കോലി ഇത്തവണയും ക്രിക്കറ്റർമാരുടെ മാനം കാത്തു; കോലിയുടെ റൺസ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും ഒരുപോലെയാണ്; രണ്ടും റോക്കറ്റ് പോലെ കുതിക്കുകയാണ്, മുകളിലോട്ട്!

സ്പോര്‍ട്സ് ഡസ്ക്
Sunday, May 31, 2020

പ്രശസ്ത ധനകാര്യ മാധ്യമസ്ഥാപനമായ ഫോബ്സിന്റെ സമ്പന്നതാരങ്ങളുടെ പട്ടികയിൽ‍ ഇടംപിടിച്ച് കോലി ഇത്തവണയും ക്രിക്കറ്റർമാരുടെ മാനം കാത്തു.

കഴിഞ്ഞ 12 മാസങ്ങളിലെ (2019 ജൂൺ – 2020 മേയ്) ഏറ്റവും സമ്പന്നരായ 100 കായിക താരങ്ങളുടെ പട്ടികയിലുള്ള ഒരേയൊരു ക്രിക്കറ്റ് താരമാണു കോലി. ടെന്നിസ് താരം റോജർ ഫെഡററാണ് ഒന്നാമത്.

കോലി 196 കോടി!

കഴിഞ്ഞ വർഷം 2.60 കോടി യുഎസ് ഡോളറാണ് (ഏകദേശം 196 കോടി രൂപ) കോലി സമ്പാദിച്ചത്. ഇതിൽ 181 കോടിയും പരസ്യവരുമാനമാണ്. ബാക്കി പ്രതിഫലവും പാരിതോഷികങ്ങളും. 2019ലെ പട്ടികയിൽ 2.50 കോടി ഡോളറുമായി 100–ാം സ്ഥാനത്തായിരുന്നു കോലി. ഇത്തവണ 66–ാം സ്ഥാനത്ത്.

പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീഴ്ത്തി ടെന്നിസ് താരം റോജർ ഫെഡറർ ഇത്തവണ ഒന്നാം സ്ഥാനത്തേക്കു കയറി. 10.63 കോടി ഡോളറാണ് (ഏകദേശം 802 കോടി രൂപ) കഴിഞ്ഞ 12 മാസങ്ങളിൽ ഫെഡറർ സമ്പാദിച്ചത്. റൊണാൾഡോ രണ്ടാമത്; ഏകദേശം 793 കോടി രൂപ. ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തുന്ന ആദ്യ ടെന്നിസ് താരമാണു ഫെഡറർ. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി (785 കോടി), ബ്രസീൽ ഫുട്ബോൾ താരം നെയ്മർ (721 കോടി) എന്നിവരാണു മൂന്നും നാലും സ്ഥാനങ്ങളിൽ.

അമേരിക്കൻ ധനകാര്യ മാധ്യമസ്ഥാപനമായ ഫോബ്സ് പുറത്തിറക്കുന്ന വാർഷിക പട്ടികകളിൽ ഒന്നാണ് ‘ലോകത്തെ ഏറ്റവും സമ്പന്നരായ കായികതാരങ്ങൾ’ എന്നത്. പരസ്യവരുമാനം, മത്സരങ്ങളിൽ നിന്നുള്ള പ്രതിഫലം, പാരിതോഷികം, ബോണസ് എന്നിവയെല്ലാമാണ് കണക്കു കൂട്ടുന്നത്.

കൊറോണ വൈറസ് വ്യാപനം മൂലം ഈ വർഷം മാർച്ച് മുതൽ മത്സരങ്ങൾ തടസ്സപ്പെട്ടതു താരങ്ങളുടെ വരുമാനത്തെയും ബാധിച്ചു. കഴിഞ്ഞ വർഷത്തെ പട്ടികയിലെ 100 കായികതാരങ്ങൾ സമ്പാദിച്ചത് ഏകദേശം 30,209 കോടി രൂപ ആയിരുന്നെങ്കിൽ ഇത്തവണ അത് ഏകദേശം 27,188 കോടിയായി കുറഞ്ഞു.

ഫോബ്സ് TOP 10

1 റോജർ ഫെഡറർ (ടെന്നിസ്) 802 കോടി

2 ക്രിസ്റ്റ്യാനോ റൊണാൾഡോ (ഫുട്ബോൾ) 793 കോടി

3 ലയണൽ മെസ്സി (ഫുട്ബോൾ) 785 കോടി

4 നെയ്മർ (ഫുട്ബോൾ) 721 കോടി

5 ലെബ്രോൺ ജയിംസ് (ബാസ്കറ്റ്ബോൾ) 666 കോടി

6 സ്റ്റീഫൻ കറി (ബാസ്കറ്റ്ബോൾ) 562 കോടി

7 കെവിൻ ഡുറാന്റ് (ബാസ്കറ്റ് ബോൾ) 482 കോടി

8 ടൈഗർ വുഡ്സ് (ഗോൾഫ്) 470 കോടി

9 കിർക് കസിൻസ് (അമേരിക്കൻ ഫുട്ബോൾ) 457 കോടി

10 കാർസൻ വെന്റ്സ് (അമേരിക്കൻ ഫുട്ബോൾ) 446 കോടി

 

×