇതിന്റെ പേരിൽ ആരെയും വിഴുങ്ങിക്കളയാമെന്നും കരുതേണ്ട . പ്രവാസി ഇല്ലാതെ എന്തോന്ന് കേരളം . ഈ ഗതികെട്ട പ്രവാസികളാണ് കേരളത്തെ ഈ നിലയിൽ എത്തിച്ചത് .


അല്ലെങ്കിൽ കുറെ നക്സലൈറ്റുകളും കുറെ മാവോയിസ്റ്റുകളും കുറെ പാർട്ടി ഗ്രാമങ്ങളുമായി നമ്മളെല്ലാം ബംഗാളികളെപ്പോലെ അയൽസംസ്ഥാനങ്ങളിൽ കോഴിക്കാട്ടവും ചാണകവുമൊക്കെ വാരി കഴിയേണ്ടി വരുമായിരുന്നു . കേരളത്തിലെ പത്തിൽ നാല് വീടുകളിലും ഒരു പ്രവാസിയും മറ്റുള്ളവർ അതുമായി ബന്ധപ്പെട്ടുള്ള ഗുണങ്ങളും കിട്ടുന്നവരാണ് 


ഇക്കാണുന്ന കെട്ടിടങ്ങളും ഇക്കാണുന്ന സിനിമ തിയറ്ററുകളും ഇക്കാണുന്ന വാഹനങ്ങളും ഇക്കാണുന്ന ബാറുകളും ഇക്കാണുന്ന സൗകര്യങ്ങളുമൊക്കെ ഓരോ  പ്രവാസികളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്  . പ്രവാസികൾ അധികം ഇല്ലാത്ത നമ്മുടെ മുൻ മുഖ്യമന്ത്രിയുടെ തട്ടകമായ മലമ്പുഴയുടെ അവസ്ഥ അറിയുമോ?

നേരെ ചൊവ്വേ ഒരു മൂത്രപ്പുരവരെ ഇല്ലാത്ത വീടുകളാണവിടെ . ഒരു നല്ല ബസ്സോ കാറോ ഹോട്ടലോ കടകളോ ഇല്ലാതെ ഇപ്പോഴും നൂറ്റാണ്ടുകൾ പിറകിലായി താമസിക്കുന്നവരാണ് മലമ്പുഴക്കാർ . ആ മലമ്പുഴയും കേരളത്തിലാണെന്നോർക്കുക !

മലപ്പുറത്തെ വിദ്യാർത്ഥികൾ കോപ്പിയടിച്ചല്ല ഐഎഎസും , ഡോക്ടറും എഞ്ചിനീയറുമൊക്കെ ആകുന്നത് .


അവരുടെ കാരണവന്മാർ 52 ഡിഗ്രി ചൂടിൽ ഷവർമയുടെ ചൂടും ഏറ്റ് കൊല്ലങ്ങളോളം നാട്ടിൽ കുടുംബങ്ങളെ കാണാതെ ഒറ്റമുറിയിൽ എട്ടും പത്തും ആളുകളുമായി ജീവിച്ചു ഉണ്ടാക്കിയ കരുതലുകളിൽ നിന്നാണ് ഇക്കാണുന്ന കോളേജുകളും സ്‌കൂളുകളും അതിൽ പഠിക്കുന്ന വിദ്യാർത്ഥികളും ഉണ്ടായത് .


ഇന്നിപ്പോൾ അതേ പ്രവാസികൾ ദുബായിലെ നൈഫിലും സോനാപൂരിലും അബുദാബിയിലെ മുസഫയിലും ദോഹയിലും ഒക്കെ ഒറ്റമുറിയിൽ എട്ടും പത്തും ആളുകളുമായി വെളിയിൽ ഇറങ്ങുവാനാകാതെ മര്യാദക്ക് ഭക്ഷണം കഴിക്കുവാനാകാതെ ലോക്ഡൗണിൽ കഴിയേണ്ടി വന്നപ്പോൾ ജനിച്ച നാടും വീട്ടുകാരെയും നാട്ടുകാരെയും കാണുവാൻ കൊതിയായപ്പോൾ അപേക്ഷിച്ചതാണ് .

അവർക്ക് ഇനി സമ്പത്തും കരുതലും അല്ല വേണ്ടത് . നല്ല ഓക്സിജൻ ശ്വസിക്കുവാൻ അവർ നാടുപിടിക്കുവാൻ ഒരുങ്ങുമ്പോൾ അവർക്ക് വിമാനവുമില്ല , അവിടെ വന്നാൽ സൗകര്യങ്ങളുമില്ല. അതുപോലെ വിമാനത്തിനും കൂലി താമസത്തിനും ഭക്ഷണത്തിനും കൂലി .

മുഖ്യമന്ത്രിക്കിതെന്തുപറ്റി ? സർക്കാരിൽ പണമില്ലാഞ്ഞിട്ടാണോ ? ഉപദേശകർ വഴിതെറ്റിച്ചതാണോ ? എന്ത് പറ്റി നമ്മുടെ മുഖ്യന് ?

ഒരു കൊറോണയിലൊന്നും തകരുന്നതല്ല ഗൾഫും പ്രവാസികളുടെ മനക്കരുത്തും എന്നുള്ളത് ഓർമ്മിപ്പിച്ചുകൊണ്ട് ,

നോർക്കയിലും എംബസിയിലും രജിസ്റ്റർ ചെയ്ത് ടിക്കറ്റിനായി കാത്തിരിക്കുന്ന ദാസനും കോവിഡ് കാരെക്കൊണ്ട് നിറഞ്ഞ ഒറ്റമുറിയിൽ മുഖ്യമന്ത്രീയുടെ വാർത്താസമ്മേളനം കണ്ടുകൊണ്ട് സഖാവ് വിജയനും

×