Advertisment

ചിരിപ്പിച്ചുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ നിറസാന്നിധ്യമായി മാറി 'ഖാബി ലെയിം'; ഒരു വാക്ക് പോലും സംസാരിക്കില്ല, ഖാബിയുടെ വിഡിയോ എല്ലാം ഹിറ്റ്; ടിക് ടോക്കില്‍ 10 കോടി ഫോളോവേഴ്സും

author-image
admin
New Update

publive-image

Advertisment

ഖാബി ലെയിം, ആ പേര് പലര്‍ക്കും അപരിചിതമാണെങ്കിലും ആ മുഖം ഒരിക്കലെങ്കിലും കാണാത്ത നെറ്റിസണ്‍സ് കുറവായിരിക്കും. ഏറെ ജനപ്രിയമായ ടിക് ടോക്കില്‍ താരമാണ് ഖാബി. വ്യത്യസ്തമായ രീതിയിലുള്ള വിഡിയോകള്‍ക്കൊണ്ട് ടിക് ടോക്കില്‍ താരമായി മാറിയ അദ്ദേഹത്തന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ മിക്കപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ഖാബിയുടെ വിഡിയോകള്‍ക്ക് ഇന്‍സ്റ്റഗ്രാമിലും ആരാധകര്‍ ഏറെ.

ടിക് ടോക്കില്‍ ഇതിനോടകം തന്നെ പത്ത് കോടി ഫോളോവേഴ്‌സുണ്ട് ഖാബിയ്ക്ക്. നിരവധിയാണ് അദ്ദേഹം പങ്കുവയ്ക്കുന്ന വിഡിയോകള്‍. എന്നാല്‍ ഒരു വിഡിയോയില്‍ പോലും അദ്ദേഹം സംസാരിക്കുന്നില്ല എന്നതാണ് മറ്റൊരു കൗതുകം. ഇതുതന്നെയാണ് ഖാബിയെ സൈബര്‍ ഇടങ്ങളില്‍ വേറിട്ട് നിര്‍ത്തുന്നതും. ഭാവങ്ങളും ആംഗ്യങ്ങളുമുപയോഗിച്ചുള്ള ഖാബിയുടെ ആശയവിനിമയം സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്.

കാഴ്ചക്കാരില്‍ ചിരിയും ചിന്തയും നിറയ്ക്കുന്ന വിഡിയോകളാണ് ഖാബി കൂടുതലായി പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ഈ യുവാവിന്റെ വിഡിയോകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഖബാനി ലെയിം എന്നാണ് ഈ ഇരുപത്തിയൊന്നുകാരന്റെ മുഴുവന്‍ പേര്. എന്നാല്‍ ഖാബി ലെയിം എന്നാണ് സൈബര്‍ ഇടങ്ങളില്‍ അറിയപ്പെടുന്നത്. സെനഗന്‍ വംശജനായ അദ്ദേഹം ഇറ്റലിയിലാണ് താമസിക്കുന്നത്.

ഖാബി ടിക് ടോക്കില്‍ അക്കൗണ്ട് തുടങ്ങിയിട്ട് ഒന്നര വര്‍ഷം ആകുന്നതേയുള്ളൂ. ഇതിനിടെയാണ് 100 മില്യണ്‍ ഫോളോവേഴ്‌സിനെ അദ്ദേഹം സ്വന്തമാക്കിയത്. യൂറോപ്പില്‍ നിന്നും ആദ്യമായാണ് ഒരാള്‍ ഈ നേട്ടം കൈവരിക്കുന്നത്. ഖാബിയുടെ ‘ഇതൊക്കെ സിംപിള്‍ അല്ലേ’ എന്ന മട്ടിലുള്ള ആക്ഷന്‍സ് ഏറെ രസകരമാണ്. എന്തായാലും ചിരിപ്പിച്ചുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

life style
Advertisment