പൊളിറ്റിക്‌സ്

ഡിസിസി അധ്യക്ഷ പദവിയെച്ചൊല്ലിയുള്ള കലഹത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ഗ്രൂപ്പുകളുടെ തീരുമാനം ! ഇനി പരസ്യ പ്രതികരണം വേണ്ടെന്നും ധാരണ. രണ്ടാം നിര നേതാക്കള്‍ കൂടുവിട്ടതോടെ ഗ്രൂപ്പു പ്രവര്‍ത്തനം വീണ്ടും ശക്തമാക്കാന്‍ എ ഗ്രൂപ്പിന്റെ തീരുമാനം. നവമാധ്യമങ്ങളില്‍ ‘ പാര്‍ട്ടിയാണ് വലുത്; ഉമ്മന്‍ചാണ്ടിയാണ് നേതാവ്’ ക്യാമ്പയിന്‍ തുടങ്ങി. ക്യാമ്പയിന്‍ നടത്തുന്നത് സൈബര്‍ പോരാളികള്‍ മാത്രം ! നേതാക്കളൊന്നടങ്കം ഗ്രൂപ്പുവിട്ടതോടെ ഏകനായി ചെന്നിത്തല ! കഴിഞ്ഞ ദിവസം ചാനലുകളില്‍ ചെന്നിത്തലയ്ക്കായി എത്തിയ വിശ്വസ്തനും മറുഭാഗവുമായി ചര്‍ച്ച തുടങ്ങി

പൊളിറ്റിക്കല്‍ ഡസ്ക്
Wednesday, September 1, 2021

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിച്ചതിനു പിന്നാലെയുണ്ടായ കലഹത്തില്‍ നിന്നും പതുക്കെ പിന്‍മാറാനൊരുങ്ങി എ, ഐ ഗ്രൂപ്പുകള്‍. തല്‍ക്കാലം വിഷയം അവസാനിപ്പിച്ച് ഗ്രൂപ്പു പ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ഇരു കൂട്ടരുടെയും തീരുമാനം. വെടിനിര്‍ത്തലിന്റെ ഭാഗമായി പരസ്യ പ്രതികരണത്തില്‍ നിന്നും ഇരുവിഭാഗവും വിട്ടു നില്‍ക്കും.

അതിനിടെ ഉമ്മന്‍ചാണ്ടിക്ക് നഷ്ടമായ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് എ ഗ്രൂപ്പ്. ഗ്രൂപ്പില്‍ നിന്നും നേതാക്കളാരും പോയിട്ടില്ലെന്നു വരുത്താന്‍ പുതിയ ക്യാമ്പയിനും ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ‘പാര്‍ട്ടിയാണ് വലുത്; ഉമ്മന്‍ചാണ്ടിയാണ് നേതാവ്’ എന്ന ക്യാമ്പയിനാണ് എ ഗ്രൂപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നത്.

ഇതില്‍ പാര്‍ട്ടിയാണ് വലുത് എന്നത് ചെറിയ അക്ഷരത്തിലും ഉമ്മന്‍ചാണ്ടിയാണ് വലുത് എന്നത് വലിയ അക്ഷരങ്ങളിലുമാണ് ഉള്ളത്. ഉമ്മന്‍ചാണ്ടിയുടെ ആരാധകരെന്ന് സ്വയം അവകാശപ്പെടുന്ന ഒരു വിഭാഗം സൈബര്‍ പോരാളികളാണ് ഇതിനു പിന്നില്‍. വലിയ പ്രചാരണമാണ് ഇവര്‍ നടത്തുന്നതെങ്കിലും പ്രതികരണം അത്ര പോരെന്നാണ് ഇവരുടെ തന്നെ പക്ഷം.

ഈ പ്രചാരണം ഏറ്റെടുക്കാന്‍ മുതിര്‍ന്ന നേതാക്കളാരും തന്നെ രംഗത്തില്ലെന്നതാണ് മറ്റൊരു സത്യം. നിലവില്‍ എ ഗ്രൂ്പ്പില്‍ കെസി ജോസഫ്, കെ ബാബു, തമ്പാനൂര്‍ രവി, പാലോട് രവി എന്നിരാണ് പ്രധാന നേതാക്കള്‍. കെസി ജോസഫിനെയും തമ്പാനൂര്‍ രവിയേയും കെപിസിസി പുനസംഘടനയില്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ചില്ലെങ്കില്‍ അവരും ഗ്രൂപ്പ് വിടുമോയെന്ന ഭീതി ഗ്രൂപ്പ് നേതൃത്വത്തിനുണ്ട്.

ഐ ഗ്രൂപ്പിലെ സ്ഥിതി അതിലും ദയനീയമാണ്. രമേശ് ചെന്നിത്തലയ്ക്ക് പുറമെ മറ്റു നേതാക്കളെല്ലാം ഏതാണ്ട് ഗ്രൂപ്പ് വിട്ടു. കഴിഞ്ഞ ദിവസം ചെന്നിത്തലയ്ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളിലൊക്കെ വലിയ വായില്‍ പറഞ്ഞ ഒരു നേതാവാകട്ടെ മറുവിഭാഗവുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. കൂടെ നില്‍ക്കുന്ന ആരെയും വിശ്വാസമില്ലാത്തത്തിനാല്‍ കുടുംബാംഗങ്ങളാണ് ഇദ്ദേഹത്തിന്റെ മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്നത്.

അതേസമയം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ഗ്രൂപ്പുകള്‍ ആരോപിക്കുന്നുണ്ട്. കേരളത്തിലെ ഡിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ താരിഖ് അന്‍വര്‍ മോശമായാണ് കൈകാര്യംചെയ്തതെന്നാണ് എ,ഐ ഗൂപ്പുകളുടെ ആരോപണം. ഇക്കര്യത്തില്‍ പരാതി നല്‍കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്

×