പിങ്ക് ലാഡർ: വീടുനിർമ്മാണരംഗത്തെ വനിതകൾ മാത്രമുള്ള ആദ്യ കൺസ്ട്രക്ഷൻ കമ്പനി

പ്രകാശ് നായര്‍ മേലില
Tuesday, May 14, 2019

കെട്ടിടത്തിന്റെ ഡിസൈൻ , ഫൌണ്ടേഷൻ മുതൽ പെയിന്റിംഗ് വരെ എല്ലാ പണികളിലും സ്ത്രീകൾ മാത്രം ചെയ്യുന്ന ആദ്യത്തെ കെട്ടിട നിർമ്മാണക്കമ്പനി കോഴിക്കോട്ടാണ്. 30 വനിതകളുടെ കുടുംബശ്രീ കൂട്ടായ്‌മയാണ്‌ കോഴിക്കോട്ടെ Pink Ladder Construction Company. 2018 ൽ തുടങ്ങിയ ഈ കമ്പനി ഇപ്പോൾ രണ്ടു വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിക്കഴിഞ്ഞു. മൂന്നു വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

നിർമ്മാണയൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും ഒരു കൺസ്റ്റക്ഷൻ കമ്പനിയിൽ ആർക്കിടെക്ച്ചർ, ഫ്ളോറിങ്, ബ്രിക്ക് വർക്ക്‌ , പെയിന്റിംഗ് എന്നിവയിൽ 6 മാസം ട്രെയിനിങ് നൽകുകയുണ്ടായി.

രണ്ടുവീടുകൾ സമയബന്ധിതമായി ചിട്ടയോടെ പൂർത്തീകരിക്കാനായതിനാൽ കൂടുതൽ നിർമ്മാണ ഓഫറുകൾ അവരെത്തേടിയെത്തുകയാണ്. സര്‍ക്കാറിന്റെ വിവിധ ഭവന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആശ്രയമില്ലാത്തവരും നിസ്സഹായരുമായ കുടുംബങ്ങളുടെ വീട് ചുരുങ്ങിയ ചെലവില്‍ നിര്‍മ്മിക്കുന്നതിനാ വശ്യമായ നിര്‍മ്മാണ രീതി അനുവര്‍ത്തിക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മലബാറില്‍ അര്‍ബര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്. കൊല്ലം, തിരുവല്ല, എറണാകുളം എന്നിവിടങ്ങളിലും ഇപ്പോൾ കുടുംബശ്രീയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ സജീവമാണ്.

ജില്ലാ കുടംബശ്രീ മിഷനുകളും ഏക്‌സാത്തും എല്ലാ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്. സർക്കാർ അംഗീകൃത ഏജൻസി പദവി ആദ്യവീടുകളുടെ കൈമാറ്റത്തോടെ പിങ്ക് ലാഡറിന് ലഭിക്കുമെന്ന് കൺവീനർ നീതു രാജൻ പറയുന്നു. സാധാരണക്കാർക്കായി വളരെ ചെലവുകുറഞ്ഞ വീടുകളാണ് പിങ്ക് ലീഡർ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിച്ചുനൽകുന്നത്.

ഈ രംഗത്തേക്ക് വരാൻ താല്പര്യമുള്ള 15 പേരടങ്ങുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് വേണ്ട സാമ്പത്തിക സഹായം ജില്ലാ കുടുംബശ്രീ മിഷനും സാങ്കേതിക പരിശീലനസഹായം ഏക് സാത്തും നൽകുന്നതാണ്.

×