കോട്ടയത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 18 ആയി..... നമ്മൾ അതീവ ജാഗ്രത കാണിച്ചേ മതിയാകൂ.... രോഗത്തെ തടഞ്ഞു നിർത്താൻ ഇതു മാത്രമാണു പരിഹാരം .... ദൗർഭാഗ്യവശാൽ നമ്മുടെ നാടെങ്ങാൻ കണ്ടയ്മെൻറ് സോണിൽപ്പെട്ടാലോ,...... ???

New Update

കണ്ടയ്മെൻ്റ് സോണിൽ ഒരു ഗ്രാമത്തിൻ്റെ , ഒരു ഭാഗം മാത്രം ഉൾപ്പെട്ടപ്പോഴുള്ള പുകിലുകൾ, അവഗണനകൾ, പേടിയോടെ മറ്റുള്ളവർ നമ്മെ നോക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന കാര്യങ്ങൾ... എല്ലാം ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ കേട്ട കാര്യങ്ങൾ ,പ്രിയപ്പെട്ടവരെ നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുകയാണ്..... അതീവ ജാഗ്രത പുലർത്തണേ എന്ന മുന്നറിയിപ്പോടെ .....

Advertisment

publive-image

ഏഴാച്ചേരിക്കാർ ഇതെന്തു പിഴച്ചു ...?

ഓഫീസിലും ബാങ്കിലും ആശുപത്രിയിലും വരെ ഏഴാച്ചേരിക്കാർക്ക് വിലക്ക്....!

കൊവിഡ് പ്രതിരോധ ഭാഗമായി ഏഴാച്ചേരിയിലെ ഒരു വാർഡിൻ്റെ ഏതാനും ഭാഗങ്ങൾ കണ്ടയ്‌ൻമെൻ്റ് സോണായി പ്രഖ്യാപിച്ചതാണ് മറ്റു നാടുകളിലും നഗരങ്ങളിലുമുള്ളവർക്ക് " ഏഴാച്ചേരിപ്പേടി " വരാൻ കാരണം.

ഇതാ മൂന്ന് ഉദാഹരണങ്ങൾ;

പാലാ കെ. എസ്. ആർ.ടി.സി. ഡിപ്പോയിലെ ജീവനക്കാരിയും ഏഴാച്ചേരി സ്വദേശിയുമായ ഒരു യുവതി പതിവുപോലെ ഡിപ്പോയിൽ ജോലിക്കെത്തി. പക്ഷേ സഹ പ്രവർത്തകർക്കൊക്കെ മിണ്ടാനും അടുത്തുവരാനും ഒരു വല്ലായ്മ പോലെ. ചില മേലുദ്യോഗസ്ഥരാകട്ടെ, നിങ്ങൾ ഇന്ന് എന്തിന് ജോലിയ്ക്കു വന്നു എന്ന മട്ടിലായി ചോദ്യങ്ങൾ. ഇതോടെ യുവതിയായ ജീവനക്കാരി കരച്ചിലിൻ്റെ വക്കിലെത്തി. താൻ ഏഴാച്ചേരി നിവാസിയാണെങ്കിലും കണ്ടയ്ൻമെൻ്റ് സോണിൽ നിന്നല്ല വരുന്നതെന്ന് ജീവനക്കാരി ആണയിട്ടെങ്കിലും സഹപ്രവർത്തകർ അതു ഗൗനിച്ചതേയില്ല. ഒടുവിൽ തൻ്റെ വാർഡിലെ പഞ്ചായത്തു മെമ്പറെ ഫോണിൽ വിളിച്ച് മേലുദ്യോഗസ്ഥരുമായി സംസാരിച്ചതിനു ശേഷം മാത്രമേ യുവതിയ്ക്ക് ജോലിയിൽ പ്രവേശിക്കാനായുള്ളൂ.

ദലിത് വിഭാഗത്തിൽപ്പെട്ട ഒരു മധ്യവയസ്ക്കൻ കടുത്ത വൃക്കരോഗിയാണ്. പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യുന്നു .ഇന്നലെ ഡയാലിസിസിനു ചെന്നപ്പോൾ ആശുപത്രി അധികൃതർ സമ്മതിച്ചില്ല; ഏഴാച്ചേരിയിൽ നിന്നു വന്നൂ എന്നതു മാത്രമാണു കാരണമായി പറഞ്ഞത്. ഇവിടെയും ഒരു പഞ്ചായത്തു മെമ്പർ ഇടപെട്ടു കർശനമായി പറഞ്ഞതോടെയാണ് ആശുപത്രി അധികൃതർ അയഞ്ഞതും, തുടർന്ന് തീർത്തും പാവപ്പെട്ട കുടുംബത്തിലെ ഈ രോഗിയ്ക്ക് ഡയാലിസിസ് നടത്തിയതും.
ഒരു പഞ്ചായത്തു മെമ്പറുടെ മകൾക്കുമുണ്ടായി ദുരനുഭവം. ബാങ്ക് ഉദ്യോഗസ്ഥയായ യുവതി പതിവുപോലെ ബാങ്കിലെത്തിയപ്പോൾ സഹപ്രവർത്തകരിൽ നിന്നും ചില മുറുമുറുപ്പുകൾ ഉയർന്നു. മെമ്പറായ അമ്മ ഇടപെട്ടപ്പോൾ മാത്രമേ മകൾക്കും ബാങ്കിൽ ജോലി തുടരാനായുള്ളൂ. ഇന്നലെ പാലായിലെ ഒരു സ്ഥാപനത്തിലെത്തിയ ഏഴാച്ചേരി സ്വദേശിയായ സെയിൽസ്മാനെ സ്ഥാപനമുടമ ഉടൻ മടക്കി അയച്ചു. 7 ദിവസം കഴിഞ്ഞിട്ടു വന്നാൽ മതി അതുവരെയുള്ള ശമ്പളം തന്നോളാമെന്നായിരുന്നൂ ഉടമയുടെ വാക്ക് .പൂവരണിക്കടുത്ത് ഒരു കട നടത്തുന്ന ഏഴാച്ചേരിക്കാരനുമുണ്ടായി ജനങ്ങളിൽ നിന്നും ദുരനുഭവം.....

രാമപുരം പഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾക്കൊള്ളുന്ന വിശാലമായ ഗ്രാമമാണ് ഏഴാച്ചേരി.

ഇതിൽ ജി.വി., ഗാന്ധി പുരം വാർഡുകളിൽ നിലവിൽ കോവിഡ് രോഗികളില്ല. "ഏഴാച്ചേരി " എന്ന പേരുള്ള ഒരു വാർഡിൻ്റെ കൊല്ലപ്പിള്ളിയോടു ചേർന്ന അതിരിൽ വാടകയ്ക്ക് എടുത്ത ഒരു വീട്ടിൽ ക്വാറൻ്റൈയിനിൽ കഴിയാൻ വന്ന ഒരു അമ്മയ്ക്കും മകൾക്കും കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ ഭാഗം മാത്രം ആരോഗ്യ വകുപ്പ് കണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചത്.

പാലാ കവീക്കുന്ന് സ്വദേശികളായ കുടുംബം ക്വാറൻ്റൈയിനിൽ കഴിയാനായി ഏഴാച്ചേരി താമരമുക്ക് ഭാഗത്തേയ്ക്ക് വരികയായിരുന്നു. വാടക വീട്ടിൽ വന്നതിനു ശേഷം ഇവർ പുറത്തേക്ക് പോയിട്ടുമില്ല. ഒരു വാർഡിൻ്റെ ഏതാനും ഭാഗം മാത്രമേ കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുള്ളൂവെങ്കിലും ഏഴാച്ചേരി ഗ്രാമത്തിലെ മറ്റു ഭാഗങ്ങളിൽ ഉള്ളവർക്കും ഇതിപ്പോൾ പാരയായി.
ഇത്തരം പേടികൾക്കൊന്നും അടിസ്ഥാനമില്ലെന്നും ആശങ്ക വേണ്ടെന്നും ഓരോരുത്തരും അതീവ ജാഗ്രത പുലർത്തിയാൽ മതിയെന്നും ആരോഗ്യ വകുപ്പ് അധികാരികൾ തുടർച്ചയായി നിർദ്ദേശങ്ങൾ നൽകിയിട്ടും പലരും ഇപ്പോഴും ''ഏഴാച്ചേരിപ്പേടി "യുടെ പിടിയിലാണ്.

ഇതാണ് കേട്ട അനുഭവങ്ങൾ ..... ഇനി നിങ്ങൾ തീരുമാനിക്കൂ, നിങ്ങളുടെ അലംഭാവം കൊണ്ടും വീഴ്ച കൊണ്ടും ഒരിക്കലും നിങ്ങളുടെ നാട് കണ്ടയ്ൻമെൻ്റ് സോണാക്കാൻ വിടില്ലെന്ന് .... കർശനമായ ജാഗ്രത സ്വയം പുലർത്തൂ....

ഈ കഠിന കാലത്തേയും നമുക്ക് ഒരുമിച്ച് അതി ജീവിക്കാം???

Advertisment