കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെതിരെ വാശിയേറിയ മത്സരം കാഴ്ചവെച്ചതിലൂടെ ശ്രദ്ധേയനായ പാച്ചേനി 2016 മുതൽ 2021 വരെ ഡിസിസി അധ്യക്ഷനുമായിരുന്നു.
2001 ല്‍ നിയമസഭയിലേക്ക് മലമ്പുഴയിൽ മത്സരിക്കുന്ന വി എസിനെ നേരിടാൻ കോൺഗ്രസ് കണ്ടുവച്ചത് സതീശന്‍ പാച്ചേനിയെയായിരുന്നു. ഇരുപത്തി അയ്യായിരത്തിലേറെ വോട്ടിന് ഇടത് സ്ഥാനാർത്ഥികൾ പുഷ്പം പോലെ ജയിച്ചിരുന്ന മലമ്പുഴയിൽ വിഎസിന്‍റെ ഭൂരിപക്ഷം വെറും 4703 ആയി.
2006 ലും കൊമ്പുകോർത്തെങ്കിലും വി എസ് പാച്ചേനിയെ നിലംപരിശാക്കി. 2009 ൽ പാലക്കാട് നിന്ന് ലോക്സഭയിലേക്ക് ഒരു കൈനോക്കിയെങ്കിലും ക്ലച്ച് പിടിക്കാതെ പാച്ചേനി കണ്ണൂർക്ക് മടക്ക ടിക്കറ്റെടുത്തു.
പാച്ചേനിയെന്ന കമ്യൂണിസ്റ്റ് മണ്ണിൽ 1968 ജനുവരി അഞ്ചിനായിരുന്നു സതീശന്‍റെ ജനനം. മാതാപിതാക്കളും കുടുംബക്കാരുമെല്ലാ സിപിഎമ്മുകാരായിരുന്നു. അടിന്തരാവസ്ഥയ്ക്ക് എതിരെ, സാക്ഷാൽ ഇന്ദിരയ്ക്ക് എതിരെ പ്രസംഗിച്ച ആന്‍റണിയുടെ ആദർശം കണ്ടിട്ടാണ് സതീശൻ ത്രിവർണകൊടി പിടിച്ചുതുടങ്ങിയത്.