കെ.എം.മാണിയുടെ നന്മ പോലെ “മാണിച്ചേട്ടൻ”

സുനില്‍ പാലാ
Thursday, April 9, 2020

കേട്ടറിവുള്ള കെ.എം.മാണിയെ ഹൃദയത്തിലേറ്റി ഒരു കൊച്ചനുജത്തി സ്വന്തം സഹോദരനെ വിളിച്ചു; “മാണിച്ചേട്ടൻ ! “അതികായനായ ജനകീയ നേതാവ് കെ.എം. മാണിയുടെ ഒന്നാം ചരമവാർഷിക നാളിൽ മാണിയുടെ മനസ്സിന്റെ നന്മ പോലെ തിളങ്ങുകയാണ് വൈക്കം മറവന്തുരുത്ത് കരപ്പുറം വീട്ടിൽ പി.ഗോപകുമാർ എന്ന “മാണിച്ചേട്ടനും”, സഹോദരി കെ.പി. അശ്വതി തങ്കച്ചിയും.

ഈ സംഭവ കഥയുടെ ചുരുളഴിയാൻ മൂന്നര പതിറ്റാണ്ട് പിന്നിലേക്ക് പോകണം; മറവന്തുരുത്ത് കരപ്പുറം വീട്ടിൽ റിട്ട. ഐ.ആർ.ഡി. ഓഫീസർ കെ. പരമേശ്വരന്റേയും റിട്ട. അധ്യാപിക സുമതിയമ്മയുടെയും മക്കളാണ് ഗോപകുമാറും അശ്വതി തങ്കച്ചിയും. അശ്വതി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അന്ന് മന്ത്രിയായിരുന്ന കെ.എം.മാണിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്.

അന്ന് ” കേരളകൗമുദി “യിൽ കെ.എം.മാണിയുടെ സ്വഭാവസവിശേഷതകളെക്കുറിച്ചും ഭരണ പ്രാഗത്ഭ്യത്തെക്കുറിച്ചും വന്ന വാർത്ത അച്ഛൻ പരമേശ്വരൻ ഉറക്കെ വായിച്ചത് ആ 10 വയസ്സുകാരിയുടെ മനസ്സിൽ തൊട്ടു. അതു വരെ “കുഞ്ഞണ്ണാ ” എന്ന് വിളിച്ചിരുന്ന ചേട്ടൻ ഗോപകുമാറിനോടായി അവൾ പറഞ്ഞു ; മാണി സാറിന്റെ സ്വഭാവമുള്ള കുഞ്ഞണ്ണനെ ഞാനിനി “മാണിച്ചേട്ടാ ” എന്നേ വിളിക്കൂ.

അങ്ങനെ പാലായിലെ കരിങ്ങോഴയ്ക്കൽ വീട് പോലെ മറവന്തുരുത്തിലെ കരപ്പുറം വീട്ടിലുമൊരു “മാണിച്ചേട്ടൻ ” ജനിച്ചു. ഗോപകുമാർ പിന്നീട് ഐ.ആർ. എസ്- ൽ എത്തി ഇപ്പോൾ ബാംഗ്ലൂരിൽ കസ്റ്റംസിൽ ജോയിന്റ് കമ്മീഷണറാണ്; അശ്വതി തങ്കച്ചി മേവെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്ക്കൂളിലെ ഗണിത ശാസ്ത്ര അധ്യാപികയും. കെ.എം. മാണി എന്ന നന്മ മരം പോലെ അശ്വതിയുടെ “മാണിച്ചേട്ടനും ” കാരുണ്യവഴിയിലാണ്.ബാംഗ്ലൂരിലെ കേരള സമാജം വഴി ഗോപകുമാർ നടത്തുന്ന സൗജന്യ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം വഴി ഇതേവരെ നൂറ്റി ഇരുപതോളം പേരെ ഉന്നത ഉദ്യോഗത്തിലേക്ക് കൈപിടിച്ചുയർത്താൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇവരുടെ മൂത്ത ചേട്ടൻ പി. ശിവ പ്രസാദ് കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഓഫീസറാണ്.

പിന്നെയാണ് കഥയുടെ വഴിത്തിരിവ്; കേട്ടറിവുകൊണ്ട് കെ.എം. മാണിയെ നെഞ്ചേറ്റിയ അശ്വതി തങ്കച്ചിയുടെ പാതി ജീവിതം പാലായിലേക്ക് തന്നെ വന്നു ; അശ്വതിയെ വിവാഹം കഴിച്ച മാധ്യമ പ്രവർത്തകൻ സി.ജി. ഡാൽമി പാലാ ചെമ്പിളാവ് സ്വദേശി . ഡാൽമിയുടെ ഇളയ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കെ. എം.മാണി എത്തിയപ്പോഴാണ് ആദ്യമായി അശ്വതി കെ.എം. മാണിയെ കാണുന്നത്. അന്ന് ചേട്ടൻ “മാണിച്ചേട്ടനെയും ” സാക്ഷാൽ മാണിക്ക് , ഡാൽമിയും അശ്വതിയും ചേർന്ന് പരിചയപ്പെടുത്തിയെങ്കിലും “കഥയൊന്നും ” പറഞ്ഞില്ല.

കഴിഞ്ഞ ഏപ്രിൽ 9ന് മാണി മരിച്ച വിവരം ഭർത്താവിൽ നിന്നറിഞ്ഞ അശ്വതി ഞെട്ടി; അപ്പോൾ തന്നെ “മാണിച്ചേട്ടനേയും ” വിവരമറിയിച്ചു. പിറ്റേന്ന് സ്കൂളിൽ ഒഴിവാക്കാനാവാത്ത പരീക്ഷ ഉണ്ടായിരുന്നിട്ടും കുടുംബാംഗങ്ങളോടൊപ്പം രാവിലെ പാലാ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി മാണിക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷമാണ് അശ്വതി വെള്ളൂർക്ക് വണ്ടി കയറിയത്.

×