Advertisment

ഭക്ഷ്യക്ഷാമത്തെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ല - പൊതുവിതരണ വകുപ്പ്‌ നിര്‍ദ്ദേശങ്ങള്‍

author-image
സാബു മാത്യു
New Update

ഇടുക്കി:  കോവിഡ്‌-19- സംസ്ഥാനത്ത്‌ കൊറോണ വൈറസ്‌ വ്യാപകമായി പടരുന്നതുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുവിതരണ വകുപ്പ്‌ പൊതുജനങ്ങള്‍ക്കായി നല്‍കുന്നു.

Advertisment

1. ഈ മാസത്തെ റേഷന്‍ 2020 മാര്‍ച്ച്‌ 31-ാം തീയതി വരെ എല്ലാ റേഷന്‍ കടകളില്‍ നിന്നും മേടിക്കാവുന്നതാണ്‌. ആയതിനാല്‍ റേഷന്‍ കടകളില്‍ തിരക്ക്‌ കൂട്ടിമേടിക്കേണ്ട ആവശ്യമില്ല.

10 വയസ്സില്‍ താഴെയും 65 വയസിന്‌ മുകളിലും പ്രായമുള്ള കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങള്‍ റേഷന്‍ വാങ്ങുന്നതിന്‌ പോകാതിരിക്കുന്നതാണ്‌ ഉചിതം.

2. താലൂക്കില്‍ ഈ മാസത്തെ റേഷന്‍ വിഹിതം എല്ലാ റേഷന്‍ കടകളിലും എത്തിച്ചിട്ടുണ്ട്‌. അടുത്ത മാസത്തെ അഡ്വാന്‍സ്‌ വിഹിതം ഇപ്പോള്‍ റേഷന്‍ കടകളില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്‌ അടുത്ത മാസം 1 മുതല്‍ ലഭിക്കുന്നതാണ്‌.

2020 ജൂണ്‍മാസം വരെയുള്ള വിതരണത്തിനാവശ്യമായ സ്റ്റോക്ക്‌ ഇപ്പോള്‍ എഫ്‌.സി.ഐല്‍ ഉണ്ട്‌. അതുകൊണ്ട്‌ ഭക്ഷ്യക്ഷാമത്തെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ല.

3. സപ്ലൈകോ മാവേലിസ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ്‌, ഡിപ്പോ എന്നിവിടങ്ങളിലും ആവശ്യത്തിന്‌ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്ക്‌ ഉണ്ട്‌. ആയതിനാല്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി സൂക്ഷിക്കേണ്ടതില്ല.

മാവേലിസ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ പരമാവധി തിരക്കൊഴിവാക്കി 1 മീറ്റര്‍ അകലം പാലിച്ച്‌ ക്യൂ നില്‍ക്കേണ്ടതാണ്‌. ഒരു ക്യൂവില്‍ 5 പേരില്‍ കൂടുവാന്‍ പാടുള്ളതല്ല.

4. എല്ലാ പലചരക്ക്‌, പഴം /പച്ചക്കറി മൊത്ത/ചില്ലറ വ്യാപാരികള്‍ വിലകൂട്ടി വില്‍ക്കുന്നത്‌ പരിശോധനകളില്‍ കണ്ടെത്തിയാല്‍ അവശ്യസേവന നിയമത്തിനനുസരിച്ച്‌ കേസ്‌ എടുക്കുന്നതായിരിക്കും.

ചില ചില്ലറ വ്യാപാരികള്‍ അരി/ പലചരക്ക്‌ മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ആവശ്യത്തിലധികം ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇത്‌ തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്‌.

5. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ 1 ലിറ്റര്‍ കുപ്പിവെള്ളത്തിന്‌ 13 രൂപയില്‍ കൂടുതല്‍ വാങ്ങുവാന്‍ പാടുള്ളതല്ല.

കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളില്‍ 13 രൂപയ്‌ക്ക്‌ മേല്‍ വാങ്ങിയ വ്യാപാരികള്‍ക്ക്‌ ആയത്‌ തുടരരുത്‌ എന്ന്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്‌. ലംഘിക്കുന്നവര്‍ക്കെതിരെ അവശ്യസാധന നിയമം അനുസരിച്ച്‌ കേസ്സ്‌ എടുക്കുന്നതാണ്‌.

കോവിഡ്‌-19 മൂലം രാജ്യവും സംസ്ഥാനവും നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിന്‌ എല്ലാ ജനങ്ങളും സര്‍ക്കാര്‍ ഓരോ ദിവസവും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്‌ താലൂക്ക്‌ സപ്ലൈ ആഫീസര്‍ മാര്‍ട്ടിന്‍ മാനുവല്‍ അഭ്യര്‍ത്ഥിച്ചു.

Advertisment