Advertisment

വോളിബോൾ രംഗത്തെ നിറസാന്നിധ്യം കെ ജി ഗോപാലകൃഷ്ണന്‍ നായര്‍ ഓർമ്മയാകുമ്പോൾ ...

author-image
സാബു മാത്യു
Updated On
New Update

മൂലമറ്റം:   കളിച്ചു നടന്നപ്പോള്‍ ഒപ്പം കളിക്കാന്‍ വോളിബോള്‍ രംഗത്തെ അതികായരായ പപ്പന്‍ എന്ന റ്റി.ഡി.ജോസഫ്, കുട്ടപ്പന്‍, മുകുന്ദന്‍, സ്വാമിദാസ്, വഹീദ്, പ്രസന്നകുമാര്‍, ശിവന്‍പിള്ള, അബ്ദുള്‍ റഹ്മാന്‍, സണ്ണി എന്നിവര്‍.

Advertisment

വോളിബോള്‍ ഭരണരംഗത്തെ കാരണവരായപ്പോള്‍ ശിഷ്യന്‍മാരായി ജിമ്മി ജോര്‍ജും ഉദയകുമാറും മുതല്‍ ഷിയാസ് മുഹമ്മദ് വരെ. കെ.ജി. ഗോപാലകൃഷ്ണന് അഭിമാനിക്കാന്‍ ഇതിലുമേറെയെന്തു വേണം.

publive-image

1958-59 കാലഘട്ടത്തിലെ സംസ്ഥാന വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന വോളിബോള്‍ അസോ.സെക്രട്ടറിയുമായി രുന്നു .കേരളത്തിന്റെ വോളിബോള്‍ ചരിത്രമാണ് ഇദ്ദേഹത്തിലൂടെ ചുരുളഴിയുന്നത്.

കാഞ്ഞാര്‍ കുന്നത്താനിക്കല്‍ പരേതരായ ഗോവിന്ദന്‍ നായരുടേയും കാര്‍ത്ത്യായനിയമ്മയുടെയും മൂന്നാമത്തെ മകനായി 1936 സപ്തംബര്‍ അഞ്ചിനാണ് ജനനം. അറക്കുളം ശ്രീ ചിത്തിരവിലാസം ഗവ.എല്‍.പി.എസ്., അറക്കുളം സെന്റ് തോമസ് യു.പി.എസ്, കുടയത്തൂര്‍, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.

ആലുവാ യു.സി,തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, പാലാ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി പഠനം. ഇക്കാലയളവില്‍ 1956ലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പ് നേടിയ ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി ടീമിലംഗമായിരുന്നു.

1958-59ല്‍ ടീമിനെ നയിക്കാന്‍ നിയോഗിച്ചത് കെ.ജി.യെയായിരുന്നു. കളിയുടെ കാലഘട്ടം കഴിഞ്ഞതിനു ശേഷവും വോളീബോള്‍ ഉപേക്ഷിക്കാന്‍ കെ.ജി. തയ്യാറായില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ നിന്നും വോളിബോള്‍ പരിശീലകര്‍ക്കായുള്ള ഒരു വര്‍ഷത്തെ കോഴ്‌സ് പാസ്സായി.പിന്നീട് ബി.പിഎഡും പാസ്സായി. ഔദ്യോഗിക ജീവിതത്തില്‍ അദ്ധ്യാപകനായിരുന്നു.

1973 ല്‍ ഇടുക്കി ജില്ലയില്‍ വോളിബോള്‍ അസോസിയേഷന്‍ രൂപീകൃതമായപ്പോള്‍ ആദ്യ സെക്രട്ടറിയായി. 1970 കളിലാണ് ഇന്ത്യകണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ സാക്ഷാല്‍ ജിമ്മി ജോര്‍ജിന്റെ ഉദയം.

ഇതിനിടെ 1980 കളുടെ തുടക്കത്തില്‍ കെ.ജി. കേരള സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഒന്‍പത് വര്‍ഷക്കാലത്തോളം കെ. ജിയായിരുന്നു സംസ്ഥാന വോളീബോള്‍ അസോസിയേഷനെ നയിച്ചത്.

ഇക്കാലയളവിലാണ് ജിമ്മി ജോര്‍ജ്, ഉദയകുമാര്‍, അബ്ദുള്‍ റസാക്ക്, സിറിയക് ഈപ്പന്‍, ഡാനിക്കുട്ടി, എം.എം.രാജു, റ്റി.ജെ.ബേബി, എം.ഉല്ലാസ് തുടങ്ങിയ പ്രമുഖര്‍ കേരള ടീമിനായി നേട്ടങ്ങള്‍ കൊയ്തത്. മൂലമറ്റം ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 1992ല്‍ പ്രിന്‍സിപ്പലായാണ് റിട്ടയര്‍ ചെയ്തത്.

Advertisment