പാകിസ്ഥാന്റെ വധശിക്ഷയ്‌ക്കെതിരെ കുല്‍ഭൂഷണ്‍ ജാധവ് പുനപരിശോധനാ ഹര്‍ജി നല്‍കും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വിധിച്ച വധശിക്ഷയ്‌ക്കെതിരെ കുല്‍ഭൂഷണ്‍ ജാധവ് പുനപരിശോധനാ ഹര്‍ജി നല്‍കും. ഇന്ത്യന്‍ നയതന്ത്ര സംഘം വ്യാഴാഴ്ച കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ കുല്‍ഭൂഷണ്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പുനപരിശോധന ഹര്‍ജി നല്‍കാനുള്ള അവസാന തീയതി ജൂലൈ 20 ആണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ നയതന്ത്രസംഘം ജയിലിലെത്തി കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്തിയത്.

വധശിക്ഷയ്ക്കെതിരേ അപ്പീൽ നൽകുന്നില്ലെന്ന് കുല്‍ഭൂഷണ്‍ ജാധവ് അറിയിച്ചെന്നായിരുന്നു നേരത്തെ പാകിസ്താൻ അറിയിച്ചിരുന്നത്. എന്നാൽ അന്തരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് നടപ്പിലാക്കാനുള്ള പാകിസ്താന്റെ വിമുഖതകയ്ക്ക് തെളിവാണിതെന്ന് പറഞ്ഞ് ഇന്ത്യ ഈ വാദം തള്ളിയിരുന്നു.

അതേസമയം, കുൽഭൂഷൺ ജാദവിനെ കാണാൻ അനുമതി ലഭിച്ച നയതന്ത്ര ഉദ്യോഗസ്ഥർക്ക് പൂർണരീതിയിലുള്ള ആശയവിനിമയം സാധ്യമായില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. പാക്കിസ്ഥാൻ ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്ന കുൽഭൂഷണ്‍ കടുത്ത സമ്മർദത്തിലായിരുന്നെന്നും ഇന്ത്യ വ്യക്തമാക്കി.

ചുറ്റും പാക്ക് ഉദ്യോഗസ്ഥരും ക്യാമറയും ഉണ്ടായിരുന്നതിനാൽ തുറന്ന സംഭാഷണം സാധ്യമായില്ല. നിബന്ധനകൾ ഇല്ലാതെ 2 മണിക്കൂർ കൂടിക്കാഴ്ച നടത്താൻ അനുമതി നൽകുമെന്നായിരുന്നു പാക്കിസ്ഥാൻ അറിയിച്ചിരുന്നത്. എന്നാൽ കൂടിക്കാഴ്ച വിശ്വാസയോഗ്യമല്ലാത്തതിനാൽ പ്രതിഷേധം അറിയിച്ച് നയതന്ത്ര ഉദ്യോഗസ്ഥർ മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Advertisment