Advertisment

എല്ലാ പഞ്ചായത്തുകളിലും പ്രവാസി ക്ഷേമകാര്യ സ്ഥിരം സമിതികള്‍ വേണം : ഖത്തര്‍ കെഎംസിസി

New Update

publive-image

Advertisment

ദോഹ: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഓരോ പഞ്ചായത്തിലും പ്രവാസി കാര്യങ്ങള്‍ക്കായി ഓരോ സ്റ്റാന്റിംഗ് കമ്മിറ്റി പ്രത്യേകമായി രൂപീകരിക്കണമെന്ന ആവശ്യവുമായി ഖത്തർ കെഎംസിസി.

ഇക്കാര്യത്തില്‍ ആവശ്യമുള്ള മിനിമം ജനസംഖ്യയുടെ പ്രശ്നമുണ്ടെങ്കില്‍ കേരളത്തിലെ 14 ജില്ലാ പഞ്ചായത്തുകളിലും ആറു കോര്‍പ്പറേഷനുകളിലും സ്ഥിരം പ്രവാസി ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ ഉണ്ടാക്കുകയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ പ്രവാസി കാര്യങ്ങള്‍ കൂടി ഉൾപ്പെടുത്തുകയും ചെയ്യണമെന്നു ആവശ്യപ്പെടുകയാണ്.

ഇത്തരമൊരു സ്ഥിര സമിതിയുടെ കീഴില്‍, ഓരോ പഞ്ചായത്തിലെയും പ്രവാസികളുടെയും മടങ്ങി വന്നവരുടെയും കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ചു അതാതു പ്രദേശത്തിന് അനുയോജ്യമായ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാനുള്ള അധികാരം അവര്‍ക്ക് നല്‍കണം.

നിലവില്‍ പ്രവാസികളായവരുടെ സാമ്പത്തിക മുതല്‍ മുടക്കും സ്വീകരിച്ച് ലാഭ വിഹിതം നല്‍കാവുന്ന തരത്തിലുള്ള പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്.

കൂട്ടത്തില്‍ നിലവിലുള്ള പ്രവാസികളുടെയും ഭാവി പ്രവാസികളുടെയും നൈപുണ്യ വികസനവും, ക്ഷേമ പ്രവര്‍ത്തനങ്ങളും സഹായ പദ്ധതികളും ഒക്കെ ആവിഷ്ക്കരിച്ചു നടപ്പാക്കാനുള്ള വിപുലമായ അവകാശാധികാരങ്ങള്‍ നല്‍കുന്ന വിധത്തില്‍ ഈ സ്റ്റാന്റിംഗ് കമ്മിറ്റി രൂപപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇത്തരമൊരു ആവശ്യം മുമ്പോട്ടു വെക്കുന്നതിന്റെ പശ്ചാത്തലം, ലോകമാകെ കത്തിപ്പടര്‍ന്ന കൊറോണക്കാലത്തെ ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമാണ്. ലക്ഷക്കണക്കിനാളുകള്‍ മരിക്കുന്നു. സാമ്പത്തികനില തകര്‍ന്നടിഞ്ഞു. രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്ന് പുനഃരാരംഭിക്കാന്‍ ആകുമെന്ന് ഒരു നിശ്ചയവുമില്ല.

കേരളത്തിലെ അവസ്ഥ കൂടുതല്‍ ഗുരുതരമാണ്. നിശ്ചലമായ നിര്‍മ്മാണ മേഖല, നിര്‍ജീവമായ വ്യാപാര വാണിജ്യമേഖല, ലക്ഷക്കണക്കിനു തൊഴിലാളികള്‍ തൊഴില്‍ രഹിതരായി.

നേരത്തെ തൊഴിലില്ലാത്തവരുടെ പട്ടികയിലേക്ക് ഏതാണ്ട് മൂന്നു ലക്ഷത്തോളം പ്രവാസികള്‍ ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും നാട്ടിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞിരിക്കുന്നു.

ഈ തിരിച്ചു വരവ് പ്രവാസി വരുമാനത്തില്‍ വലിയ തോതിലുള്ള കുറവുണ്ടാക്കും.

നമ്മുടെ സംസ്ഥാനം കുറെ പതിറ്റാണ്ടുകളായി ഒരു പ്രവാസി ബന്ധിത സാമ്പത്തിക ക്രമം നിലനില്‍ക്കുന്ന നാടാണ്. നമുക്ക് വന്‍ വ്യവസായങ്ങളില്ല. വലിയ തോതിലുള്ള കൃഷിപ്പാടങ്ങളും ഇല്ല. ജനസാന്ദ്രത കൂടിയ ഈ സംസ്ഥാനത്തെ ഉള്ള ഭൂമി വീടും റോഡും കെട്ടിടങ്ങളും അങ്ങാടികളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

നമുക്കാകെയുള്ള കയറ്റുമതി എന്ന് പറയുന്നത് മാനവ വിഭവശേഷിയാണ്. ലോകത്തിന്റെ ഏതു രാജ്യത്തും ഏതു പ്രതികൂലാവസ്ഥയിലും ഏതു ജനവിഭാഗങ്ങള്‍ക്കിടയിലും ഇടകലര്‍ന്നു ഇഴുകിച്ചേരാന്‍ അസാമാന്യ സാമര്‍ത്ഥ്യവും മിടുക്കും കാണിക്കുന്ന മാനവ വിഭവ ശേഷിയാണിത്‌.

ആ സമ്പത്തിന്റെ നൈപുണ്യ വികാസത്തിന് വേണ്ടത്ര പരിഗണനയും പരിപോഷണവും നല്‍കേണ്ട ബാധ്യത കേരളത്തിലെ ഭരണ സംവിധാനത്തിനുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കേണ്ട ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ. കേരളത്തിലെ ഭക്ഷ്യ സ്വയംപര്യാപ്തതയും വലിയ ചോദ്യ ചിഹ്നമായി നില നില്‍ക്കുന്നു എന്നതും അടിയന്തിര പ്രാധാന്യമുള്ള ഒരു കാര്യമാണ്.

ഈ സാഹചര്യത്തിലാണ് നമ്മുടെ സംസ്ഥാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു നടക്കുന്നത്. ഇക്കാര്യങ്ങള്‍ പ്രകടന പത്രികയില്‍ ഒരു അജണ്ടയായി ഉള്‍പ്പെടുത്തണം എന്നും അഭ്യര്‍ത്ഥിക്കുന്നു.

1995 സെപ്റ്റംബര്‍ 18ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 17 വകുപ്പുകളില്‍നിന്ന് സ്ഥാപനങ്ങളും തസ്തികകളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് കീഴിലേക്ക് കൈമാറി. ഇതനുസരിച്ച് 29 മേഖലകളിലെ ത്രിതല പഞ്ചായത്തുകളുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും, ആക്ടിവിറ്റി മാപ്പിങ്ങിലൂടെ കൃത്യമായി വേര്‍തിരിച്ചു നല്‍കി.

കൃഷി ഓഫീസര്‍, വെറ്റിനറി സര്‍ജന്‍, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍, സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ തുടങ്ങി ഒന്നാം നിര ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ഗ്രാമപഞ്ചായത്തുകള്‍ക്കും, ബ്ലോക്ക് തല ഉദ്യോഗസ്ഥരെ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും, ജില്ലാതല ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ജില്ലാ പഞ്ചായത്തുകള്‍ക്കും കൈമാറി.

വിവിധ തട്ടുകളിൽ നടക്കുന്ന പ്രാദേശിക ആസൂത്രണ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്​ തദ്ദേശ സ്വയംഭരണവകുപ്പിന് കീഴിലെ പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, തദ്ദേശ സ്വയംഭരണ എഞ്ചി നീയറിംഗ് വിംഗ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച്​ 2020 ജൂലൈയില്‍ നടപ്പാക്കിയ ഏകീകൃത തദ്ദേശ സ്വയംഭരണ സര്‍വീസ് അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തുന്ന പ്രധാന നടപടിയായി മാറിയിട്ടുണ്ടിപ്പോള്‍.

കേരളത്തിലെ സാധാരണക്കാരന് തങ്ങളുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ സമീപിക്കാവുന്ന സര്‍ക്കാര്‍ സംവിധാനമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും മാറ്റപ്പെടേണ്ടതുണ്ട്.

അതിനായിരിക്കണം ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും മുന്‍‌തൂക്കം നല്‍കേണ്ടത്. നകീയാസൂത്രണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഒരു സുസ്ഥിര വികസന സമീപനം പിന്തുടരാന്‍ ഭൂരിഭാഗം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.

പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തമാക്കി പ്രാദേശിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി ഓരോ പ്രദേശത്തെയും ജനങ്ങളെ സ്വയം പര്യാപ്തരാക്കി ക്ഷേമ പഞ്ചായത്തുകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

ഇതിനു പകരം ഇന്നിപ്പോള്‍ പലയിടങ്ങളിലും നടക്കുന്നത് റോഡും തോടും പാലവും കെട്ടിടങ്ങളും അതിലെ നിര്‍മ്മാണ പ്രവൃത്തികളും ഫണ്ട് വിനിയോ ഗങ്ങളുമാണ് എന്നത് ഖേദകരമാണ്.

മത്സ്യ പച്ചക്കറി കൃഷിയടക്കമുള്ള കാര്‍ഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും, പ്രാദേശിക ഉത്പാദന പ്രക്രിയയെ ശക്തിപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. മാലിന്യ നിര്‍മാര്‍ജ്ജനത്തിനു പ്രാധാന്യം നല്‍കി പരിസ്ഥിതി സൗഹൃദ ക്ഷേമ പഞ്ചായത്തുകളാകട്ടെ നമ്മുടെ ലക്ഷ്യം.

നിലവിലുള്ള സ്റ്റാന്റിംഗ് കമ്മിറ്റികള്‍ വിഭജിച്ചും പുതിയവ രൂപീകരിച്ചും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും, നൈപുണ്യ വികസനത്തിനും പ്രവാസി ക്ഷേമത്തിനും മാലിന്യ സംസ്ക്കരണത്തിനും, വര്‍ദ്ധിത ഉല്‍പ്പാദന മേഖലക്കും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ക്ഷേമ പഞ്ചായത്തുകള്‍ അതുവഴി ക്ഷേമ സംസ്ഥാനവും പടുത്തുയര്‍ത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്‌.

നാടിന്റെ വികസന കാര്യത്തില്‍ സങ്കുചിത കക്ഷി രാഷ്ട്രീയത്തെ പടിക്ക് പുറത്തു നിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണം എന്ന അഭ്യര്‍ത്ഥന മുമ്പോട്ടു വെക്കുകയാണ്.

മൊത്തം സംസ്ഥാന പദ്ധതിയുടെ 24.5% തുക അതായത് 7500 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ഗവണ്‍മെന്റ്, വികസനഫണ്ട് ഇനത്തില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചത്.

ഇതിനു പുറമേ സംസ്ഥാനത്തിന്റെ സ്വന്തനികുതി വരുമാനത്തിന്റെ 3.5% ജനറല്‍ പര്‍പ്പസ് ഫണ്ടും 6% മെയിന്റനന്‍സ് ഫണ്ടും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതവും ലഭിക്കുന്നുണ്ട് ത്രിതല പഞ്ചായത്തുകള്‍ക്ക്.

ഇതെല്ലാം ചേര്‍ത്ത്, ഇരുപതിനായിരത്തിലധികം കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ് നമ്മുടെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കെല്ലാം കൂടി കഴിഞ്ഞ വര്‍ഷത്തില്‍ തയ്യാറാക്കിയത്.

പുതിയ കാലത്ത് സേവന മേഖലയിലല്ല,

മറിച്ച് ഉത്പാദന, പുനരധിവാസ കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പ്രാദേശിക വികസനത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ പ്രവാസി പുനരധിവാസവും ക്ഷേമ പദ്ധതികളും മുഖ്യ അജണ്ടകളിലൊന്നായി സ്വീകരിക്കണമെന്ന് ഒരിക്കല്‍ കൂടി കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.

അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ ഓരോ പഞ്ചായത്തിലും പ്രവാസികാര്യങ്ങള്‍ക്കായി ഓരോ സ്റ്റാൻ്റിംഗ് കമ്മിറ്റി പ്രത്യേകമായി രൂപീകരിക്കണമെന്ന് ഉത്തരവിറക്കണമെന്നു കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ഇതിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തണമെന്നു പ്രതിപക്ഷ കക്ഷികളോടും ആവശ്യപ്പെടുന്നു.

ഇത്തരമൊരു സ്ഥിര സമിതിയുടെ കീഴില്‍, ഓരോ പഞ്ചായത്തിലെയും പ്രവാസികളുടെയും മടങ്ങി വന്നവരുടെയും കൃത്യമായ സ്ഥിതി വിവര കണക്കുകള്‍ ശേഖരിച്ചു അതാതു പ്രദേശത്തിന് അനുയോജ്യമായ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാനുള്ള അധികാരം അവര്‍ക്ക് നല്‍കണം.

നിലവില്‍ പ്രവാസികളായവരുടെ സാമ്പത്തിക മുതല്‍ മുടക്കും സ്വീകരിച്ച് ലാഭവിഹിതം നല്‍കാവുന്ന തരത്തിലുള്ള പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്.

കൂട്ടത്തില്‍ നിലവിലുള്ള പ്രവാസികളുടെയും ഭാവി പ്രവാസികളുടെയും നൈപുണ്യ വികസനവും, ക്ഷേമ പ്രവര്‍ത്തനങ്ങളും സഹായ പദ്ധതികളും ഒക്കെ ആവിഷ്ക്കരിച്ചു നടപ്പാക്കാനുള്ള വിപുലമായ അവകാശാധികാരങ്ങള്‍ നല്‍കുന്ന വിധത്തില്‍ ഈ സ്റ്റാന്റിംഗ് കമ്മിറ്റി രൂപപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

doha news
Advertisment