Advertisment

കൃതിയുടെ 2018ലേയും 2019ലേയും കാക്കകള്‍ - വ്യത്യാസം കണ്ടുപിടിക്കാമോ?

author-image
റാംമോഹന്‍ പാലിയത്ത്
Updated On
New Update

കൊച്ചി:  ഒരു സ്ഥാപനത്തിന്റെയോ ബ്രാന്‍ഡിന്റേയോ ലോഗോയും ഐഡന്റിറ്റിയും ആ സ്ഥാപനത്തേക്കാള്‍ ശ്രദ്ധ നേടുന്നത് അപൂര്‍വമാണ്. കറുപ്പിലോ വെളുപ്പിലോ മാത്രമുള്ള ഐഡന്റിറ്റികളും അപൂര്‍വമാണ്. ആപ്പ്‌ളിന്റെ ലോഗോ ഇതിനു രണ്ടിനും ഉദാഹരണമാണ്.

Advertisment

കറുപ്പിലോ വെളുപ്പിലോ മാത്രം കാണുന്ന, ഒരു കഷണം കടിച്ച ആപ്പ്ള്‍. അതിന്റെ താഴെ ആപ്പ്ള്‍ എന്ന് എഴുതിയിട്ടില്ലെങ്കിലും അത് ആളുകള്‍ തിരിച്ചറിയുന്നു. അത് അതിന്റെ ലളിതഭംഗിയാല്‍ ആ ബ്രാന്‍ഡിനേക്കാള്‍ പ്രശസ്തമായിരിക്കുന്നു.

publive-image

കൃതിയുടെ കറുത്ത കാക്കയ്ക്കും ഈ ഇരട്ട അപൂര്‍വതയുണ്ട്. വെറുതെയല്ല അത് കൃതിയേക്കാള്‍ പ്രശസ്തമായത്. കറുപ്പില്‍, ലളിതസുന്ദരം. എന്നാല്‍ ഇക്കുറി മറ്റൊരു രസികന്‍ വിശേഷം കൂടിയുണ്ട് ഈ കാക്കയെപ്പറ്റി പറയാന്‍.

പെട്ടെന്ന് നോക്കുമ്പോള്‍ കൃതി 2018-ന്റെ കാക്കയും 2019-ന്റെ കാക്കയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു തോന്നാം. പക്ഷേ ബ്രാന്‍ഡിംഗിലെ ഒരു രസികന്‍ പാഠം ചമച്ചുകൊണ്ട് കൃതിക്കാക്ക അതിന്റെ ദേഹത്ത് പേറുന്ന വൈലോപ്പിള്ളിക്കവിതാശകലം ഇക്കുറി പുതുക്കിയത് അധികം പേരും അറിഞ്ഞിട്ടില്ല.

അതെ, ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ - കഴിഞ്ഞ വര്‍ഷം അത് വൈലോപ്പിള്ളിയുടെ തന്നെ ഏറെ പ്രശസ്തമായ വരിയായിരുന്നു - കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി. ഒരു പ്രളയത്തിനു ശേഷം വന്ന രണ്ടാം കൃതിയില്‍, വൈലോപ്പിള്ളിയുടെ തന്നെ വരിയെങ്കിലും, അത് കൂടുതല്‍ ഗഹനമായിരിക്കുന്നു. കാക്ക നീ ഞങ്ങളെ സ്‌നേഹിക്കിലും കാക്കണം സ്വാതന്ത്ര്യം എന്നറിവോള്‍.

കൂരിരുട്ട്-സൂര്യപ്രകാശം എന്ന വൈരുധ്യത്തേക്കാള്‍ എത്ര തീക്ഷ്ണം സ്‌നേഹം, സ്വാതന്ത്ര്യം എന്നിവ. സ്‌നേഹബന്ധം ആകാം, സ്‌നേഹബന്ധനം വേണ്ട എന്നു പാടിയ ഖലീല്‍ ജിബ്രാനേക്കാളും ഉയരത്തില്‍ നമ്മുടെ നാട്ടുപക്ഷിയെ വൈലോപ്പിള്ളി പറത്തുന്നത് കാണാന്‍ എന്തു രസം!

ഔദ്യോഗികജീവിതമാരംഭിച്ച ശേഷമുള്ള കാലം മുഴുവന്‍ തൃശൂരിലാണ് ജീവിച്ചതെങ്കിലും കൊച്ചിയിലെ കലൂര്‍ വൈലോപ്പിള്ളി വീട്ടിലാണ് കവി ജനിച്ചതെന്നോര്‍ക്കുമ്പോള്‍ കൊച്ചിയുടെ സ്വന്തം കൃതിക്കാക്കയ്ക്ക് പിന്നെയും ഭംഗിയേറുന്നു.

Advertisment