Advertisment

പ്രേക്ഷക ഹൃദയങ്ങളിൽ അഴകിന്റെ സ്വരവസന്തം തീർത്ത് സ്വിൻഡനിൽ നിന്നും അഡേൽ ബഷീർ - അലൻ ബഷീർ സഹോദരങ്ങളും ജാൻവി ജയേഷും...."Let's break it together" ലൈവ് ടാലന്റ് ഷോയിൽ ജൂലൈ 2 വ്യാഴം 5 PM ന് സംഗീതാസ്വാദനത്തിന്റെ പുതിയ രൂപ ഭാവങ്ങളിൽ പാട്ടിന്റെ പുതുമഴയായി പെയ്യാൻ ബർമിങ്ഹാമിൽ നിന്ന് കെവിൻ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങൾ....

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

യുക്മ സാംസ്കാരിക വേദി ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ന്റെ ഇന്നലത്തെ ലൈവിൽ, വാദ്യമേളങ്ങളുടെ സംഗീതം നിറഞ്ഞ ആഘോഷ സന്ധ്യയിൽ പാട്ടിന്റെ പാലാഴി തീർത്ത് അഡേൽ ബഷീറും അലൻ ബഷീറും ജാൻവി ജയേഷും പ്രേക്ഷക ഹൃദയങ്ങളിൽ ആഹ്ളാദാരവമായി പെയ്തിറങ്ങി. യു കെ സമയം 5 PM ന് തുടങ്ങി ഒരു മണിക്കൂറിലധികം നീണ്ട് നിന്ന ഷോയിൽ ലോകമെമ്പാടും നിന്നുള്ള നിരവധിയാളുകളാണ് പ്രേക്ഷകരായെത്തിയത്.

Advertisment

publive-image

മലയാളം, ഇംഗ്ളീഷ്, കർണാട്ടിക് ഗാനങ്ങൾ ശ്രുതി മധുരമായി ആലപിച്ചതിലൂടെ അഡേലും ഡ്രംസിലെ മാന്ത്രിക പ്രകടനത്തിലൂടെ അലനും പ്രേക്ഷക മനസ്സുകളിൽ ചേക്കേറി. "കദളി വാഴ കൈയ്യിലിരുന്ന് " എന്ന ഗാനത്തിന് ചുവടുകൾ വെച്ച കൊച്ച് ജാൻവി പൂവിളി പൂവിളി എന്ന ഗാനം തന്റെ മനോഹരമായ കുഞ്ഞു ശബ്ദത്തിൽ പാടിയും കാഴ്ചക്കാരുടെ ഹൃദയങ്ങൾ കീഴടക്കി.

പട്ടം പോലെ എന്ന സിനിമയിൽ എം.ജയചന്ദ്രൻ സംഗീതം ചെയ്ത മഴയെ തൂമഴയെ എന്ന മനോഹര ഗാനം ആലപിച്ച് കൊണ്ട് അഡേൽ തുടങ്ങി വെച്ച ഷോയിൽ, 1980 ൽ ഓസ്ട്രേലിയൻ റോക്ക് ബാൻഡ് AC / DC പാടിയ "ബാക്ക് ഇൻ ബ്ളാക്ക്" എന്ന ഗാനം ഡ്രംസിൽ വായിച്ച് അലനും കൂട്ട് ചേർന്നു. "സദാ പാലയ സാരസാക്ഷി" എന്ന ക്ളാസ്സിക്കൽ ഗാനം ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച അഡേലിന് ഡ്രംസിൽ ഒപ്പത്തിനൊപ്പം നിന്ന അലൻ പൂർണ്ണ പിന്തുണയേകി. അഡേൽ പാടി അലനും ജാൻവിയും കൂട്ട് ചേർന്ന "കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ" എന്ന അടിപൊളി ഗാനം പാടി അവസാനിപ്പിച്ച ഷോ ഇതിനോടകം ആയിരക്കണക്കിന് സംഗീത പ്രേമികളാണ് കണ്ടത്.

publive-image

അവസാന ഗാനം പാടുന്നതിന് മുൻപായി ലൈവിൽ വന്ന അഡേൽ - അലൻ സഹോദരങ്ങളുടെ മാതാപിതാക്കൾ റഫീക് ബഷീർ - ഡോ. ഫെബിൻ ബഷീർ, ജാൻവിയുടെ മാതാപിതാക്കൾ ജയേഷ് കുമാർ - അനു ചന്ദ്ര എന്നിവർ ഈ ലൈവ് ഷോയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി നേതൃത്വം കൊടുക്കുന്ന യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്കും ഷോയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു.

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ൽ ജൂലൈ 2 വ്യാഴാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് പിയാനോയിലും വയലിനിലും സംഗീതത്തിന്റെ മിന്നലൊലികൾ തീർക്കുന്ന ബർമിങ്ഹാമിൽ നിന്നുള്ള കെവിൻ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങളാണ്.

വളരെ ചെറിയ പ്രായം മുതൽ പിയാനോ പരിശീലനം തുടങ്ങിയ കെവിൻ, ബർമിങ്ഹാമിലെ സെന്റ്. ജോൺ ഹെൻറി ന്യൂമാൻ കാത്തലിക് കോളേജിലെ GCSE വിദ്യാർത്ഥിയാണ്.

യുക്മ കലാമേള, ബൈബിൾ കലോത്സവം തുടങ്ങി നിരവധി വേദികളിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള കെവിൻ സ്കൌട്ടിലും അംഗമാണ്. പ്രാദേശിക ഫുട്ബോൾ, ബാഡ്മിന്റൺ ടീമുകളിൽ കളിക്കുന്ന ഈ 16 വയസ്സ്കാരൻ മാർഷ്യൽ ആർട്സിലും പരിശീലനം തുടരുന്നു.

വയലിനിൽ മാസ്മരിക പ്രകടനം നടത്തുന്ന ബെനീറ്റ കെവിന്റെ ഇളയ സഹോദരിയാണ്. ബർമിങ്‌ഹാം സെന്റ്. പോൾസ് ഗേൾസ് സ്കൂളിൽ ഇയർ 9 വിദ്യാർത്ഥിനിയായ ഈ കലാകാരി നല്ലൊരു ഡാൻസർ കൂടിയാണ്. വളരെ ചെറിയ പ്രായം മുതൽ വയലിൻ പരിശീലനവും നൃത്ത പരിശീലനവും തുടങ്ങിയ ഈ മിടുക്കി നല്ലൊരു ഗായികയുമാണ്.

publive-image

യുക്മ റീജിയണൽ കലാമേള, ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ സമ്മാനാർഹയാണ് ഈ കൌമാര പ്രതിഭ. ജൂലൈ 2 വ്യാഴം 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) "LET'S BREAK IT TOGETHER" ലൈവ് ടാലന്റ് ഷോയിൽ പ്രേക്ഷകർക്ക് ശ്രുതി മധുര വസന്തത്തിന്റെ ആനന്ദവേള തീർക്കാൻ എത്തുകയാണ് കെവിൻ - ബെനീറ്റ സഹോദരങ്ങൾ. യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ ബർമിങ്ഹാം BCMC അംഗങ്ങളായ തോമസ് ജോസഫ് - ഷീബ തോമസ് ദമ്പതികളുടെ മക്കളാണ് ഈ കൌമാര പ്രതിഭകൾ.

യുക്മ സാംസ്കാരിക വേദിയുടെ "LET'S BREAK IT TOGETHER" എന്ന ലൈവ് ടാലന്റ് ഷോയിൽ പ്രേക്ഷകരെ ആനന്ദിപ്പിക്കുവാൻ എത്തുന്ന കെവിൻ - ബെനീറ്റ സഹോദരങ്ങൾക്ക് മുഴുവൻ സംഗീതാസ്വാദകരുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

"LET'S BREAK IT TOGETHER" ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് - 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ " എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി

സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

kevin thomas
Advertisment