കുവൈറ്റിൽ 7 മാസം ഗർഭിണിയായ ഭാര്യയുമായി യുവാവ് എയർപോർട്ടിൽ എത്തിയത് 3 തവണ ! കനിവുതോന്നി കാര്യം തിരക്കിയ സ്വദേശി ഉദ്യോഗസ്ഥനോട് ദയനീയ സ്ഥിതി തുറന്നു പറഞ്ഞതിന് ദമ്പതികളുടെ എംബസി രജിസ്‌ട്രേഷൻ റദ്ദാക്കി മലയാളി ഉദ്യോഗസ്ഥന്റെ പ്രതികാരം ? മുൻഗണനാക്രമം അട്ടിമറിച്ച് ഇഷ്ടക്കാരെ നാടണയിച്ച എംബസിയുടെ ക്രൂരത വീണ്ടും !

ഗള്‍ഫ് ഡസ്ക്
Wednesday, May 20, 2020

കുവൈറ്റ് : കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് ദൗത്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് യാത്രക്കൊരുങ്ങിയ 7 മാസം ഗർഭിണിയായ മലയാളി യുവതിക്കും ഭർത്താവിനും ഇന്ത്യൻ എംബസിയുടെ യാത്രാവിലക്ക് !

വന്ദേ ഭാരത് മിഷനിൽ ആദ്യം രജിസ്റ്റർ ചെയ്തതാണെങ്കിലും മുൻഗണനാ പട്ടിക മറികടന്ന് ഇഷ്ടക്കാരെ കയറ്റിവിടുന്നത് ചോദ്യം ചെയ്തതിന്  ഇരുവരുടെയും എംബസി രജിസ്‌ട്രേഷൻ റദ്ദ് ചെയ്തുകൊണ്ടാണ് എംബസിയുടെ പ്രതികാരം. എംബസിയിലെ കളങ്കിത ഉദ്യോഗസ്ഥനായ മലയാളിയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഇവരെ നേരിട്ടറിയിച്ചത്. എമ്പസിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണ് ഈ  മലയാളി ഉദ്യോഗസ്ഥൻ.

കാസർകോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുള്ള, ഭാര്യ ആത്തിക്ക എന്നിവർക്കാണ് പ്രവാസനാട്ടിൽ ആ നാട്ടുകാരായ ഉദ്യോഗസ്ഥർ തുണച്ചിട്ടും സ്വന്തം നാട്ടുകാരനായ ഉദ്യോഗസ്ഥനിൽ നിന്നും ദുരനുഭവം ഉണ്ടായത്.

നാട്ടിലേക്ക് പോരാൻ രജിസ്റ്റർ ചെയ്ത യാത്രക്കാരുടെ മുൻഗണനാ പട്ടികയിൽ അർഹരായിട്ടും കഴിഞ്ഞ 3 തവണയും മുൻഗണനാ പട്ടിക മറികടന്ന് നാട്ടിലേക്ക് പുറപ്പെട്ട വിമാനങ്ങളിൽ ഇവർക്ക് സീറ്റ് നിഷേധിച്ചു. തട്ടിപ്പ് വീരനായ എംബസിയുടെ വാളണ്ടിയർ പാസുള്ള  വിരുതന്റെ ഭാര്യയെയും 2 മക്കളെയുമൊക്കെ മുൻഗണനാക്രമം തെറ്റിച്ചു ഈ വിമാനങ്ങളിൽ കയറ്റിവിട്ടിരുന്നു. ഇതിനിടെ യാത്രാ ലിസ്റ്റ് ഒരുക്കുന്നതിൽ എംബസി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വൻ ക്രമക്കേടുകൾ നടക്കുന്നതായി ആരോപണവും ഉയർന്നിരുന്നു.

അബ്ദുള്ളയോടും ഗർഭിണിയായ ഭാര്യയോടും ആദ്യദിവസം തന്നെ വിമാനത്താവളത്തിൽ എത്താൻ നിർദേശിച്ചിരുന്നു. അവിടെവച്ചു ടിക്കറ്റ് നൽകാമെന്നായിരുന്നു എംബസി അറിയിച്ചത്. പക്ഷെ അന്ന് ഇവർക്ക് ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവന്നു.

മംഗഫിലെ താമസ സ്ഥലത്തുനിന്നും യാത്രചെയ്ത് സാധനങ്ങളൊക്കെ പായ്ക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ ഇവർ ഇതോടെ വീട്ടിൽ മടങ്ങിയെത്തി. വീണ്ടും പതിമൂന്നാം തീയതി പുറപ്പെട്ട കോഴിക്കോട് വിമാനത്തിൽ സീറ്റ് ലഭിക്കുമെന്ന് പറഞ്ഞതനുസരിച്ച് അന്ന് ഇതേപോലെ എയർപോർട്ടിൽ എത്തിയെങ്കിലും എംബസി ഉദ്യോഗസ്ഥർ കനിഞ്ഞില്ല. മാത്രമല്ല എംബസി ഉദ്യോഗസ്‌ഥർ ഇവർക്കു പകരം മുൻഗണനാ പട്ടികയിൽ ഉൾപ്പെടാത്ത ചിലരെ യാത്രയാക്കുന്നതും ഇവർ കണ്ടു. അന്നും ഇവർ മടങ്ങിപ്പോയി.

വീണ്ടും തങ്ങളുടെ ദയനീയ സ്ഥിതി വ്യക്തമാക്കി ദമ്പതികള്‍ എംമ്പസിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ കണ്ണൂർ വിമാനത്തിൽ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ എയർപോർട്ടിൽ എത്തിയത്.

എന്നാൽ അന്നും എംബസി ഉദ്യോഗസ്ഥർ നിർദാക്ഷണ്യം ഇവരെ തഴഞ്ഞു. നിസ്സഹായരായി ഈ ദമ്പതികൾ വിമാനത്താവളത്തില്‍ നിൽക്കുന്നതുകണ്ട എയർപോർട്ടിലെ സ്വദേശി ഉദ്യോഗസ്ഥൻ ഇവരോട് കാര്യം തിരക്കി. കാര്യങ്ങൾ നേരിട്ട് ബോധ്യമായതോടെ ഈ ഉദ്യോഗസ്ഥൻ എംബസി ഉദ്യോഗസ്ഥന്മാരെ വിളിച്ച് യുവതി ഗർഭിണിയാണെന്നും നാളത്തെ തിരുവനന്തപുരം വിമാനത്തിൽ ഇവർക്ക് സീറ്റ് നല്കിയിരിക്കണമെന്നും ആവശ്യപ്പെട്ടു.

മാത്രമല്ല നാളെ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ വിവരം അറിയിക്കണമെന്നും സ്വദേശി ഉദ്യോഗസ്ഥൻ ഇവരോട് നിർദേശിച്ചു.

ഇതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് എംബസിയിലെ മലയാളി ഉദ്യോഗസ്ഥൻ ഇവരെ ഫോണിൽ വിളിച്ച് വിമാനത്താവളത്തിൽ പ്രശ്നം ഉണ്ടാക്കിയതിനാൽ ഇവരുടെ എംബസി രജിസ്‌ട്രേഷൻ റദ്ദ് ചെയ്തെന്നും അതിനാൽ ഇവർക്ക് യാത്ര ചെയ്യാൻ അനുവാദം ഉണ്ടായിരിക്കില്ലെന്നും അറിയിച്ചത്.

അംബാസിഡറുടെ നിർദേശത്തെ തുടർന്നാണ് നടപടിയെന്നും അറിയിച്ചു. ഇതോടെ വലിയ മാനസിക വിഷമത്തിൽ ആയിരിക്കുകയാണ് ഈ ദമ്പതികൾ. തിരുവനന്തപുരം വിമാനത്തിൽകൂടി ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ ഇവരുടെ യാത്ര പ്രതിസന്ധിയിലാകും.

എംബസി മാഫിയയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ അനീതി അവസാനിപ്പിച്ചില്ലെങ്കിൽ ഇത്തരത്തിൽ നിരവധി പ്രവാസികൾ വീണ്ടും പീഡനത്തിനിരയാവുകയാവും ഫലം.

 

×