മഴക്കാല വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാന്‍ എടുക്കാം ഈ മുന്‍കരുതലുകള്‍

author-image
സാബു മാത്യു
Updated On
New Update

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ശക്തമായ കാറ്റും മഴയും മിന്നലോടു കൂടിയ ഇടിയുണ്ടാകുന്നു. വൈദ്യുത ഉപകരണങ്ങള്‍ തകരാറിലാവുകയും മരങ്ങള്‍ കടപുഴകി വീണ്‌ വൈദ്യുതി ലൈനും പോസ്റ്റുകളും തകരുകയും ചെയ്യുന്നു. ആയതിനാല്‍ മഴക്കാല വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കേണ്ടതാണ്‌.

Advertisment

publive-image

വൈദ്യുതി ലൈന്‍/സര്‍വ്വീസ്‌ വയര്‍ പൊട്ടി വീണ്‌ കിടക്കുന്നതു കണ്ടാല്‍ യാതൊരു കാരണവശാലും സ്‌പര്‍ശിക്കരുത്‌. ബന്ധപ്പെട്ട കെ.എസ്‌.ഇ.ബി ഓഫീസില്‍ അറിയിച്ച്‌ പ്രസ്‌തുത ലൈന്‍/സര്‍വ്വീസ്‌ വയര്‍ ഓഫ്‌ ചെയ്‌തു എന്ന്‌ ഉറപ്പു വരുത്താതെ അതിനടുത്തേയ്‌ക്ക്‌ പോവുകയോ സ്‌പര്‍ശിക്കുകയോ ചെയ്യരുത്‌ കൂടാതെ ജനറേറ്റര്‍, ഇന്‍വേര്‍ട്ടര്‍ വഴിയുള്ള വൈദ്യതി കടന്നുവരാം.

ഇടിമിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കണം. സുരക്ഷിതമായ സ്ഥാനത്തേയ്‌ക്ക്‌ മാറി നില്‍ക്കണം.
ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉള്ളപ്പോള്‍ റ്റി.വി., കമ്പ്യൂട്ടര്‍, മിക്‌സി, ഫ്രിഡ്‌ജ്‌, വാഷിംഗ്‌ മെഷീന്‍, ഇന്‍ഡക്ഷന്‍ ഹീറ്റര്‍, തേപ്പുപെട്ടി തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കരുത്‌. പ്ലഗ്ഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അതില്‍ നിന്നും ഊരിയിടുക.

വൈദ്യുതി പോസ്റ്റുകളിലും സ്റ്റേകളിലും കന്നുകാലികളെയോ അയയോ കെട്ടരുത്‌.
വൈദ്യുതി ലൈനുകള്‍ക്ക്‌ സമീപം ലോഹവസ്‌തുക്കള്‍ ഉപയോഗിച്ചുള്ള തോട്ടികള്‍/ഏണികള്‍ എന്നിവ ഉപയോഗിക്കരുത്‌.

കാലവര്‍ഷക്കെടുതി മൂലം വൃക്ഷങ്ങളോ ശിഖരങ്ങളോ വീണ്‌ കമ്പികള്‍ താഴ്‌ന്നു കിടക്കുവാനും പോസ്റ്റുകള്‍ ഒടിയുവാനും സാധ്യതയുണ്ട്‌. ഇത്തരത്തിലുള്ള അപകടങ്ങള്‍ മറ്റ്‌ വൈദ്യുത അപകടങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ തൊട്ടടുത്ത കെ.എസ്‌.ഇ.ബി ഓഫീസില്‍ അറിയിക്കുകയോ സമരക്ഷ എമര്‍ജന്‍സി നമ്പര്‍ ആയ 9496061061 വിളിച്ച്‌ അറിയിക്കുകയോ ചെയ്യുക.

കാലവര്‍ഷത്തിന്‌ മുന്നോടിയായി ലൈനിലേയ്‌ക്ക്‌ ചാഞ്ഞുനില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിനും വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടും വൈദ്യുതി ബോര്‍ഡ്‌ ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

Advertisment