Advertisment

ഡിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ക്കും നേതാക്കള്‍ക്കും കെപിസിസിയുടെ നിര്‍ദേശം ! ഉള്‍പാര്‍ട്ടി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന വേദികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ചാനല്‍ ചര്‍ച്ചകളില്‍ പോകുന്ന നേതാക്കളെ ഇക്കാര്യം കെപിസിസി നേതൃത്വം അറിയിച്ചു. ചര്‍ച്ചകളില്‍ പോയി വിടുവായത്തം പറയുന്നത് പാര്‍ട്ടിക്ക് ദോഷം ! ഇന്നലെ ചാനലുകളില്‍ കയറിയിരുന്ന് പാര്‍ട്ടിയെ വിമര്‍ശിച്ചതിന് പിന്നാലെ സസ്‌പെന്‍ഷന്‍ കിട്ടിയത് എല്ലാവര്‍ക്കും ബാധകമെന്നും കെപിസിസി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും

New Update

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് താല്‍ക്കാലിക വിലക്കുമായി കെപിസിസി. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധിയായി ആരും പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന നേതാക്കളെ കെപിസിസി അറിയിച്ചു.

Advertisment

publive-image

ഓഫീസില്‍ നിന്നും നേരിട്ട് നേതാക്കളെയും വക്താക്കളെയും വിളിച്ചും അല്ലാതെ സന്ദേശമായുമാണ് നിര്‍ദേശം നല്‍കിയത്. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം സംബന്ധിച്ച് ഇനി പരസ്യമായ യാതൊരു പ്രതികരണവും നടത്തേണ്ടെന്നാണ് കെപിസിസി അധ്യക്ഷനും നിശ്ചയിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തിലാണ് ഇന്നത്തെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസ് വക്താക്കളോടും നേതാക്കളോടും കെപിസിസി നിര്‍ദേശിച്ചത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ ഡിസിസി അധ്യക്ഷ പട്ടിക വരും മുമ്പ് ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാര്‍, മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ എന്നിവര്‍ പാര്‍ട്ടിവിരുദ്ധ നിലപാട് പറഞ്ഞിരുന്നു.

ഇതിനെതിരെ ഇരുവര്‍ക്കെതിരെയും കര്‍ശന നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞതിന് പിന്നാലെ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തരുന്നു. ജനാധിപത്യമുള്ള പാര്‍ട്ടിയാണെന്നു കരുതി എന്തും വിളിച്ചു പറയാമെന്ന് നേതാക്കള്‍ കരുതരുതെന്ന സന്ദേശമാണ് ഇതിലൂടെ കെപിസിസി നേതൃത്വം നല്‍കിയത്.

ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് പാര്‍ട്ടിയുടെതെന്ന പേരില്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതിലും കെപിസിസി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ നിയന്ത്രണം കൊണ്ടുവരാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ കെപിസിസി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നു പങ്കെടുക്കാമെന്നേറ്റിരുന്ന മനോരമ, 24 ന്യൂസ് ഡിബേറ്റുകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. അനില്‍ ബോസ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനില്‍ ബോസ് ഇക്കാര്യം അറിയിച്ചത്.

publive-image

kpcc
Advertisment