Advertisment

കൃതി ഭക്ഷ്യമേളയില്‍ ബഷീറും തകഴിയും ഓര്‍ഹാന്‍ പാമുകും

author-image
റാംമോഹന്‍ പാലിയത്ത്
Updated On
New Update

കൊച്ചി:  2018-ലെ കൃതി ആദ്യ പതിപ്പില്‍ പുസ്തകങ്ങള്‍ക്കും എഴുത്തുകാര്‍ക്കുമൊപ്പം വന്‍ജനപ്രീതി നേടിയ ഭക്ഷ്യമേള ഇക്കുറി സാഹിത്യത്തോട് കൂടുതല്‍ അടുത്തിരിക്കുന്നു. മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട സാഹിത്യകാരന്മാര്‍ എഴുത്തിലൂടെ പ്രശസ്തമാക്കിയ രുചികളും വിഭവങ്ങളും പത്ത് വ്യത്യസ്ത തീമുകളായാണ് ഇത്തവണ ആസ്വാദകരെ കാത്തിരിക്കുന്നത്.

Advertisment

publive-image

സുല്‍ത്താന്റെ ചായക്കട, തകഴിയുടെ കടാപ്പുറം, ബിരിയാണി ഹട്ട്, വികെഎന്‍ ബ്രേക്ഫാസ്റ്റ് സ്റ്റാള്‍, പുട്ടിന്റെ കട, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, നാടന്‍ തട്ടുരുചികള്‍, തുര്‍ക്കിപ്പോരാളി പുത്തന്‍ ചായകള്‍, കാപ്പികള്‍ എന്നിങ്ങനെയാണ് ഈ തീമുകളെന്ന് ഭക്ഷ്യമേള ക്യൂറേറ്റ് ചെയ്യുന്ന കൊതിയന്‍ ഫുഡി ഗ്രൂപ്പ് വക്താവ് പറഞ്ഞു. അതെ, ഭക്ഷ്യമേളയും ഒരു കലാപ്രദര്‍ശനം പോലെ ക്യൂറേറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ.

ബഷീര്‍ പ്രശസ്തമാക്കിയ സുലൈമാനിയും പരിപ്പുവടയും ബജ്ജിയും പഴംപൊരിയുമെല്ലാമാണ് സുല്‍ത്താന്റെ ചായക്കടയിലെ വിളമ്പുന്നതെങ്കില്‍ തകഴിയുടെ കടാപ്പുറത്ത് ആര്‍ക്കും ഊഹിക്കാവുന്നതുപോലെ ചെമ്മീനും മീനുമാണ് പലതരം വിഭവങ്ങളായി എത്തുന്നത്. ചെമ്മീന്‍ പുട്ട്, ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ ഉലര്‍ത്ത്, വരാല്‍ മുളകിട്ടു വറ്റിച്ചത്... തകഴി തീം മാസ്റ്റര്‍പീസുകള്‍ ഇങ്ങനെ നീളുന്നു.

ഹൈദ്രാബാദ്, തലശ്ശേരി, ആംബൂര്‍ എന്നിങ്ങനെയുള്ള വിവിധ തരം സവിശേഷ ബിരിയാണികളാണ് ബിരിയാണി ഹട്ടിലെ വിഭവങ്ങള്‍. വികെഎന് പ്രിയങ്കരമായിരുന്ന ശുഭ്ര മൃദുലമായ ഇഡലിയും കുത്താമ്പുള്ളി ദോശയും കുഞ്ഞിലയുടെ വെള്ളേപ്പവുമാണ് വികെഎന്‍ ബ്രേക്ഫാസ്റ്റ് സ്റ്റാളിലുള്ളത്.

പഴം നിറച്ചത്, ഉന്നക്കായ, പൊറോട്ടയും മീന്‍കറിയും തുടങ്ങിയ തനിമലബാര്‍ വിഭവങ്ങളാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. മലയാളികളുടെ പ്രിയഎഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ ഓര്‍ഹാന്‍ പാമുകിന്റെ കൃതികളിലെ ബോസ്ഫറസിന്റെ തീരങ്ങളില്‍ സുഗന്ധം പരത്തിയിരുന്ന വിവിധ തരം കെബാബുകളും ഗ്രില്‍ഡ് മാംസവിഭവങ്ങളുമായാണ് കൃതി ഭക്ഷ്യമേളയിലെ തുര്‍ക്കിപ്പോരാളിയുടെ ആയുധങ്ങള്‍.

വറുത്തരച്ച നാടന്‍ കോഴിക്കറി, പോത്ത് ചാപ്‌സ് തുടങ്ങിയവയുടെ നാടന്‍ തട്ടുരുചികള്‍, ബ്ലൂ ടീ, സാഫ്രോണ്‍ ടീ, ഹൈബിസ്‌കസ് ടീ, വനില ടീ എന്നിങ്ങനെയുള്ള ന്യൂ ജെന്‍ ചായകളുടെ പുത്തന്‍ ചായകള്‍, മഡി കോള്‍ഡ്, ഹോട്ട് ചോക്കലേറ്റ് എന്നീ കാപ്പി വൈവിധ്യങ്ങള്‍ എന്നിവയ്ക്കു പുറമെ പഞ്ഞി മിഠായി, തേന്‍നിലാവ് തുടങ്ങിയ പഴയ മധുരങ്ങളും കൃതി ഭക്ഷ്യമേളയിലുണ്ട്.

Advertisment