ദാസനും വിജയനും

നെടുമ്പാശ്ശേരിയില്‍ നെഞ്ചിലോട്ട് വിമാനം കയറ്റിക്കൊള്ളാന്‍ പറഞ്ഞു സമരം നടത്തിയിട്ട് ഒടുവില്‍ നാണമില്ലാതെ എയര്‍പോര്‍ട്ട് ചെയര്‍മാന്റെ കസേരയില്‍ കയറിയിരുന്ന മന്ത്രിയുണ്ട് ! ആരാന്റെ മെഗാ പദ്ധതികളൊക്കെ തടസ്സപ്പെടുത്തി ഒടുവില്‍ ഭരണം കിട്ടുമ്പോള്‍ ഉദ്ഘാടനം നടത്തി രസിച്ചവര്‍ക്ക് പണികൊടുത്തത് കുതിരാന്‍ തന്നെ ! യുപിഎ സര്‍ക്കാര്‍ തുടങ്ങിവച്ച കുതിരാനില്‍ ടാറിങ് നടത്തിയിട്ട് ഓണത്തിന് ഉദ്ഘാടന മാമാങ്കം നടത്താനിരുന്ന അമ്മായിച്ഛനും മരുമോനും ഗഡ്ഗരി കൊടുത്തത് വല്ലാത്ത പണി തന്നെ ! ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Sunday, August 1, 2021

‘ നെടുമ്പാശ്ശേരിയില്‍ എന്റെ നെഞ്ചിലൂടെ മാത്രമേ ആദ്യ വിമാനമിറങ്ങൂ” എന്ന് തെരുവോരങ്ങളിൽ ഘോരഘോരം പ്രസംഗിച്ചു നടന്ന ഒരു ഡിവൈഎഫ്ഐ നേതാവുണ്ടായിരുന്നു കേരളത്തിൽ , പിന്നീട് ആ മനുഷ്യൻ മന്ത്രിയുമായി .

അന്നത്തെ പാർട്ടി സെക്രട്ടറി പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു ”കെ കരുണാകരനും മകനും മകൾക്കും ദാവൂദ് ഇബ്രാഹിമിനും കൂടി സ്വർണ്ണ കള്ളക്കടത്ത് സൗകര്യപ്രദമാക്കുവാൻ കേരളത്തിൽ മുട്ടിനു മുട്ടിനു വിമാനത്താവളങ്ങൾ ഉണ്ടാക്കിക്കൂട്ടുന്നു ”.

അങ്കമാലിയിലെ നെടുമ്പാശ്ശേരിയിലെ പാവപ്പെട്ട കർഷകരെ പ്രകോപിപ്പിച്ചുകൊണ്ട് സമര പരമ്പരകൾ സൃഷ്ടിക്കുവാൻ ശ്രമിച്ചു . അങ്കമാലിക്കാർക്ക് ലേശം വിവരമുള്ളതുകൊണ്ട് അതൊക്കെ ചീറ്റിപ്പോയി .

അവസാനം ഭരണം മാറിയപ്പോൾ 1999 ജൂൺ പത്തിന് ഉത്‌ഘാടന ചടങ്ങിൽ രാഷ്ട്രപതിയുടെ ഇടത്തെ അറ്റത്ത് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന നായനാരും ഉപരാഷ്ട്രപതിയുടെ തോളോടു തോൾ ചേർന്നുകൊണ്ട് മഹാനായ ശർമയും ഫോട്ടോക്ക് പോസ് ചെയ്തത് കണ്ടപ്പോൾ മലയാളി കാർക്കിച്ചു തുപ്പാതിരുന്നത് കേരളത്തിന്റെ മറ്റൊരു നന്മ .

കൂടാതെ വിമാനത്താവള ഡയറക്ടർ ബോർഡിൽ കയറികൂടുവാൻ ശർമ്മ കാണിച്ചുകൂട്ടിയ കസർത്തുകൾ ഇന്നും നാം ഓർക്കുന്നു . ഒരു തവണ മുഖ്യമന്ത്രിക്ക് സുഖമില്ലാതെ വന്നപ്പോൾ അതേ ശർമ്മ വിമാനത്താവളത്തിന്റെ ചെയർമാൻ സ്ഥാനത്തുവരെ എത്തിപ്പെട്ടു .

ഇന്നിപ്പോൾ അതുവഴിയൊക്കെ സ്വർണ്ണം കടത്തുവാനും ഭാഗ്യം ആ പാർട്ടിക്കാരില്‍ ചിലര്‍ക്കും സംജാതമായി . എല്ലാം നെടുമ്പാശ്ശേരിയുടെ പിതാവായ കരുണാകരന്റെ ശാപമായിരിക്കാം .

 കലൂരിലെ നെഹ്‌റു സ്റ്റേഡിയവും കൗണ്ട് ഡൌൺ കൊടുത്തുകൊണ്ട് കൈവിട്ടുപോകാതെ കെ കരുണാകരൻ ശ്രദ്ധിച്ചപ്പോൾ മാളയിലെ കേരളഫീഡ്‌സ് മുഖ്യ പരിപാടി കരുണാകരന്റെ കൈവിട്ട് പോയി .

അതുപോലെ എത്രയെത്ര വമ്പന്‍ പ്രോജക്ടുകളെ സിപിഎം നേരിട്ട് എതിർക്കുകയും പിന്നീട് അധികാരത്തിൽ വരുമ്പോള്‍ എതിർപ്പുകളെ എല്ലാം മാറ്റിവെച്ചുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ടു ഉത്ഘാടനം ചെയ്യുന്ന കാഴ്ചകൾ നാമെല്ലാം കണ്ടു .

കൊച്ചിയിലെ സ്മാർട്ട് സിറ്റിയെ ഇല്ലാതാക്കുവാൻ വിഎസ് പഠിച്ച പണി പതിനെട്ടും നോക്കി .എങ്കിലും അവസാനം അങ്ങേരുതന്നെ അത് ഉത്‌ഘാടനം ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കുകയും ചെയ്തു . ജനം എല്ലാം മറന്നുകൊണ്ടിരിക്കുന്നു .

കൊച്ചിയിലെ മെട്രോ നൂറു ശതമാനവും ഉമ്മൻചാണ്ടിയുടെ ഒരു മിടുക്ക് ആണെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നുവെങ്കിലും അതിന്റെ ഉത്‌ഘാടന ചടങ്ങിൽ എങ്കിലും അദ്ദേഹത്തെ ക്ഷണിക്കുവാനുള്ള മര്യാദ മിസ്റ്റർ പിണറായി വിജയൻ കാണിക്കണമായിരുന്നു .

കണ്ണൂരിലെ വിമാനത്താവളത്തിന്റെ പണി നടക്കുമ്പോള്‍ മുന്നിൽ നിന്നുകൊണ്ട് സമര പരമ്പരകൾ നടത്തിയിരുന്ന ഇപി ജയരാജനും പി ജയരാജനും എംവി ജയരാജനും ഒക്കെ അതിന്റെ ഉത്‌ഘാടനം നടത്തുവാൻ ഓടിനടക്കുന്നത് കണ്ടപ്പോൾ കവണം മടലുകൊണ്ട് അടിക്കുവാൻ കണ്ണൂരുകാർക്ക് തോന്നിയെങ്കിൽ അതിൽ അതുഭുതപ്പെടാനൊന്നുമില്ല .

കേരളത്തിന്റെ റോഡുവക്കുകളിൽ എങ്ങനെ പശുവിനെ കെട്ടും , മലയാളി എങ്ങനെ റോഡ് മുറിച്ചുകടക്കും എന്നൊക്കെ പ്രസംഗിച്ചുകൊണ്ട് നാഷണൽ ഹൈവേയെ എതിർത്തവർ തന്നെ അതൊക്കെ പേരുകൾ മാറ്റിക്കൊണ്ട് അവതരിപ്പിക്കുമ്പോള്‍ തോന്നിപോകുന്നത് പുച്ഛം മാത്രം .

ഗെയിൽ പൈപ്പ് വന്നാൽ കേരളം ഒരു ബോംബ് ആകുമെന്നും കത്തിയെരിയുമെന്നും പറഞ്ഞവർ തന്നെ അത് സ്വന്തം പേരിലാക്കുവാൻ ഏറെ മെനക്കെടുന്നത് ഈയിടെയാണ് നാം കണ്ടത് . സൈബർ സഖാക്കൾ അത് സ്വന്തം പേരിലാക്കുവാൻ ഏറെ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ ചിരിവന്നു പോയി .

എംവി രാഘവനോടും കെ സുധാകരനോടുമുള്ള ദേഷ്യം തീർക്കുവാനാകാതെ കണ്ണൂരിലെ സഖാക്കൾ പറശ്ശിനിക്കടവയിലെ പാമ്പുകളെ മൊത്തം തീയിട്ടു കൊന്നൊടുക്കിയപ്പോൾ പരിയാരം മെഡിക്കൽ കോളേജിനെയും ഇല്ലാതാക്കുവാൻ ശ്രമിച്ചു . അവസാനം ഇന്നിപ്പോൾ അവിടെ മൊത്തം സഖാക്കളുടെ സംസ്ഥാന സമ്മേളനമാണ് .

മുറ്റമടിക്കുന്ന പണിയിൽ മുതൽ ഡോക്ടർമാർ വരെ സഖാക്കളാണ് . എത്രയെത്ര സമരങ്ങൾ നടത്തി ആ മെഡിക്കൽ കോളേജിനെ ഇല്ലാതാക്കുവാൻ ശ്രമിച്ചവർ കേരളത്തിനോട് മാപ്പു പറഞ്ഞാലും മതിയാകില്ല . അവർ മാപ്പ് അർഹിക്കുന്നില്ല .

ചെറിയ ചെറിയ ഉത്ഘടനങ്ങൾ ആയിരക്കണക്കിന് വരും നാം എണ്ണിനോക്കിയാൽ , ഉദാഹരണത്തിന് ഏറ്റവും അവസാനം തൃത്താല പോലീസ് സ്റ്റേഷൻ വരെ .

അതുണ്ടാക്കിയെടുത്ത മുൻ എംഎൽഎ യെ ക്ഷണിക്കാതെ പുതിയ എംഎൽഎ ഉത്‌ഘാടനം നടത്തിയപ്പോൾ ഇവരൊന്നും കഴിക്കുന്നത് അരിയാഹാരമല്ലെന്ന് തോന്നിപ്പോയി .

വൈറ്റില ബൈപാസ് പണി പൂർത്തിയായിട്ടും തുറക്കാതെ തിരഞ്ഞെടുപ്പ് ആകുവാൻ കാത്തിരുന്നപ്പോൾ ശരിയായ ചങ്കൂറ്റമുള്ള ചില ചെറുപ്പക്കാർ അത് ജനത്തിന് തുറന്നുകൊടുത്തു .

പക്ഷെ അവരെ സൈബർ സഖാക്കൾ കൊന്നില്ല എന്നേയുള്ളൂ . ചിലപ്പോൾ കാപ്പയോ ടാഡയോ വരെ ചുമത്തി അവർക്കെതിരെ കേസ് എടുത്തിട്ടുണ്ടാകാം ഈ സർക്കാർ .

ഈ വരുന്ന ഓണത്തിന്റെ സമയത്ത് സർക്കാരിന്റെ മറ്റൊരു ഭരണനേട്ടത്തിന്റെ പട്ടികയിൽ ജനങ്ങളെ പഠിക്കുവാനായി പോസ്റ്ററുകളും ട്രോളുകളുമായി കാത്തിരുന്ന സൈബർ സഖാക്കളുടെ അണ്ണാക്കിലിട്ടു പണികൊടുത്തുകൊണ്ട് കേന്ദ്രമന്ത്രി നിതിൻ ഘട്ട്കരി കുതിരാൻ തുരങ്കം ജനകീയമായി ജനങ്ങൾക്ക് അപ്രതീക്ഷിതമായി തുറന്നുകൊടുക്കുമ്പോള്‍ മനസ്സിൽ രണ്ടു പക്ഷികളെയാണ് വെടിവെച്ചിട്ടത് .

ഒന്ന് കോട്ടിട്ട് കൊണ്ട് ആളില്ലാത്ത അടൽ തുരങ്കത്തിൽ കൈവീശിക്കൊണ്ട് ഉത്ഘടന മഹാമഹം നടത്തിയ വലിയ തബ്രാനും , രണ്ടാമത് കൊട്ടിടാതെ
മരുമകനുമായി കേരളത്തിലെ ഏറ്റവും വലിയ ചിലവേറിയ തുരങ്കത്തിലൂടെ യാത്ര സ്വപ്നം കണ്ട ചെറിയ തബ്രാനും .

എന്തായാലും നിതിൻ ഘട്ട്കരിയെ ഇക്കാര്യത്തിൽ സ്തുതിക്കാതെ വയ്യ , താങ്കൾ പഴയ നക്സലൈറ്റ് ആയിരുന്നുവെന്ന് ചിലര്‍ പറയുന്നുണ്ടാകാം , എന്നാലും അമ്മായിയപ്പന്റെയും മരുമോന്റെയും സ്വപ്‌നങ്ങൾ തകർത്ത ജനകീയ ടണലിന് നൂറു നൂറു ചുമപ്പൻ അഭിവാദ്യങ്ങളോടെ ,

കുതിരാൻ ടണലിൽ ബൈക്കിൽ ആദ്യയാത്ര നടത്തിയ ദാസപ്പനും
മേസ്തിരി വിജയപ്പനും

×