Advertisment

രാഷ്ട്രീയത്തില്‍ മിനിമം പാലിക്കേണ്ട മര്യാദകള്‍ ! കേരള രാഷ്ട്രീയത്തിലെ മാന്യതയില്ലാത്ത ശീലങ്ങള്‍. ഇടതും വലതും അറിയേണ്ടതും പറയേണ്ടതും / പറയാനുണ്ട് - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

1920 ൽ ബ്രിട്ടനിൽ ആദ്യമായി പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കൺസർവേറ്റിവ് പാർട്ടിക്കാരും ലേബർ പാർട്ടിക്കാരും പാർലമെൻറ്റിലെത്തി. ലേബർ പാർട്ടിക്കാർ സ്പീക്കറുടെ ചെയറിന്റെ ഇടതുഭാഗത്തായി ഇരിപ്പിടം കണ്ടെത്തി. കൺസേർവേറ്റിവുകൾ വലത്തേ ഭാഗത്തായും ഇരുന്നു.

Advertisment

അന്നുമുതലാണ് തൊഴിലാളി പാർട്ടിക്കാരെ ഇടതന്മാർ എന്നും കൺസർവേറ്റീവുകാരെ വലതന്മാർ എന്നും വിളിക്കാന്‍ തുടങ്ങിയത്. അങ്ങനെ ലോകം മുഴുവൻ, ഇന്നിപ്പോൾ ഈ കൊച്ചുകേരളത്തിൽ മാത്രം തൊഴിലാളി പാർട്ടികളെ ഇടതുകക്ഷികൾ എന്ന് നാം വിളിക്കുന്നു. ചൈനയിലാണെങ്കിൽ ഇടതും വലതും എല്ലാം മാവോസേതൂങ് ഒന്നാക്കി മാറ്റി. തൊഴിലാളി വർഗ്ഗത്തിലൂന്നിയ മുതലാളിത്ത വ്യവസ്ഥിതിയാണവിടെ .

publive-image

ഇതൊക്കെ ഇപ്പോൾ ഇവിടെ പറയുവാൻ കാരണം കേരളത്തിന്റെ പൊതുവായ ഒരു രാഷ്ട്രീയ ഇടപെടലുകളിൽ കാണുന്ന ഇരട്ടത്താപ്പുകളും

ചെളിവാരിയെറിയലുകളും ഒക്കെ കാണുമ്പോഴാണ് .

ഇടതിന്റെയും വലതിന്റെയും നേതാക്കന്മാർ തമ്മിലുള്ള അന്തർധാര പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആണെങ്കിലും കോംപ്രമൈസുകളിൽ അവരെല്ലാം എന്നും മുൻപന്തിയിൽ തന്നെയായിരുന്നു . അണികൾ എന്നും പരസ്പരം കടിച്ചുകീറി ജീവിക്കുമെങ്കിലും നേതാക്കന്മാർ എന്നും നോമ്പുതുറകളിലും മക്കളുടെ കല്യാണങ്ങളിലും വീടിന്റെ പാലുകാച്ചലുകളിലും ഷഷ്ഠി പൂർത്തികളിലും പങ്കെടുത്ത് ആശയങ്ങൾ കൈമാറുന്നു .

കേരളത്തിൽ മാത്രം എന്തുകൊണ്ട് ഭരണമാറ്റങ്ങൾ ഉണ്ടാകുന്നു ? ആദ്യത്തെ കാരണം അസൂയ തന്നെ ? അതും സ്വന്തം പാർട്ടിയിലെ നേതാക്കന്മാർ തമ്മിലുണ്ടാകുന്ന അസൂയ മൂത്ത് മൂത്ത് അതൊരു ഗ്രൂപ്പായി ഉടലെടുക്കുകയും പിന്നെ കാലുവാരലുകൾ അരങ്ങേറുകയുമാണ് . അതിപ്പോൾ ഇടതിൽ ആയാലും വലതിൽ ആയാലും മലയാളി മലയാളി അല്ലാതാകുന്നില്ലല്ലോ ? ഇവിടെയും ആ ഇടത് വലത് വ്യത്യാസങ്ങൾ നേതാക്കന്മാരുടെയും അണികളുടെയും അനുഭാവികളുടെയും സ്വഭാവ രൂപീകരണങ്ങളിൽ നമ്മുക്ക് കാണാം .

ഉദാഹരണമായി കെ കരുണാകരൻ തൃശൂരിലെ സീതാറാം മില്ലിലെ സമരം പൊളിക്കുവാനായി കണ്ണൂരിൽ നിന്നും വന്നിറങ്ങി ഏകദേശം ഒരു വർഷത്തിനുള്ളിൽ സീതാറാം മില്ലിലെ സമരത്തെ അദ്ദേഹം ഊതികെടുത്തി . സഖാവ് ഇ ഇഎംഎസിന്റെ കാഞ്ഞ ബുദ്ധിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായി കാലം കണക്കാക്കുന്ന ആ സംഭവത്തിന് ശേഷം കെ കരുണാകരനെ കരിങ്കാലി കരുണാകരൻ എന്ന മുദ്ര കുത്താനും സഖാവ് മറന്നില്ല .

എൺപതുകളിൽ കരിങ്കാലി എന്ന പ്രയോഗം കേരളത്തിൽ അലയടിച്ചപ്പോൾ ജനയുഗത്തിന്റെ പത്രാധിപർ കരുണാകരനോട് ചോദിച്ചു

''താങ്കളെ ഇടതുപക്ഷക്കാർ ഒന്നടങ്കം കരിങ്കാലി എന്ന് അഭിസംബോധന ചെയ്യുന്നുണ്ടല്ലോ ? താങ്കൾ എന്തെ അവരെയൊന്നും തിരിച്ചു പറയാത്തത് ? ''

കരുണാകരൻ പറഞ്ഞു '' ഇന്നല്ലെങ്കിൽ നാളെ എനിക്ക് അവരെയൊക്കെ കാണേണ്ടതാണ് , ചിലപ്പോൾ എന്റെ മുന്നണിയിൽ ചേർക്കേണ്ടവരാണ് , രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം , പക്ഷെ വ്യക്തിപരമായി ആരെയും ആക്ഷേപിക്കരുത്. ''

publive-image

ഉമ്മൻ‌ചാണ്ടിയുടെ മകളുടെ വിവാഹമോചനത്തെക്കുറിച്ചും അതുസംബന്ധമായ കുറെ അനാവശ്യങ്ങളെക്കുറിച്ചും സഖാവ് വിഎസ് അച്യുതാനന്ദൻ നിയമസഭയിൽ പ്രസംഗിച്ചപ്പോൾ യുഡിഎഫിലെ തന്നെ പല എംഎൽമാരും ഉമ്മൻചാണ്ടിയെ പോയിക്കണ്ട് വിഎസിന്റെ മകനെതിരായ ആരോപണങ്ങൾ കുത്തിപ്പൊക്കുവാൻ ഉപദേശിച്ചു .

അപ്പോൾ ഉമ്മൻ‌ചാണ്ടി പറഞ്ഞത് '' വിഎസിന്റെ മകൻ അരുൺകുമാറിനെതിരെ വിഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ കമ്മറ്റി തയാറാക്കിയ മുഴുവൻ രേഖകളും എന്റെ കയ്യിലുണ്ട് . പക്ഷെ എനിക്ക് അദ്ദേഹത്തെപ്പോലെ തരം താഴുവാൻ ആകില്ലല്ലോ ? ''.


2004 കേന്ദ്രഭരണത്തിൽ ഇടതുപക്ഷം സുർജിത്‌സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സിനെ പിന്തുണക്കുകയും അഞ്ച് കൊല്ലം കഴിയാറാകുന്നതിന് മുൻപേ ആണവകരാറിന്റെ പേരിൽ പിന്തുണ പിൻവലിച്ചുകൊണ്ട് വഴിയിൽ ഇറങ്ങിപ്പോവുകയും ചെയ്ത സമയത്ത് പാർട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിനോട് പത്രക്കാർ ചോദിച്ചപ്പോൾ പറഞ്ഞത് ' ഇത്രയും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു സർക്കാരിനെ ഇത്രയും നാൾ പിന്തുണച്ചതിൽ ഖേദിക്കുന്നു ' .  അതെ ദിവസം സോണിയ ഗാന്ധിയോട് പത്രക്കാർ ചോദിച്ചപ്പോൾ പറഞ്ഞത് ' ഇത്രയും നാൾ ഞങ്ങളെ പിന്തുണക്കുവാൻ കാണിച്ച സന്മസ്സുകൾക്ക് നന്ദി ' എന്നാണ് .


2011 ൽ എകെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ടിഎം ജേക്കബ് കുറച്ചധികം ഫയലുകളുമായി അദ്ദേഹത്തെ പോയി കണ്ടു . എന്നിട്ട് ഉപദേശിച്ചു '' ഈ ഫയലുകൾ മുഴുവനും കഴിഞ്ഞ സർക്കാരിൽ ( 2006 നായനാർ ) അന്നത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും മറ്റുള്ള മന്ത്രിമാരിൽ ചിലരും നടത്തിയ അഴിമതികളുടെ വ്യക്തമായ തെളിവുകളാണ് .

അന്നത്തെ പ്രമുഖന്‍ ഒരു പ്രമാദമായ കേസ് ഒതുക്കുവാൻ തൃശൂര്‍ കൈപ്പറമ്പിലെ ഒരു റബ്ബർ ഫാക്ടറിക്കാരനിൽ നിന്നും 18 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതടക്കമുള്ള ശക്തമായ രേഖകളാണ് ഇതൊക്കെ '' . എല്ലാം സസൂക്ഷ്മം ശ്രദ്ധിച്ചുകേട്ട ശേഷം ആന്റണി ടിഎം ജേക്കബിനോടായി പറഞ്ഞു - ' നമ്മൾ രാഷ്ട്രീയക്കാർ പരസ്പരം ചെളിവാരിയെറിയരുത് , പല്ലുകൾ കുത്തി മണപ്പിക്കരുത് . കാരണം ഇപ്പോൾ തന്നെ ധാരാളം ആളുകൾക്ക് രാഷ്ട്രീയത്തിനോട് വെറുപ്പ് വന്നു തുടങ്ങി , നാളെ അവർ രാഷ്ട്രീയക്കാരെ തെരുവിൽ കല്ലെറിയുന്ന അവസ്ഥ ഉണ്ടാകരുത് '.

പക്ഷെ അതേസമയം 25 കൊല്ലം മുൻപ് നടന്ന ഇടമലയാർ കേസിൽ ബാലകൃഷ്ണപിള്ളയെ വിഎസ് ജയിലിൽ അടച്ചതും പിന്നീട് ഉമ്മൻ‌ചാണ്ടി ജയിലിൽ നിന്നും മോചിപ്പിച്ചതും പിന്നീട് എൽഡിഎഫ് അദ്ദേഹത്തെ ക്യാബിനറ്റ് റാങ്കിൽ ഇരുത്തുന്നതും കേരളം കണ്ടു .

publive-image

ജോസ് തെറ്റയിൽ മകന്റെ ഭാവി വധുവുമായി അടച്ചിട്ട മുറിയിൽ കാണിച്ച വങ്കത്തരം കേരളം ഒന്നടങ്കം കണ്ടു . ഈ സംഭവം നടക്കുമ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു ആഭ്യന്തര മന്ത്രി . അദ്ദേഹം അന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞതിങ്ങനെ '' ഏകദേശം എന്റെ പ്രായക്കാരനായ തെറ്റയിലിനെ കുറിച്ചുള്ള ആ ആരോപണം ശരിയായിരിക്കരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു . അത് ഒരിക്കലും ശരിയാകരുത് എന്ന് ഞാൻ ആശിച്ചുപോകുന്നു . കുടുംബം മക്കൾ സമൂഹം എല്ലാം അദ്ദേഹം അഭിമുഖീകരിക്കണ്ടേ എന്നോർക്കുമ്പോൾ ദുഖവുമുണ്ട്. '' എന്ന് .

അതേ സമയം വിഎസും എൽഡിഎഫും ആ ഐസ്ക്രീം വിഷയം കൈകാര്യം ചെയ്തത് കേരളം കണ്ടതാണ് . അതിലെ ഒരു പ്രതിയുടെ വീട്ടിലെ പോലീസ് റെയ്ഡിന് പിന്നാലെ അദ്ദേഹത്തിന്റെ മാതാവ് ഹൃദയം പൊട്ടി മരിച്ചിരുന്നു .


ആരോപിതനായ മന്ത്രിയുടെ കുടുംബം, മക്കൾ ബന്ധുക്കൾ , അവരെയൊക്കെ അദ്ദേഹം എങ്ങനെ നേരിട്ടു എന്നത് മനസ്സിലാക്കണമെങ്കിൽ നിയമസഭക്ക് മുന്നിൽ ടിവി രാജേഷ് എംഎൽഎ പൊട്ടിക്കരയുന്ന വീഡിയോ മാത്രം കണ്ടാൽ മതി . ഒരു പെണ്ണിനെ തൊട്ടു എന്ന് ആരോപിച്ചതിനാണ് ആ കരച്ചിൽ എങ്കിൽ അവരുടെയൊക്കെ മനോവേദന എത്ര ഉണ്ടായിരിക്കണം


പാർട്ടി  ഓഫീസിൽ ക്യാമറവെച്ചുള്ള എറണാകുളം ജില്ലാ സെക്രട്ടറി വിഷയവും സ്വന്തം എംഎൽഎയുടെ മകളെ പീഡിപ്പിച്ച കണ്ണൂർ സെക്രട്ടറി വിഷയവും ചോദിച്ചപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് അമര്‍ഷം അണപൊട്ടുകയും  ഏഷ്യാനെറ്റിന്റെ ഷാജഹാനെ തല്ലുകായും ചെയ്തത് ഇപ്പോഴും യു ട്യൂബിൽ കാണാം .

ഷൊർണൂർ എംഎൽഎ യെ പാർട്ടികോടതിയിൽ വിസ്തരിക്കുമ്പോൾ കോവളം എംഎൽഎയെ ജയിലിൽ അയക്കുന്ന രീതി . സരിത കേസും സുനാമി ഫണ്ടും പാമോയിലും ഒക്കെ ഇപ്പോഴും ചർച്ചയാക്കി കൊണ്ടുവരുമ്പോൾ പ്രളയഫണ്ടും സ്പ്രിംഗ്ളരുമൊക്കെ ചോദിക്കുമ്പോൾ പത്രസമ്മേളനങ്ങൾ റദ്ദാക്കുന്ന രീതികൾ .

ഇന്നത്തെ ഒരു ചോദ്യത്തിന്റെ മറുപടിയായി ഇരുപതു മുപ്പത് കൊല്ലങ്ങൾക്ക് മുൻപത്തെ കാര്യങ്ങൾ പറഞ്ഞുള്ള മറുപടികൾ . അഴിമതി ആരോപണങ്ങൾ കൊണ്ട് രാജിവെപ്പിച്ചവരെയും ജയിലിൽ അടച്ചവരെയും മുന്നണിയിൽ എടുക്കുന്ന രീതി . പ്രളയഫണ്ടിനായി ഗാനമേള നടത്തി മുക്കിയവരെയും കോപ്പിയടിച്ചു കവിതയെഴുതിയവരെയും യുവജനോത്സവ ജഡ്ജിമാർ ആക്കുന്ന രീതി . അതിനെയൊക്കെ വിമര്ശിക്കുവരുടെ അമ്മക്ക് വിളിക്കുന്ന അല്ലെങ്കിൽ അവരെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന സൈബര്‍ സ്വഭാവ രൂപീകരണങ്ങൾ .

publive-image

ഭരിക്കുന്നവരെ വിമർശിച്ചാൽ അവരെ കാവിപുതപ്പിക്കുന്നവർ ഇപ്പോൾ സ്വന്തം നേതാക്കളെ ആരെങ്കിലും കാവി പുതപ്പിക്കുവാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യുന്ന അവസരവാദ നയങ്ങൾ . സിനിമയിൽ ആരെങ്കിലും കുറ്റം പറഞ്ഞാൽ തിയേറ്ററുകളെ ഭീഷണിപ്പെടുത്തി പടം പിൻവലിപ്പിക്കുമ്പോൾ അമ്മാവന്മാർക്ക് അടുപ്പിലും ആവാം എന്ന രീതിയിൽ അവരും സിനിമകളെടുക്കുന്നു . വിജയിപ്പിക്കുന്നു .

വരാൻ പോകുന്ന സിനിമയിൽ തന്നേയും പാർട്ടിയെയും വിമർശിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുമ്പോൾ നായകനടനെ ഇല്ലാത്ത കുറ്റത്തിന് ജയിലിൽ അയക്കുന്നു . സ്വന്തം പാർട്ടിക്കാരെ അറസ്റ്റ് ചെയ്‌താൽ സ്റ്റേഷൻ അക്രമിച്ചുകൊണ്ട് ഇറക്കിക്കൊണ്ട് വരുന്ന നേതാക്കൾ .

എളാപ്പാക്കും കുഞ്ഞാപ്പാക്കും അർഹതിയില്ലാതെ സർക്കാർ ജോലികൾ കൊടുക്കുമ്പോൾ അവർ തന്നെ മുൻ സർക്കാരുകൾ നേരാംവണ്ണം ജോലിക്ക് കയറ്റിയവരെ പിരിച്ചുവിടുന്നു . ഗുജറാത്ത് ഫണ്ടിന്റെ പേരിൽ പാർട്ടിവിട്ടവർക്കൊന്നും ഇതൊന്നും അഴിമതിയേ അല്ലാതായിരിക്കുന്നു .

മക്കളുടെയും ബന്ധുക്കളുടെയും കമ്പനികൾക്ക് സർക്കാർ പ്രോജക്ടുകൾ പാസാക്കി കൊടുത്താൽ അതിലൊന്നും അഴിമതി കാണാത്തവർ ആ

കരുണാകരന്റെ മകൻ അബുദാബിയിൽ നിന്നും കൊണ്ടുവന്ന പെട്ടികളുടെ കണക്കുകൾ ഇപ്പോഴും പറയുന്നു . കരുണാകരന്റെ മകനെയും മകളെയും വറചട്ടിയിൽ ഇട്ടു വറുത്തു പൊരിച്ചവർ അന്ന് കരുതിക്കാണില്ല ഡിഎൻഎ ടെസ്റ്റുകളും സ്പ്രിംഗ്ലർ കോൺട്രാക്ടുകളും .

മക്കളുടെ കാര്യത്തിൽ വലതുപക്ഷം പണ്ടേ നിശ്ശബ്ദരാണ് . അക്കാര്യത്തിൽ അവരാരെയും കുറ്റം പറഞ്ഞതായി അറിവില്ല . ഈ ഡിഎൻഎ ടെസ്റ്റ് ഉമ്മൻചാണ്ടിയുടെ മകനെതിരെയാണെങ്കിൽ ഉണ്ടാകുന്ന പുകിലുകൾ ഓര്‍ക്കാന്‍ തന്നെ ഫയമാകും  ?

കോലീബി സഖ്യമെന്നത് ഇപ്പോഴും ഇടതുപാർട്ടികൾ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുമ്പോൾ മദനിയും കെജിമാരാരുമായും ഐഎൻഎൽ മായും സീറ്റുകൾ പങ്കുവെക്കുന്നതും തവനൂരിലെ വോട്ട് കച്ചവടവുമൊക്കെ പൊക്കിയെടുക്കുവാൻ വലതനന്മാർക്കാവുന്നില്ല . അതുപോലെ ടിപി വധക്കേസ് ഇടതിന് കിട്ടിയിരുന്നെങ്കിൽ കൊമ്പൻ സ്രാവുകൾ അകത്താവുമായിരുന്നു .

അവിടെ വലതന്മാർ കോമ്പ്രമൈസ് കളിച്ചു നടന്നു . സ്വാശ്രയ -പ്ലസ് ടു - നവോദയ - സ്വകാര്യപോളി - ഐ എംഎഫ് - വിളനിലം - കൂത്തുപറമ്പ് - സോളാർ - ബാർകോഴ തുടങ്ങിയ അനാവശ്യ സമരങ്ങളെ നിലനിർത്തിക്കൊണ്ടുപോകുവാൻ ഇടതന്മാർക്ക് ആയെങ്കിലും നേരെ ചൊവ്വേ ഒരു സമരം നടത്തി വിജയിപ്പിക്കുവാൻ വലതിനായിട്ടില്ല . എത്രയോ മന്ത്രിമാരെ വഴിതടഞ്ഞും രാജിവെപ്പിച്ചും ഇടതന്മാർ കളിച്ചപ്പോൾ എളാപ്പാന്റെ മോന് സർക്കാർ ജോലി കൊടുത്ത വകയിലെങ്കിലും ആ മന്ത്രിയെ രാജിവെപ്പിക്കുവാൻ വലതന്മാർക്ക് കഴിഞ്ഞിട്ടില്ല .

നെടുമ്പാശ്ശേരിയും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും സ്മാർട്ട്സിറ്റിയും ഒരിക്കലും നടപ്പിലാക്കില്ലെന്ന് പറഞ്ഞു സമരം ചെയ്‌തെങ്കിലും അവസാനം അതൊക്കെ ഉത്‌ഘാടനം ചെയ്യുന്ന സമയത്തെങ്കിലും ഒരു പ്രകടനം നടത്തുവാൻ വലതുനേതാക്കന്മാർക്ക് സമയം കിട്ടുന്നില്ല . അക്ഷരസ്ഫുടതയുടെ പേരിൽ ഒരു മന്ത്രിയെ വലതന്മാർ തേച്ചൊടിച്ചപ്പോൾ മണ്ടത്തരങ്ങൾ മാത്രം വിളമ്പുന്ന ചില ഇടത് മന്ത്രിമാരെ ഒന്നു നോക്കുവാൻ പോലും വലതിന്‌ കഴിയാതെ പോകുന്നു .

കടുപ്പമായി ഒരു ഹർത്താൽ നടത്തുവാനോ അല്ലെങ്കിൽ പന്തം കൊളുത്തി പ്രകടനം നടത്തുവാനോ കോലം കത്തിക്കുവാനോ വലതിനാവുന്നില്ല. കോലം കത്തിച്ചപ്പോൾ മൊത്തം തീ പിടിച്ചോടുന്നതും നാം കണ്ടു ! 'വിദ്യ മന്ത്രി ജേക്കബ് ചൈനയിൽ പോയതറിഞ്ഞില്ലേ' എന്ന് മുദ്രാവാക്യം വിളിച്ചവർ ഇന്നിപ്പോൾ അമേരിക്കയിലും അവരുടെ മക്കൾ ഗൾഫിലും വിദ്യാർത്ഥിനേതാക്കൾ യുറോപ്പിലുമൊക്കെ വിലസുമ്പോൾ ഒന്നുമുരിയാടാതെ ഒരു സൈഡിലൂടെ വലതന്മാർ പോകുന്നതും നമ്മൾ കാണുന്നു .

സ്വിമ്മിങ് പൂളിനെതിരെയും ബെൻസിനെതിരെയും റോഡിലെ സ്പീഡിനെതിരെയും എസ്കോര്ട്ടുകൾക്കെതിരെയും തെരുവിലിറങ്ങിയവർ അവർതന്നെ എല്ലാം ചെയ്ത്കൂട്ടുമ്പോൾ ആരും ഒന്നും മിണ്ടുന്നില്ല .


എല്ലാം പോകട്ടെ ! ഇന്നിപ്പോൾ കേരളം ഭരിക്കുന്നത് വലതുപക്ഷമാണെന് ഒന്ന് ഓർത്തുനോക്കുക ! കോവിഡും പ്രളയവുമൊക്കെ വരുന്നു എന്നും സങ്കൽപ്പിക്കുക ! ലോക്ക് ഡൗണിൽ എന്തായിരിക്കും സംഭവിക്കുക ! വാളയാറിൽ എന്തായിരിക്കും സംഭവിച്ചിരിക്കുക ! മുഖ്യമന്ത്രി എന്നും ആറുമണിക്ക് പത്രസമ്മേളനം നടത്തിയാൽ കല്ലെറിയില്ലേ ? ക്വറന്റൈനുകളിൽ എന്തൊക്കെയാകും നടക്കുക ! ചന്തിക്ക് തല്ലിയ പോലീസുകാരുടെ അവസ്ഥ എന്തായിരിക്കും ? ഇപ്പോൾ സംഭവിക്കുന്ന എല്ലാറ്റിന്റെയും മറുവശം എന്തായിരിക്കും ?


ഉദാഹരണമായി ഒരു കാര്യം മാത്രം : ആ ഹെലികോപ്റ്റർ വാങ്ങിയത് അല്ലെങ്കിൽ വാടകക്ക് എടുത്തത് കരുണാകരനോ ഉമ്മൻചാണ്ടിയോ ആയിരുന്നെങ്കിൽ കേരളം കത്തുമായിരുന്നില്ലേ ? കമ്പ്യുട്ടർ സമരങ്ങളെക്കുറിച്ചു എഴുതിയെഴുതി എല്ലാവരും മടുത്തു എങ്കിലും അക്കാര്യത്തിലും ഇപ്പോൾ ആമയും മുയലും ഓടിയതുപോലെയായി കാര്യങ്ങൾ . ഇടതന്മാർ വലതൻമാരെക്കാൾ വളരെയേറെ മുന്നിലായി .

പിന്നെ ഭരണ തുടർച്ച : കെ കരുണാകരൻ 1987 ൽ ഭരണത്തുടർച്ച മുന്നിൽ കണ്ടുകൊണ്ട് മുന്നണി വികസിപ്പിച്ചു. അഖിലേന്ത്യാ ലീഗും മാണിയും എസ്ആർപിയും എൻഡിപിയും പിഎസ്പിയും ഒക്കെ മുന്നണിയുടെ ഭാഗമായി , എംവി രാഘവനെയും അടർത്തിയെടുത്തു .

പിന്നെ പ്രതിച്ഛായ മിനുക്കലുകൾ ആയി . പക്ഷെ ഒരു തങ്കമണി വേട്ടയിൽ ആ ഭരണത്തുടർച്ച കൈവിട്ടപ്പോൾ നായനാർ മുഖ്യനായി . 1990 ൽ നടന്ന

ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലെ മൃഗീയഭൂരിപക്ഷത്തിലുള്ള വിജയങ്ങളും ഡിവൈഎഫ്‌ഐയുടെ മനുഷ്യ ചങ്ങലയും മനുഷ്യ കോട്ടയും ഒക്കെ ജനമനസ്സുകളെ കീഴടക്കിയപ്പോൾ അണികളിലും ഒപ്പം നേതാക്കന്മാരിലും ചുരുണ്ടു കയറിയ അഹങ്കാരം 1991 ലെ തിരഞ്ഞെടുപ്പിൽ അസ്തമിച്ചു .

നാലുകൊല്ലത്തിൽ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത് ചരിത്രപരമായ മണ്ടത്തരമായി മാറുകയായിരുന്നു . അന്നത്തെ എസ്എഫ്ഐക്കാരുടെയും  ഡിവൈഎഫ്ഐകാരുടെയും സിഐടിയുക്കാരുടെയും ചായക്കടകളിലെ ബെഞ്ചിന്മേൽ (അന്നത്തെ സൈബർ പോരാളികൾ ) ചർച്ചകൾ കേട്ടാൽ വലതുപക്ഷം കേരളത്തിൽ ഇനിയൊരിക്കലും പച്ച തൊടില്ല എന്ന് തോന്നിപ്പോകുമായിരുന്നു .

publive-image

1991 ൽ വലതന്മാർ അധികാരം പിടിച്ചശേഷം കരുണാകരനെ കരയിപ്പിച്ചുകൊണ്ട് താഴെയിറക്കുകയും എകെ ആന്റണി ഡൽഹിയിൽ നിന്നും പറന്നിറങ്ങുകയും ചെയ്തു . 1995 ല്‍ ചാരായം നിരോധിച്ച് ഭരണത്തുടർച്ച സ്വപ്നം കണ്ട ആന്റണിക്ക് ഗ്രൂപ്പുകളികളിലെ അവസാന ഐറ്റമായ കാലുവാരലിൽ അടിപതറുകയായിരുന്നു . ഒപ്പം സൂര്യനെല്ലിയും .

നായനാർ വീണ്ടും വന്നെങ്കിലും ഏഷ്യാനെറ്റിലെ മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന ഒരൊറ്റ ഷോയിൽ ഭരണത്തുടർച്ച സ്വപ്നം കാണുകയും 2001 ൽ വമ്പൻ ഭൂരിപക്ഷത്തിൽ എകെ ആന്റണി വീണ്ടും അധികാരം നായനാരിൽനിന്നു പിടിച്ചെടുക്കുകയും ചെയ്തു . 2004 ലോക്സഭാ തോൽവിക്ക് ശേഷം അധികാരം ഉമ്മൻചാണ്ടിയെ ഏൽപ്പിക്കുകയും അദ്ദേഹം ജനസമ്പർക്കത്തിലൂടെ ഭരണത്തുടർച്ച സ്വപ്നം കണ്ടെങ്കിലും മതികെട്ടാൻ മലകളും വിഎസിന്റെ സീറ്റ് നിഷേധവും മനോരമയുടെ സഹായവും റജീനയുടെ രംഗപ്രവേശവും ഒക്കെയായപ്പോൾ ആർക്കും വേണ്ടാതെ കറിവേപ്പിലയാക്കി പാർട്ടിക്കാർ വെച്ചിരുന്ന വിഎസ് കേരള മുഖ്യനായി .

2011 ൽ വിഎസും വിഎസിന്റെ അണികളും കണ്ണേ കരളേ വിളികളുമൊക്കെയായി ഭരണത്തുടർച്ചക്കായി പോരാടിയപ്പോൾ ഫോട്ടോ

ഫിനിഷിങ്ങിൽ ഊമ്മൻചാണ്ടിക്ക് നറുക്കുവീണു . കേവലം ഒരു സീറ്റുമായി അധികാരത്തിലെത്തിയ ഉമ്മൻ‌ചാണ്ടി അഞ്ചുകൊല്ലം ഭരിച്ചെങ്കിലും

സോളാർ -ബാർകോഴ സമരങ്ങളിൽ തട്ടി ഉമ്മൻചാണ്ടിയും ഭരണത്തുടർച്ചയെന്ന ആ സങ്കൽപ്പത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ടു .

പിണറായിയുടെ ചടുലമായ നീക്കങ്ങളും ആവശ്യക്കാരെ നേരിൽകണ്ടുള്ള അഭ്യർത്ഥനകളും സിനിമ സാംസ്‌കാരിക കച്ചവട നായകന്മാരെയൊക്കെ കയ്യിലെടുത്തുള്ള അഭ്യാസ പ്രകടനങ്ങളിലും ഉമ്മൻ‌ചാണ്ടി അടിപതറുകയിരുന്നു . വിശ്വസിക്കുവാൻ പാടില്ലാത്തവരെ കൂടെ കൂട്ടുകയും ചതിയന്മാർക്ക് തിരഞ്ഞെടുപ്പ് ക്യാമ്പയിനുകൾ കോൺട്രാക്ട് കൊടുക്കുകയും ചെയ്തപ്പോൾ പിണറായി വിജയന്റെ കരുനീക്കങ്ങൾ വിജയം കണ്ടു . ഇന്നിപ്പോൾ അദ്ദേഹം അജയ്യനായി കേരളം മുന്നോട്ട് കൊണ്ടുപോകുന്നു . പക്ഷെ അണികളുടെ അമിതാവേശം കാണുമ്പോള്‍ 1991 കാലഘട്ടം ഓർമ്മകളിൽ വരുന്നു .

ഇടതന്മാർ ഒരു സീറ്റ് വലതിന്റെ കയ്യിൽ നിന്നും പിടിച്ചെടുക്കുവാൻ കുറെയധികം ഹോം വർക്കുകൾ ചെയ്യാറുണ്ട് . കൂടാതെ ഇടതന്മാരുടെ ആത്മവിശ്വാസത്തിന്റെ കാൽഭാഗം വലതന്മാരുടെ അണികൾക്കും നേതാക്കന്മാർക്കും ഇല്ല എന്നത് ഒരു സത്യമാണ് . ഉദാഹരണമായി

മലപ്പുറത്തെ ചില കുത്തക സീറ്റുകൾ ഇടതന്മാർ പിടിച്ചെടുത്തത് വ്യക്തമായ ആസൂത്രണങ്ങളിലൂടെ ആയിരുന്നു .

2006 ൽ കുഞ്ഞാലിക്കുട്ടി ഒരിക്കലും ആ സീറ്റിൽ മത്സരിക്കുവാൻ പാടില്ലായിരുന്നു . ലാവ്‌ലിൻ കത്തിനിൽക്കുമ്പോൾ പിണറായിയും മത്സരിച്ചിരുന്നില്ല . നിലമ്പൂർ സീറ്റിലേക്കായിരുന്നു ഒരു ഡോക്ടർ ഷാനവാസിനെ ( മരിച്ചുപോയി ) ഇടതന്മാർ വളർത്തിക്കൊണ്ടുവന്നിരുന്നത് . അതുപോലെ കണ്ണൂർ പിടിക്കുവാൻ ഒരു ജസീറയെയും . മേയർ ബ്രോയെ വളർത്തിയെടുത്തവരാണ് ഇടതന്മാർ . അതുപോലെ കേരളവർമ്മയിലെ ടീച്ചറമ്മയെയും കോഴിക്കോട്ടെ കളക്ടർ ബ്രോയെയും കൊച്ചിയിലെ ന്യു ജെൻ സംവിധായകനെയുമൊക്കെ കിട്ടാത്ത സീറ്റുകൾ പിടിച്ചെടുക്കുവാൻ വളർത്തിയെടുക്കുവാൻ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു .

publive-image

ഇടുക്കിയിൽ ജോയ്‌സ് ജോർജ്ജും കൊടുവള്ളിയിൽ കാരാട്ട് റസാഖും താനൂരിൽ അബ്ദുറഹ്മാനും ഒക്കെ വിജയിച്ചത് ഇപ്രകാരമായിരുന്നു . സ്ഥാനാർത്ഥികളെ നിശ്ചയിക്കുവാൻ അഞ്ച് കൊല്ലം കിട്ടുമെങ്കിലും അവസാന അഞ്ചുമണിക്കൂറിലാണ് വലതന്മാർ സ്ഥാനാർത്ഥികളെ നിശ്ചയിക്കാറുള്ളത് . അപ്പോഴേക്കും ഒപ്പം കുറെ റിബലുകളെയും കൂട്ടിനു കിട്ടും .


ആദ്യമായി നല്ല സ്ഥാനാർത്ഥികളെ വലതന്മാർ നിശ്ചയിച്ചപ്പോൾ 20 ൽ 19 കിട്ടി . അതുകഴിഞ്ഞുള്ള ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ പാളിപ്പോയപ്പോൾ കയ്യിലുണ്ടായിരുന്നത് പോയിക്കിട്ടി . ഇക്കളികൾക്കൊന്നും വലതന്മാർക്ക് സമയമില്ലപോലും . അവര്‍ ഇപ്പോഴും കടല്‍ക്കിഴവന്മാര്‍ക്ക് സീറ്റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. പാര്‍ട്ടി പ്രസിഡന്റ്റ് വരെ മത്സരിക്കാന്‍ റെഡിയാകുന്നു


സോഷ്യൽ മീഡിയയിൽ വലതന്മാരായ അണികൾ സ്വന്തം കയ്യിലെ പണം കൊണ്ട് ഡാറ്റകൾ വാങ്ങി പൊരുതുമ്പോൾ ഇടതന്മാർ കോടിക്കണക്കിന് പണം ചിലവഴിച്ച് അണികളെ തീറ്റിപ്പോറ്റുന്നു . കേസുകളിൽ നിന്നും രക്ഷിക്കുന്നു . മട്ടന്നൂർ എന്ന മണ്ഡലത്തിൽ ഇടതുകോട്ട പൊളിക്കുവാൻ പ്രാപ്തനായി വളർന്നു വന്നിരുന്ന ഷുവൈബിനെ  ഇല്ലാതാക്കി . ആ കേസ് സി ബി ഐ അന്വേഷിക്കാതിരിക്കാന്‍ വക്കീലിനെ കൊണ്ടുവന്നതിനു കോടികള്‍ മുടക്കിയാണ്.

എടാ എന്ന് വിളിക്കുമ്പോൾ പോടാ എന്ന് വിളിക്കുവാൻ അറിയാത്ത നേതൃത്വമാണ് വലതിന്റേത് . ഒരു ഇടതനെ നോക്കി എടാ എന്നാരെങ്കിലും വിളിച്ചാൽ ഏറ്റവും ചുരുങ്ങിയത് പോടാ പട്ടി എന്നെങ്കിലും തിരിച്ചു കിട്ടിയിരിക്കും . ന്യു ജനറേഷന് അതാണ് ഇഷ്ടം ! അല്ലാതെ ഗാന്ധിയുമല്ല ഗോഡെസ്‌യുമല്ല.  അഴകൊഴമ്പൻ നയങ്ങളല്ല .

ഇവിടെ ഇടത് നയങ്ങൾ നല്ലതാണോ വലത് നയങ്ങൾ നല്ലതാണോ എന്ന് പറയുന്നില്ല . ഞങ്ങൾക്ക് തോന്നിയത് എഴുതിയെന്ന് മാത്രം !

ഒപ്പം സോഷ്യൽ മീഡിയയിലെയും മറ്റും അനുഭവങ്ങളിലൂടെ സഞ്ചരിച്ചെന്ന് മാത്രം !

എത്രത്തോളം നിങ്ങൾ ഷെയർ ചെയ്യുന്നുവോ അത്രത്തോളം പ്രകാശം പരക്കട്ടെ !

വലതുകോട്ടകളിൽ കയറി മത്സരിച്ചു സീറ്റ് പിടിച്ചെടുക്കുവാൻ തയാറെടുപ്പ് നടത്തുന്ന ദാസനും

ഇടതിന്റെ സൈബർ ആക്രമണങ്ങളെ അതിജീവിക്കുവാൻ തയാറെടുപ്പ് നടത്തിക്കൊണ്ട് വിജയനും

dasanum vijayanum
Advertisment