കന്നഡയെ അവഗണിച്ചു; യെദ്യൂരപ്പ മാപ്പ് പറയണമെന്ന് കുമാരസ്വാമി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Sunday, January 17, 2021

ബെംഗളൂരു: കന്നഡ ഭാഷയെ അവഗണിച്ചതിന് മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രിയും ജെ. ഡി (എസ്) നേതാവുമായ എച്ച്. ഡി കുമാരസ്വാമി. ശിവമോഗയിലെ ഭദ്രാവതി റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർ‌. എ. എഫ്‌) കേന്ദ്രത്തിന്റെ ശിലാസ്ഥാപന വേളയിൽ കന്നഡ ഭാഷയെ അവഗണിച്ചെന്നാണ് കുമാരസ്വാമിയുടെ ആരോപണം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആർ‌. എ. എഫ്‌ യൂണിറ്റിനുള്ള ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ അനാച്ഛാദനം ചെയ്ത ലിഖിത ഫലകത്തിൽ കന്നഡ ഭാഷ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കുമാരസ്വാമിയുടെ ആരോപണം.

ബി. ജെ. പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കന്നഡ ഭാഷയെ അവഗണിക്കുകയും സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയും ചെയ്തുവെന്ന് കുമാരസ്വാമി പറഞ്ഞു. അമിത് ഷായ്ക്ക് കന്നഡ വിരുദ്ധ മനോഭാവമാണെന്നും കന്നഡ ഭാഷയെ അവഗണിച്ചുമെന്നും അദ്ദേഹം ആരോപിച്ചു. ട്വീറ്റുകളിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.

×