സംസ്ഥാനത്ത് ആദ്യഘട്ട വാക്സിനേഷനില്‍ 93.84 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രി

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്സിനേഷനില്‍ 93.84 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.

Advertisment

publive-image

ആദ്യം രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും രണ്ട് പ്രാവശ്യം പേര് ചേര്‍ക്കപ്പെട്ടവര്‍, ഗര്‍ഭിണികള്‍, വിവിധ ആരോഗ്യ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കുവാന്‍ കഴിയാത്തവര്‍, വാക്സിന്‍ നിരസിച്ചവര്‍ എന്നിവരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു.

അവരെ ഒഴിവാക്കി ആകെ രജിസ്റ്റര്‍ ചെയ്ത 3,57,797 പ്രവര്‍ത്തകരില്‍ 3,35,754 പേരാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത്. രജിസ്റ്റര്‍ ചെയ്തതിന് ശേഷം എന്തെങ്കിലും കാരണത്താല്‍ വാക്സിന്‍ എടുക്കാന്‍ കഴിയാതിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ വാക്സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത 100 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും വാക്സിന്‍ സ്വീകരിച്ചു. 99.11 ശതമാനത്തോടെ പാലക്കാടും 98.88 ശതമാനത്തോടെ വയനാടും 99.01 ശതമാനത്തോടെ കൊല്ലം ജില്ലയും തൊട്ടുപുറകിലുണ്ട്. ആദ്യ ഘട്ടത്തില്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കിത്തുടങ്ങി.

സംസ്ഥാനത്ത് ഇതുവരെ 3,35,754 ആരോഗ്യ പ്രവര്‍ത്തകരും 50,151 കോവിഡ് മുന്നണി പോരാളികളും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,85,905 പേരാണ് സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചത്. 129 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്.

രണ്ടാം ഘട്ടത്തില്‍ വാക്സിനേഷന്‍ സ്വീകരിക്കുന്ന പോലീസ്, സൈന്യം, കേന്ദ്ര സായുധ സേന, മുനിസിപ്പല്‍, പഞ്ചായത്ത്, റവന്യൂ ജീവനക്കാരില്‍ 1,44,003 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

kk shylaja speaks kk shylaja
Advertisment