Advertisment

1000 കോടിയുടെ നിക്ഷേപ പദ്ധതി ; തെലങ്കാന സർക്കാരുമായി കരാറിലേർപ്പെട്ട് കിറ്റെക്‌സ് ഗ്രൂപ്പ്

New Update

publive-image

Advertisment

തെലങ്കാന സർക്കാരുമായി ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്കുള്ള കരാറിലേർപ്പെട്ട് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. വെള്ളിയാഴ്ച നടത്തിയ ചർച്ചയിലാണ് കരാറുമായി ബന്ധപ്പെട്ട അന്തിമ ധാരണയിൽ എത്തിയത്. തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവു ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ടെക്‌സ്റ്റൈൽ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് കരാറിലേർപ്പെട്ടിരിക്കുന്നതെന്ന് ചർച്ചയ്ക്ക് ശേഷം സാബു ജേക്കബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വാറങ്കലിലാണ് ആയിരം കോടിയുടെ നിക്ഷേപം നടത്തുന്നത്. കകതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിൽ കിറ്റെക്സിന്റെ ഫാക്ടറികൾ സ്ഥാപിക്കും. ഈ നിക്ഷേപം തെലങ്കാനയിൽ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ട് വര്‍ഷം കൊണ്ട് 4000 തെലുങ്കാന സ്വദേശികള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ട പുരോഗതിയുടെ അടിസ്ഥാനത്തിലാകും തുടര്‍ നിക്ഷേപമെന്ന് കിറ്റെക്സ് എം ഡി സാബു എം ജേക്കബ് തെലുങ്കാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മൂലധന സബ്സിഡിയടക്കം വന്‍ വാഗദാനങ്ങളാണ് കിറ്റെക്സ് ഗ്രൂപ്പിന് തെലുങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്.

നേരത്തെ കേരളത്തില്‍ പദ്ധതി നടപ്പാക്കാന്‍ കിറ്റെക്സ് ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നെങ്കിലും കമ്പനിയിലെ തുടര്‍ച്ചായ ഉദ്യോഗസ്ഥ പരിശോധനയില്‍ പ്രതിഷേധിച്ചായിരുന്നു മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് ഇത് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനെത്തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ കിറ്റെക്സ് ഗ്രൂപ്പിനെ ഔദ്യോഗികമായി ക്ഷണിച്ചത്. തെലുങ്കാനയടക്കം 9 സംസ്ഥാനങ്ങളാണ് കിറ്റെക്സിനെ പദ്ധതി നടപ്പാക്കാന്‍ സമീപിച്ചിരുന്നത്.

ലോകത്തെ രണ്ടാമത്തെ വലിയ കുട്ടികളുടെ വസ്ത്ര നിർമ്മാതാക്കളായ കിറ്റക്‌സ് ഗ്രൂപ്പ് സംസ്ഥാനത്തേക്ക് വരുന്നുവെന്നത് അതിയായ സന്തോഷമുളവാക്കുന്നുവെന്ന് രാമറാവു ട്വിറ്ററിൽ കുറിച്ചു. തെലങ്കാനയിൽ കിറ്റക്‌സ് ഗ്രൂപ്പ് 1000 കോടിയുടെ നിക്ഷേപം നടത്തും. വേഗത്തിൽ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച കിറ്റക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബിന് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

NEWS
Advertisment