/sathyam/media/post_attachments/2b1rz4PgeGJAMBIkzRMb.jpg)
പാലാ : കിടങ്ങൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ മദ്യലഹരിയില്‍ യുവാവിനെ തലക്കടിച്ച് കൊന്ന കേസില്‍ സുഹൃത്ത് പോലീസ് പിടിയിലായി . കിഴക്കേ കൂടല്ലൂര്‍ വെള്ളാപ്പള്ളില്‍ ലൂയിസിന്റെ മകന്‍ ലിജോ (39) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് കിഴക്കേ കൂടല്ലൂര്‍ ചിലമ്പാട്ടുകുന്നേല്‍ ആൽബിന്‍ തോമസിനെ (25) പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 10 മണിയോടെ പഴയ കൂടല്ലൂര്‍ ചന്തക്ക് സമീപമാണ് സംഭവം നടന്നത്. ലിജോയും സുഹൃത്ത് ഗിരീഷും ഈസ്റ്റര്‍ ദിനത്തില്‍ ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിന് ശേഷം 10 മണിയോടെ ലിജോ തന്റെ ബൈക്കിൽ ഗിരീഷിനെ വീട്ടില്‍ കൊണ്ടുപോയി വിട്ടു. ഗിരീഷിന്റെ വീടിന് മുന്നിലാണ് പ്രതി ആല്‍ബിന്റെ വീട്.
ആല്‍ബിനും ലിജോയും തമ്മില്‍ മുമ്പ് തന്നെ വഴക്കും വൈരാഗ്യവുമുണ്ടായിരുന്നു. വീടിന് മുന്നിലെത്തിയ ലിജോ അങ്ങോട്ടുനോക്കി അസഭ്യം പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത് ആല്‍ബിന്റെ പിതാവ് വീടിന് പുറത്തേക്ക് വന്നതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു. ബഹളം കേട്ട് വീടിനകത്തു നിന്നും ആല്‍ബിന്‍ പുറത്തേക്ക് വന്നു.
പ്രശ്‌നത്തില്‍ ഇടപെട്ട ആല്‍ബിനും ലിജോയും തമ്മില്‍ അസഭ്യവര്‍ഷവും തുടര്‍ന്ന് കയ്യേറ്റവും നടന്നു. ഇതിനിടെ മുറ്റത്തുകിടന്ന വിറക് കമ്പിന് ആല്‍ബിന്‍ ലിജോയുടെ തലക്കടിച്ചതായി പോലീസ് പറഞ്ഞു. അടിയേറ്റ് നിലത്തുവീണ ലിജോ കുറച്ചുനേരം അവിടെ കടന്നു. അതിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയ ലിജോ മദ്യലഹരിയില്‍ കിടന്നുറങ്ങുകയും ചെയ്തു. ഇതിനിടെ വാക്കേറ്റമുണ്ടായെന്നും അക്രമം നടത്തിയെന്നും കാണിച്ച് ആല്‍ബിന്റെ പിതാവ് ലിജോക്കെതിരെ കിടങ്ങൂര്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതിന്റെ ഭാഗമായി ആല്‍ബിന്റെ വീട്ടിലും ലിജോയുടെ വീട്ടിലും പരിശോധനക്കെത്തിയതായി പറയുന്നു. വിവരം അറിയിക്കുന്നതിനായി ലിജോയുടെ ഭാര്യ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അനക്കമില്ലെന്ന് കണ്ടത്. തുടര്‍ന്ന് കിടങ്ങൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
പ്രാഥമികപരിശോധനയില്‍ ലിജോയുടെ ശരീരത്തില്‍ പാടുകളൊന്നും കണ്ടെത്തിയിരുന്നില്ല. തലക്ക് അടിയേറ്റതായി കണ്ടെത്തിയെങ്കിലും അവിടെയും പുറമെ പരിക്കുകളൊന്നും കാണാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമ്പോൾ കൂടുതല്‍ വിവരം വ്യക്തമാകൂമെന്ന് കിടങ്ങൂര്‍ സി .ഐ സിബി തോമസ് പറഞ്ഞു.
മരിച്ച ലിജോയുടെ സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍. മാതാവ് : കൂടല്ലൂര്‍ നടുവിലേക്കരോട്ട് ലീല. ഭാര്യ സോഫി പുന്നത്തുറ മത്തലക്കാട്ടില്‍ കുടുംബാംഗം.
മക്കള്‍ : എയ്ഞ്ചല്‍, ആന്‍ലിയ, അല്‍ന മരിയ. സഹോദരങ്ങള്‍: ലിജി, ലീന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us