പാലാ: 1979-ൽ സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രി ആയതിനു പിന്നിൽ ഇതുവരെ ആരുമറിയാത്ത കെ.എം. മാണിയുടെ ത്യാഗത്തിൻ്റെയും പാലാ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സർവ്വ മത സാഹോദര്യത്തിൻ്റേയും കഥയുണ്ട്. തെളിവുകൾ സഹിതം ഈ അറിയപ്പെടാത്ത രഹസ്യം അനാവരണം ചെയ്യുന്നത് എം.ജി. സർവ്വകലാശാലാ മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യനാണ്.
/sathyam/media/post_attachments/iuGhL7LZ0bZesODsAwWA.jpg)
"വയലിൽ തിരുമേനിയുടെ സ്നേഹ വാക്കുകൾ കേട്ട് കെ. എം. മാണി മാറിക്കൊടുത്തില്ലായിരുന്നെങ്കിൽ അന്ന് സിഎച്ച്. മുഖ്യമന്ത്രി ആവുകയില്ലായിരുന്നു..... " ഡോ. ബാബു സെബാസ്റ്റ്യൻ പറയുന്നു.
മതവിഭാഗങ്ങൾ ചേരിതിരിയുന്ന ഇക്കാലത്ത് ഈ ത്യാഗ - മതസാഹോദര്യ ചരിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. കെ.എം. മാണിയുമായി ഹൃദയ ബന്ധം സൂക്ഷിച്ചിരുന്ന ഡോ.ബാബു സെബാസ്റ്റ്യൻ ഇന്നലെ നടന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തിലാണ് ഇത് വെളിപ്പെടുത്തിയത്.
ഇതു സംബന്ധിച്ചുള്ള വിശദമായ കാര്യങ്ങൾ ഡോ. ബാബു സെബാസ്റ്റ്യൻ പിന്നീട് പങ്കുവെച്ചു.; 1979-ൽ പി.കെ. വി. സർക്കാർ രാജിവെച്ചെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. അക്കാലത്തെ ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമി മക്കൾക്ക് ഇഷ്ടദാനം നൽകാൻ സർക്കാർ നിയമം പാസ്സാക്കി. പക്ഷേ ഹൈക്കോടതി ഇതിനു തടയിട്ടു.
ഹൈക്കോടതി വിധിയെ മറികടക്കാൻ പുതിയൊരു സർക്കാർ വന്ന് നിയമനിർമ്മാണം നടത്തിയേ പറ്റൂ എന്ന അവസ്ഥ വന്നു. ഇല്ലെങ്കിൽ മലബാറിലേയും മധ്യകേരളത്തിലേയും ഒരുപാട് പേർക്ക് സ്വന്തം ഭൂമി നഷ്ടപ്പെടുന്ന സാഹചര്യം .
ഇതോടെ മാണിയും മുഹമ്മദു കോയയുമൊക്കെ ചേർന്ന് ഏതു വിധേനയും സർക്കാരുണ്ടാക്കാൻ ശ്രമം തുടങ്ങി. അത് വിജയത്തിലേക്ക് അടുത്തു . മാണിയെ മുഖ്യമന്ത്രിയാക്കാൻ കൂടുതൽ എം. എൽ.എ. മാരുടെ നീക്കമായി.
അന്ന് കെ.എം. മാണിക്ക് 22 എം.എൽ.എ.മാരുണ്ട്. ലീഗിന് 12-ഉം, എൻ. ഡി.എ. യ്ക്ക് ആറും. ഇതിൽ എൻ.ഡി.പി യുടെ നാലും എസ്. ആർ.പി. യുടെ 2 എം.എൽ.എ.മാരുടെയും പിന്തുണയും മാണിക്കുറപ്പ്.
എം.എൽ.എമാർ കുറവാണെങ്കിലും ഭരണ രംഗത്തെ പരിണിതപ്രജ്ഞനായ മുഹമ്മദ് കോയയെ മന്ത്രിയാക്കണമെന്നായി ലീഗ് .മാണിയും കൂട്ടരും ഇതിനോടു യോജിച്ചില്ല .അന്ന് സി.എച്ച് .ൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന വികെ ബീരാൻ, സുഹൃത്തായിരുന്ന അന്നത്തെ അഡ്വ.ജനറൽ ജോർജ് മാത്യു കളപ്പുരയേയും കൂട്ടി പാലാ അരമനയിൽ ചെന്ന് വയലിൽ പിതാവിനെ കണ്ടു.
മാണി - കോയ തർക്കം തുടർന്നാൽ സർക്കാർ രൂപീകരിക്കാനാവാതെ വരുമെന്നും സമുദായാംഗങ്ങളുടെ ഏക്കറ് കണക്കിന് ഭൂമി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്നും ധരിപ്പിച്ചു.
അന്ന് രാത്രി തന്നെ കെ.എം. മാണിയെ വിളിപ്പിച്ച വയലിൽ പിതാവ് " കുഞ്ഞു മാണി മാറി കൊടുക്ക്, സീനിയറായ മുഹമ്മദ് കോയ മുഖ്യമന്ത്രിയാകട്ടേ " എന്ന് നിർദ്ദേശിച്ചു. വയലിൽ തിരുമേനിയുടെ വാക്കുകൾ കേട്ട് അന്ന് മാണി സമ്മതം മൂളുകയായിരുന്നു .
അങ്ങനെയാണ് സി.എച്ച്. അന്ന് മുഖ്യമന്ത്രിയായത്." - ഡോ. ബാബു സെബാസ്റ്റ്യൻ പറഞ്ഞു.
വികെ ബീരാന്‍ ഉൾപ്പെടെ സർവ്വകക്ഷി നേതാക്കൾ പങ്കെടുത്ത കൊച്ചിയിലെ സി.എച്ച്. അനുസ്മരണാ പരിപാടിയിലാണ് ഡോ. ബാബു സെബാസ്റ്റ്യൻ ഇത് വെളിപ്പെടുത്തിയത്.
താൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ബീരാൻ സാഹിബ് തിരുത്തട്ടേയെന്ന് ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞെങ്കിലും പിന്നീട് സംസാരിച്ച വികെ ബീരാനും ഇതു ശരി വയ്ക്കുകയാണുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us