പ്രപഞ്ച വിസ്മയങ്ങളിലേക്ക് വിദ്യാർഥികളെ നയിച്ച് ഉസ്തുർലാബ് 2K19 ജ്യോതിശാസ്ത്ര ശിൽപശാല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, May 3, 2019

പ്രപഞ്ച വിസ്മയങ്ങളിലേക്ക് വിദ്യാർഥികളെ നയിച്ച് ഉസ്തുർലാബ് 2K19 ജ്യോതിശാസ്ത്രശിൽപശാല എന്നും അത്ഭുതങ്ങളുടെ കലവറയാണ്. പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള ജ്യോതിശാസ്ത്ര വിജ്ഞാനം തേടിക്കൊണ്ടായിരുന്നു ടീൻ ഇന്ത്യ സംസ്ഥാന സമിതി സംഘടിപ്പിച്ച ഉസ്തുർലാബ് ഉസ്തുർലാബ് 2019’ ആസ്ട്രോണമി ക്യാമ്പിലേക്കു വിദ്യാർഥികളെത്തിയത്. അറിവിൻറെയും വിസ്മയങ്ങളുടെയും അനന്തവിഹായുസ്സിലേക്ക് യാത്രതിരിക്കാൻ ക്യാമ്പ് സഹായകമായി.

ശാസ്ത്ര സാങ്കേതിക വിദ്യകളെ ഗുണപരമായി പ്രയോജനപ്പെടുത്തുകയും മാനവരാശിക്ക് ദോഷമുണ്ടാവുന്ന പ്രവർത്തനങ്ങളിൽ നിന്ന് ശാസ്ത്രസാങ്കേതിക വിദ്യ മുക്തമാവാണ്ടതുണ്ടെന്നും ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനും മുൻ ഡയറക്ടറുമായ പ്രൊഫ. അബ്ദുൽ മജീദ് പറഞ്ഞു.

മലർവാടി- ടീൻ ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഉസ്തുർലാബ് 2019’ ആസ്ട്രോണമി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചയദാർഢ്യമുണ്ടെങ്കിൽ ആർക്കും ശാസ്ത്രമേഖലയിലെ ഉന്നതിയിൽ എത്തിച്ചേരാമെന്ന് അദ്ദേഹം പറഞ്ഞു. യാഥാസ്ഥിക കുടുംബത്തിൽ പിറന്ന തന്റെ അനുഭവം മുന്നിൽ വെച്ചായിരുന്നു അദ്ദേഹം അക്കാര്യം പറഞ്ഞത്.

പ്രമുഖ ഗോളശാസ്ത്ര ഗവേഷകനും ശാസ്ത്രജ്ഞനുമായ അലി മണിക്ഫാൻ മുഖ്യാഥിതിയായിരുന്നു. കണ്ടു പിടുത്തങ്ങളുടെ കപ്പിത്താനെന്നും ദ മാൻ ഇൻ മില്യൺ എന്നും വിശേഷിപ്പിക്കപ്പെടുന്ന അലി മണിക്ഫാൻ പ്രായം തളർത്താത്ത ആവേശത്തോടെയാണ് ക്യാമ്പിൽ എത്തിച്ചേർന്നതും.

സമുദ്രശാസ്ത്രം, എഞ്ചിനീയറിങ് വൈദഗ്ദ്യം, കാർഷിക ശാസ്ത്ര പ്രതിഭ, ചന്ദ്ര ഗഗേഷകൻ,ആഗോള ഹിജ്റ കലണ്ടർ വക്താവ്, ബഹുഭാഷാ പണ്ഡിതൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച മണിക്ഫാന്റെ ഓരോ വാക്കുകളും വിദ്യാർഥികൾക്ക് വലിയൊരു പ്രചോദനമായിരുന്നു.

ലോകം ഇരുണ്ടയുഗമെന്ന് വിശേഷിപ്പിക്കുന്ന മധ്യകാലഘട്ടം യാഥാർഥത്തിൽ ഇരുണ്ടയുഗമായിരുന്നോ. മധ്യകാല ശാസ്ത്ര-നാഗരിക ചരിത്രം അന്വേഷിക്കുന്നവർക്ക് മുമ്പിൽ വിസ്മയകരമായി നിൽക്കുന്ന ശാസ്ത്ര നവോത്ഥാന മുന്നേറ്റങ്ങൾ നമ്മുടെ പാഠപുസ്തകങ്ങളിലോ സിലബസിലോ പലപ്പോഴും ഇടം കിട്ടാതെ പോവുന്ന മേഖലയാണല്ലോ.

മധ്യകാല യുഗത്തിലെ ജ്യോതിശാസ്ത്ര സംഭാവനകൾ മാത്രം എത്ര വലുതാണെന്ന് ഇപ്പോഴും പല ഒബ്ജക്റ്റുകൾക്കും ബഹിരാകാശത്ത് അറിയപ്പെടുന്ന അറബി നാമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വലിയ ഒബ്സർ വേറ്ററികൾ വരെ നിലനിന്നിരുന്ന അക്കാലത്തെ ജ്യോതിശാസ്ത്ര മുന്നേറ്റത്തെ തുറന്നു വെക്കുന്ന സെഷനായിരുന്നു ആൻ അസ്ട്രോണമിക്കൽ എക്സ്പ്ലൊറേഷൻ ഇൻ ‘ഡാർക്ക് ഏജ്’ എന്ന നൌഷർ കോയ തങ്ങളുടെ പ്രസന്റേഷൻ.

മധ്യകാലഘടത്തിലെ മുസ്ലിം നാടുകളിലുള്ള ശാസ്ത്ര സാങ്കേതിക രംഗത്ത് ഉണ്ടായ പുരോഗതിയുടെ പ്രചോദനം എന്തായിരുന്നു എന്ന് പരിശോധിക്കുമ്പോൾ വേദഗ്രന്ഥങ്ങളുടെ വചനങ്ങൾ വലിയ പ്രചോദനമായി വർത്തിക്കുന്നത് കാണാം. വിശാലമായ ഈ പ്രപഞ്ചത്തിൽ ഈ കൊച്ചു ഭൂമിയിൽ മാത്രമാണോ ജീവനെന്ന പ്രതിഭാസം ഉള്ളത് എന്ന വിഷയത്തിൽ സുഹൈറലി തിരുവിഴാംകുന്ന് ക്ലാസെടുത്തു.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ, പ്രപഞ്ചത്തിന്റെ വലുപ്പം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധ അമേച്വർ അസട്രോണമർ ഇല്യാസ് പെരിമ്പലം നയിച്ച അവതരണം ശ്രദ്ധേയമായിരുന്നു. ദൂരദർശിനികൾ, സൌരയൂഥം, ഭൂമിയുടെ പ്രത്യേകതൾ തുടങ്ങിയ സുമേഷ് തിരുവനന്തപുരം എന്നിവർ ക്ലാസെടുത്തു. പ്രിയദർശിനി പ്ലാനറ്റേറിയം ഷോയും തിരുവനന്തപുരം നഗരത്തിലൂടെയുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്രയും വിദ്യാർഥികളിൽ കൌതുകമുണർത്തി.

തിരുവനന്തപുരം കൾച്ചറൽ സെന്ററിൽ വെച്ചായിരുന്നു വിദ്യാർഥികളെ പ്രപഞ്ചവിസ്മയങ്ങളുടെ ലോകത്തേക്ക് നയിച്ച ദ്വിദിന ജ്യോതിശാസ്ത്ര ശിൽപശാല സംഘടിപ്പിച്ചത്. ജമാഅത്തെ ഇസ്ലാമി സോണൽ സെക്രട്ടറി എം. മഹ്ബൂബ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കൺവീനർ സുഹൈറലി സ്വാഗതവും മലർവാടി സംസ്ഥാന സമിതിയംഗം മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു.

തിരുവനന്തപുരം കൾച്ചറൽ സെന്റർ മാനേജർ താജുദ്ദീൻ ആശംസകൾ അർപ്പിച്ചു. നൌഷാദ് ആലവി, സുലൈമാൻ മങ്കട, ഷാനവാസ് ആരാമം, അമീൻ, റംല ഷാനവാസ് എന്നിവർ നേതൃത്വം നൽകി.

×