കൊച്ചി: മലപ്പുറം എ.ആര്‍ നഗര്‍ ബാങ്ക് ഇടപാടില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍മന്ത്രി കെ.ടി ജലീല്‍ എംഎല്‍എ. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി അന്വേഷണം വേണമെന്ന അഭിപ്രായമില്ല. ഇത്തരം ക്രമക്കേടുകളില്‍ സഹകരണ വകുപ്പ് അന്വേഷണം നല്ലനിലയിലാണ് നടക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചുവരുത്തിയെന്ന ആരോപണം നിഷേധിച്ച ജലീൽ, തന്നെ വിളിച്ചുവരുത്തിയതല്ലെന്നും മുഖ്യമന്ത്രിയുമായി ഇടയ്ക്ക് കൂടിക്കാഴ്ച നടത്തുന്നത് പതിവുള്ളതാണെന്നും പറഞ്ഞു. എആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേടില്‍ കര്‍ശനനടപടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണമാണോ വേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ജലീൽ പറഞ്ഞു.
ചന്ദ്രിക പത്രത്തിൻറെ അക്കൗണ്ട് വഴി പത്ത് കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് കെ ടി ജലീല്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് തെളിവുകള്‍ കൈമാറിയത്. ഈ മാസം 16 ന് കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്യുമെന്നും കെടി ജലീല്‍ പറഞ്ഞു. വൈകിട്ട് നാലരയക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഏഴ് മണിവരെ നീണ്ടു.