Advertisment

ത്രസിപ്പിക്കാന്‍ വരുന്നൂ... 'കോട്ടയം'

New Update

പുതുതലമുറയുടെ വികാരവിചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംഘം പുതുമുഖങ്ങള്‍ അണിയിച്ചൊരുക്കിയ 'കോട്ടയം' സിനിമയുടെ ട്രെയിലര്‍ എത്തി. ബിനു ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഗീത് ശിവന്‍, അനീഷ് ജി. മേനോന്‍, രവി മാത്യു, നിമ്മി റാഫേല്‍, ശ്രീനാഥ് കെ. ജനാര്‍ഥനന്‍, ആനന്ദ് വി. കാര്യാട്ട്, ഷഫീഖ്, ചിന്നു കുരുവിള എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Advertisment

publive-image

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അതാകട്ടെ സത്യം തേടിയുള്ള ഒരു യാത്രകൂടിയാകുന്നു. കോട്ടയത്തുനിന്നു തുടങ്ങുന്ന യാത്ര ഇടുക്കിയും തമിഴ്‌നാടും ബംഗാളും അസമും കടന്ന് അരുണാചല്‍ പ്രദേശിലെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ എത്തിനില്‍ക്കുന്നു.

സംഗീത് ശിവന്റെ അഭിനയ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ഏറെ ശ്രദ്ധനേടിയ ലുക്കാ ചുപ്പിയുടെ ഛായാഗ്രാഹകന്‍ കൂടിയാണ് സംവിധായകനായ ബിനു ഭാസ്‌കര്‍. ബിനു തന്നെയാണ് ഈ സിനിമയുടെ ഛായാഗ്രഹണവകുപ്പിന്റെ മേധാവിയും. പ്ലാന്റര്‍ മത്തച്ചനെന്ന കഥാപാത്രമായി സംഗീത് ശിവന്‍ എത്തുന്നു. മത്തച്ചന്റെ വലംകൈയായ ജോണിയെയാണ് അനീഷ് അവതരിപ്പിക്കുന്നത്.

publive-image

നര്‍ത്തകിയും യോഗ അധ്യാപികയുമായ അന്നപൂര്‍ണി ദേവരാജ (സാറ), നാടകപ്രവര്‍ത്തകനായ ഷഫീഖ് (ബധിരനും മൂകനുമായ മനീഷ്), മോഡലും നാഗാലാന്‍ഡില്‍ അധ്യാപികയുമായിരുന്നു നിസാന്‍ (അപാലി), രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന രവി മാത്യു (എസ്. പി. രവി മാത്യു) അഭിനേത്രിയും നര്‍ത്തകിയുമായ നിമ്മി റാഫേല്‍ (സി.ആര്‍.പി. എഫ്. ഓഫിസര്‍ ആനി) എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്ന തുടക്കക്കാര്‍.

മോണ്‍ട്രിയോള്‍ ഫിലിം ഫെസ്റ്റിവല്‍, ഡല്‍ഹി രാജ്യാന്ത്ര ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കുറ്റാന്വേഷണം മാത്രമല്ല, ഭീകരവാദം, ഭൂമി കയ്യേറ്റം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലൂടെയുമുള്ള യാത്രയാണ് 'കോട്ടയം'.

publive-image

ഗുരുവായൂര്‍ സ്വദേശിയായ ബിനു ഭാസ്‌കര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലിഷ് ബിരുദം നേടിയശേഷം മെല്‍ബണിലെ ഫൊട്ടോഗ്രഫി സ്റ്റഡീസ് കോളജിലും പഠനംപൂര്‍ത്തിയാക്കിയാണ് ചലച്ചിത്ര ലോകത്തെത്തിയത്. നൈറ്റ് വോക്‌സ് മാനേജിങ് പാര്‍ട്ണറും സുഹൃത്തുമായ സജിത് നാരായണനുമായി എട്ടുവര്‍ഷം മുന്‍പ് സ്‌പെയിനില്‍ തുടങ്ങിയ ചര്‍ച്ചകളാണ് ആദ്യസംരംഭമായ 'റോഡ് സോങ്' എന്ന സ്പാനിഷ് ഹൃസ്വചിത്രം വഴി 'കോട്ടയം' വരെ എത്തിനില്‍ക്കുന്നത്.

കാനഡയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ വാഴൂര്‍ സ്വദേശി സജിത്തും പ്രിയതമ സോഷ്യല്‍ വര്‍ക്കറായ ചങ്ങനാശേരി സ്വദേശി നിഷ ഭക്തനുമാണ് നൈറ്റ് വോക്‌സിനായി സിനിമ നിര്‍മിച്ചിരിക്കുന്നത്. ഇരുവരും കോട്ടയംകാര്‍. സജിത്തിന്- ബിനുവിനൊപ്പം കഥയും തിരക്കഥയും ഒരുക്കിയ സജിത്തും കോട്ടയംകാരനാണ്.

kottayam malayalam movie
Advertisment