എസ്എഫ്‌ഐക്കാര്‍ വാഴ വയ്‌ക്കേണ്ടിയിരുന്നത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍; സഭയില്‍ കെ കെ രമ

New Update

publive-image

Advertisment

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലെല്ലാം സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതായി കെ കെ രമ എംഎല്‍എ. എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും കണ്ടെത്താന്‍ പൊലീസിന് കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ കെ രമ നിയമസഭയില്‍ പറഞ്ഞു.അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നത്. അക്രമം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ലെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് പി സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു.

കള്ളന്‍ കപ്പലില്‍ തന്നെയാണുള്ളത്. കപ്പിത്താന്‍ ആരാണെന്നാണ് ഇനി അറിയേണ്ടതെന്നും കെ കെ രമ ആഞ്ഞടിച്ചു. ആഭ്യന്തര വകുപ്പ് പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. എസ്എഫ്‌ഐക്കാര്‍ വാഴ വയ്‌ക്കേണ്ടിയിരുന്നത് ആഭ്യന്തരമന്ത്രിയുടെ കസേരയിലായിരുന്നെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു. എ കെ ജി സെന്റര്‍ ആക്രമണം കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇവര്‍ പറഞ്ഞു.  സിപിഐഎം ഗുണ്ടാസംഘം അഴിഞ്ഞാടുകയാമെന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെടുകയാമെന്നും പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സിപിഐഎം പ്രവര്‍കത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് നോക്കുകുത്തിയാകുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

പൊലീസിന്റെ നിഷ്‌ക്രിയത്വം മാത്രമല്ല അടിയന്തര പ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് പി സി വിഷ്ണുനാഥ് വിശദീകരിച്ചു. പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുന്ന അപകടകരമായ അവസ്ഥ സംസ്ഥാനത്തെ എവിടെയെത്തിക്കുന്നു എന്നതിലേക്കാണ് സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫിസുകള്‍ സിപിഐഎം അക്രമി സംഘം നശിപ്പിക്കുന്നു. ആലപ്പുഴയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൊലവിളി ജാഥ പോലുമുണ്ടാകുന്നു. പൊലീസ് ഈ കൊലവിളി സംഗീതം ആസ്വദിക്കുകയാണ് ചെയ്യുന്നതെന്ന് പി സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തെ സുരക്ഷിതമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന എകെജി സെന്ററില്‍ പൊലീസ് കാവലില്‍ എങ്ങനെ അക്രമം നടന്നെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്‌കൂട്ടറിലെത്തി സ്‌ഫോടക വസ്തു എറിഞ്ഞെന്ന് സംശയിക്കുന്ന ആളെ പിന്തുടരാന്‍ പോലും പൊലീസ് തയാറാകാത്തതെന്തുകൊണ്ടാണെന്ന് പി സി വിഷ്ണുനാഥ് ചോദിച്ചു. വയര്‍ലസ് സന്ദേശങ്ങളിലൂടെ പ്രതിയെ വളരെയെളുപ്പത്തില്‍ ലൊക്കേറ്റ് ചെയ്യാന്‍ കഴിയുമായിരുന്നിട്ടും പൊലീസ് അത് ചെയ്തില്ല. സിസിടിവി പരിശോധിക്കുന്നതില്‍ പോലും പൊലീസിന്റെ ഭാഗത്തുനിന്നും ദുരൂഹമായ മെല്ലെപ്പോക്കുണ്ടായി. ഏതെങ്കിലും നിരപരാധിയുടെ തലയില്‍ ഇത് കെട്ടിവച്ച് തടിയൂരാനാണ് ഇപ്പോള്‍ പൊലീസ് ശ്രമിക്കുന്നതെന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

Advertisment