പരീക്ഷ മറന്ന് ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനം: ഇസ്മാഈല്‍ പറുദീസയിലേക്ക് യാത്രയായത് അജ്മലിന്റെ മടിത്തട്ടില്‍ കിടന്ന് …

സാലിം ജീറോഡ്
Thursday, February 14, 2019

കോഴിക്കാട്:  ഇക്കണോമിക്‌സ് പരീക്ഷയെഴുതാന്‍ രാവിലെ യൂനിഫോം ധരിച്ച് പുറപ്പെട്ട വിദ്യാര്‍ഥി അജ്മലിന് ആ പേപ്പറില്‍ വിജയം ഉറപ്പില്ലെങ്കിലും വഴിമധ്യേയുണ്ടായ കടുത്ത ജീവിതപരീക്ഷയില്‍ വിജയിക്കാനായതിലുള്ള ആത്മസംതൃപ്തിയിലാണ്.

കഴിഞ്ഞ ദിവസം എന്‍.ഐ.ടിയില്‍ വാഹനാപകടം നടന്ന സമയം സംഭവസ്ഥലത്ത് എല്ലാവരും സ്തംഭിച്ചുനിന്നപ്പോള്‍ സധീരം രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയാണ് മുരിങ്ങാംപുറായ് സ്വദേശി അജ്മല്‍ മാതൃകയായത്. മുക്കത്തുനിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സ് എതിരെവന്ന ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. ആ ബസ്സിലെ യാത്രക്കാരനായിരുന്നു അവന്‍.

രണ്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തില്‍ ചേന്ദമംഗല്ലൂര്‍ സ്വദേശി വി.കെ ഇസ്മാഈല്‍ അന്ത്യശ്വാസം വലിച്ചത് അജ്മലിന്റെ മടിത്തട്ടില്‍ കിടന്നാണ്. ചേന്ദമംഗല്ലൂര്‍ കെ.സി ഫൗണ്ടേഷന്‍ ഖുര്‍ആന്‍ സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലായിരുന്ന താജുദ്ദീനെയാണ് അജ്മല്‍ ആദ്യം വാഹനത്തിലേക്ക് കയറ്റിയത്.

പിന്നീട് , ജനസേവന ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന വി.കെ ഇസ്മാഈലിനെയും കോരിയെടുത്ത് കാറില്‍ കയറ്റി. പക്ഷേ, കൂടെ പോവാന്‍ ആരും തയ്യാറായില്ല. മറ്റൊന്നും ആലോചിക്കാതെ അജ്മല്‍ കൂടെ കയറി. മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. രക്തത്തില്‍ കുളിച്ച ഇസ്മാഈലിന് വാഹനത്തില്‍ വെച്ച് ഹൃദയമിടിപ്പുണ്ടായിരുന്നെങ്കിലും വഴിമധ്യേ ജീവന്‍ അകന്നത് കണ്‍മുന്നില്‍ കണ്ടത് അജ്മല്‍ വിറയലോടെ ഓര്‍ക്കുന്നു.

തനിക്കറിയാവുന്ന പ്രാര്‍ഥനാവചനങ്ങളൊക്കെ ചൊല്ലിയാണ് ഇസ്മാഈലിനെ പറുദീസയിലേക്ക് അന്ത്യയാത്രയാക്കിയതെന്ന് സമാധാനിക്കുകയാണ് അജ്മല്‍. സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ഇസ്മാഈല്‍ ന്യൂ ജനറേഷനിലെ അജ്മലിന്റെ പുണ്യപ്രവൃത്തി കണ്ട് ആത്മസംതൃപ്തിയോടെയായിരിക്കണം യാത്ര പറഞ്ഞിട്ടുണ്ടാവുക.

മെഡിക്കല്‍ കോളേജിലെത്തി ബന്ധുക്കളെ ഏല്‍പിച്ച ശേഷമാണ് അജ്മല്‍ പരീക്ഷാഹാളിലേക്ക് പോയത്. രക്തംപുരണ്ട യൂനിഫോം മാറ്റി അല്‍പം വൈകിയാണെങ്കിലും പരീക്ഷക്കെത്തി. പക്ഷേ, നിണമണിഞ്ഞ ഹാള്‍ടിക്കറ്റും പാസ്ബുക്കും മുന്നില്‍ കാണുമ്പോഴേക്കും കൈ കുഴഞ്ഞിട്ട് പരീക്ഷയെഴുതാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് അവന്‍ പറയുന്നു.

തന്റെ പരീക്ഷ പോലും വകവെക്കാതെ സഹജീവികളുടെ പ്രാണന്‍ രക്ഷിക്കാനിറങ്ങിയ അജ്മലിനെ അവന്റെ കോളേജിലും ജന്മനാട്ടിലും സ്വീകരണം നല്‍കി ആദരിച്ചു. മര്‍കസില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ പ്രഫ. എ.കെ അബ്ദുല്‍ ഹമീദ് ഷാളണിയിച്ച് അനുമോദിച്ചു.

ജന്മനാടായ മുരിങ്ങംപുറായില്‍ നടന്ന സ്വീകരണത്തില്‍ പ്രഭാഷകന്‍ ശാഫി സഖാഫി മുണ്ടമ്പ്ര ഉപഹാരം നല്‍കി. ആനയാംകുന്നില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി. മൂജീബുര്‍റഹ്മാന്‍ ഉപഹാരം നല്‍കി. ഡോ. അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സുശീര്‍ ഹസന്‍, എം.സി സുബ്ഹാന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

ഒറുവിങ്ങല്‍ അബ്ദുല്ല മുസ്‌ലിയാരുടെയും ആയിശയുടെയും മകനായ അജ്മല്‍ കാരന്തൂര്‍ മര്‍കസ് ആർട്‌സ് കോളേജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയും എന്‍.എസ്.എസ് വളണ്ടിയറുമാണ്.

×