പൊളിറ്റിക്‌സ്

കെപിസിസി പുനസംഘടനയില്‍ പഴയ മുഖങ്ങളെ തന്നെ തിരുകിക്കയറ്റാനൊരുങ്ങി എ,ഐ ഗ്രൂപ്പുകള്‍ ! കെ ശിവദാസന്‍ നായരെയും തമ്പാനൂര്‍ രവിയേയും മുന്‍ നിര്‍ത്തി എ ഗ്രൂപ്പ് ; ജോസഫ് വാഴയ്ക്കനും എഎ ഷുക്കൂറുമുള്ള പട്ടികയുമായി ഐ ഗ്രൂപ്പ്. പാര്‍ട്ടിക്ക് പുറത്തുപോയ കെപി അനില്‍കുമാറിനൊപ്പം ഡിസിസി അധ്യക്ഷന്‍മാര്‍ കൂട്ടിക്കൊടുപ്പുകാരും പെട്ടിയെടുപ്പുകാരുമെന്ന് പരിഹസിച്ചവരെ പ്രസ്താവന തിരുത്തിയതിന്റെ പേരില്‍ മാത്രം തിരിച്ചെടുത്തപ്പോള്‍ ഭാരവാഹിയാക്കണമെന്ന് എ ഗ്രൂപ്പ് ! പാര്‍ട്ടി ഭാരവാഹിത്വത്തിലെ സ്ഥിരം മുഖങ്ങള്‍ ഒഴിവാക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം ഗ്രൂപ്പുകള്‍ തള്ളി. ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ പൊട്ടിത്തെറിച്ച ഉന്നത ഗ്രൂപ്പു നേതാക്കളെ പേടിച്ച് ഇക്കുറി സംസ്ഥാന നേതൃത്വം നിശബ്ദരോ ?

പൊളിറ്റിക്കല്‍ ഡസ്ക്
Sunday, September 26, 2021

തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ തുടരുന്നതിനിടെ പഴയ നേതാക്കളുടെ പട്ടികയുമായി എ, ഐ ഗ്രൂപ്പുകള്‍ സജീവം. തങ്ങളുടെ സ്ഥിരം നോമികളെ തന്നെയാണ് ഇത്തവണയും ഗ്രൂപ്പു നേതാക്കള്‍ കൈമാറിയത്. എ ഗ്രൂപ്പിന്റെ പട്ടികയില്‍ മുന്‍ ആറന്‍മുള എംഎല്‍എ കെ ശിവദാസന്‍ നായരും തമ്പാനൂര്‍ രവിയും ഉള്‍പ്പെട്ടിട്ടുണ്ട്.

ഐ ഗ്രൂപ്പിന്റെ പട്ടികയില്‍ ജോസഫ് വാഴയ്ക്കന്‍, എ എ ഷുക്കൂര്‍ എന്നിവരുമുണ്ട്. ഇരു ഗ്രൂപ്പും 10ലേറെ നേതാക്കളുടെ പേരുകളാണ് കൈമാറിയത്. ഇവരില്‍ പലരും ദീര്‍ഘകാലമായി കെപിസിസി ഭാരവാഹികളാണ്.

സ്ഥിരം മുഖങ്ങളെ പാര്‍ട്ടി പദവിയില്‍ നിന്നും ഒഴിവാക്കണമെന്ന പുതിയ കെപിസിസി നേതൃത്വം മുന്നോട്ടു വച്ച നിര്‍ദേശമായിരുന്നു. ഇതു ഗ്രൂപ്പു നേതാക്കളും തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ഒരു ഗുണവുമില്ലാത്ത, പ്രവര്‍ത്തനവുമില്ലാത്ത നേതാക്കളെയാണ് വീണ്ടും ഗ്രൂപ്പു നേതൃത്വം മുമ്പോട്ടു വച്ചിട്ടുള്ളത്.

നേരത്തെ ഡിസിസി അധ്യക്ഷമാരെ പ്രഖ്യാപിച്ചപ്പോള്‍ കെപി അനില്‍കുമാറിനൊപ്പം ചേര്‍ന്ന് ഡിസിസി അധ്യക്ഷന്‍മാര്‍ പെട്ടിപ്പിടുത്തക്കാരും കൂട്ടിക്കൊടുപ്പുകാരുമാണെന്ന് ആക്ഷേപമുന്നയിച്ചയാളാണ് ശിവദാസന്‍ നായര്‍. പിന്നീട് പ്രസ്താവനയില്‍ വിശദീകരണം നല്‍കി പാര്‍ട്ടിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ മികച്ച പാര്‍ട്ടി പദവികളിലൊന്ന് കൊടുക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പിന് കാരണമാകുമെന്നുറപ്പാണ്.

എങ്കിലും ഇദ്ദേഹത്തിന് പിന്നില്‍ ഉറച്ചു നില്‍ക്കുന്ന എ ഗ്രൂപ്പിന്റെ ഉന്നത നേതാവ് ശിവദാസന്‍നായരെ ഒഴിവാക്കാന്‍ സമ്മതിക്കില്ല. കഴിഞ്ഞ തവണ ഈ നേതാക്കള്‍ വലിയ ഭൂകമ്പം സൃഷ്ടിച്ചതിനാല്‍ കെപിസിസി നേതൃത്വവും ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുമോയെന്നും കണ്ടറിയണം. തമ്പാനൂര്‍ രവിയാണ് എ ഗ്രൂപ്പിന്റെ മറ്റൊരു പ്രതിനിധി.

എത്ര തവണ കെപിസിസി ഭാരവാഹിയായി എന്നു അദ്ദേഹത്തിന് തന്നെ അറിയില്ല. ഇതുകൊണ്ട് പാര്‍ട്ടിക്ക് എന്തു ഗുണമുണ്ടായി എന്നു ചോദിച്ചാല്‍ ആര്‍ക്കറിയമെന്നുമാത്രമാണ് ഉത്തരം. ഗ്രൂപ്പു വ്യത്യാസമില്ലാതെ എല്ലാവരും തമ്പാനൂര്‍ രവിയുടെ ഭാരവാഹിത്വത്തിന് എതിരാണ്.

ഐ ഗ്രൂപ്പിന്റെ സ്ഥിരം വൈസ്പ്രസിഡന്റ് പ്രതിനിധിയാണ് ജോസഫ് വാഴയ്ക്കന്‍. ഇത്തവണയും ആ പേര് ഉയര്‍ന്നിട്ടുണ്ട്. അച്ചടക്കം പാലിക്കാത്തവരെ പുറത്താക്കിയപ്പോള്‍ അതിനൊപ്പം നിന്നയാളാണ് വാഴയ്ക്കന്‍. രാഷ്ട്രീയകാര്യസമിതിയിലുള്ള ഈ നേതാവിനെ ഇരട്ടപദവികൊടുക്കുന്നതില്‍ കടുത്ത എതിര്‍പ്പുണ്ട്.

എ,എ ഷുക്കൂര്‍, ഐന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരും ഭാരവാഹിത്വത്തിനായി മുന്‍ നിരയില്‍ തന്നെയുണ്ട്. അതേസമയം നേതാക്കളുടെ പെട്ടിയെടുപ്പുകാരെ ഇത്തവണ ഉള്‍പ്പെടുത്തുമോയെന്ന കാര്യം കെപിസിസി നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിനെതിരെ ഉമ്മന്‍ചാണ്ടിയും രമേശും പരസ്യ വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ അവരുടെ താല്‍പ്പര്യത്തിന് സംസ്ഥാന നേതൃത്വം വഴങ്ങുമോയെന്നും കണ്ടറിയണം.

×