Advertisment

നാട്ടില്‍ കുടുങ്ങി കിടക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ തിരികെ കുവൈറ്റിലെത്തിക്കാന്‍ നടപടി തുടങ്ങിയപ്പോള്‍ പ്രതിസന്ധിയിലാകുന്നത് ഇവരുടെ കുടുംബാംഗങ്ങളും മക്കളും ! നഴ്സുമാര്‍ക്കൊപ്പം കുടുംബാംഗങ്ങളെ കൊണ്ടുപോകാനാവില്ലെന്ന് ആരോഗ്യമന്ത്രാലയം !  ടിക്കറ്റെടുക്കാന്‍ റെ‍‍ഡിയെന്ന് കുടുംബാംഗങ്ങള്‍ ! ഇനി രക്ഷ എംബസിതന്നെ !

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update

publive-image

Advertisment

കുവൈറ്റ്: കുവൈറ്റില്‍ നിന്നും അവധിയ്ക്കെത്തി ലോക്ക്ഡൗണ്‍ പ്രതിസന്ധിമൂലം കേരളത്തില്‍ കുടുങ്ങിക്കിടക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും തിരികെയെത്തിക്കുന്നതില്‍ എംബസി ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി കുടുംബങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.

നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഘട്ടം ഘട്ടമായി കുവൈറ്റിലെത്തിക്കാന്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇവരുടെ കുടുംബാംഗങ്ങളുടെ തിരികെയെത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

നിലവില്‍ നഴ്സുമാര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം ആരോഗ്യപ്രവര്‍ത്തകരാണ് കുവൈറ്റില്‍നിന്നും നാട്ടിലെത്തി കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ആദ്യ ഘട്ടത്തില്‍ 250 പേരോട് മടങ്ങിവരാന്‍ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം വന്നത് സെപ്തംബര്‍ 20 നായിരുന്നു. എന്നാല്‍ പിന്നീട് ആ ഫ്ലൈറ്റ് റദ്ദാക്കിയതായി അറിയിപ്പ് വന്നു.

അറിയിപ്പ് അതിവേഗം ! സമയം പരിമിതം !

വീണ്ടും 25ന് പോകാന്‍ റെഡിയാകണമെന്ന് ആവശ്യപ്പെട്ട് അറിയിപ്പ് വന്നത് 23-നാണ്. ഈ സമയക്രമംതന്നെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മുന്നൊരുക്കങ്ങള്‍ നടത്തി മടക്കയാത്രയ്ക്കൊരുങ്ങാന്‍ പര്യാപ്തമല്ല. കാരണം കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിക്കുന്ന കേന്ദ്രങ്ങളിലെത്തി പിസിആര്‍ ടെസ്റ്റ് നടത്തിവേണം യാത്രയ്ക്ക് തയ്യാറെടുപ്പ് നടത്താന്‍.

പലരുടെയും വിസ കാലാവധ കഴിഞ്ഞതുമാണ്. അവര്‍ക്കുവേണ്ടി അനുഭാവപൂര്‍ണമായ നടപടികള്‍ മന്ത്രാലയം സ്വീകരിക്കുന്നുണ്ട്. പക്ഷേ അതിനുള്ള നടപടിക്രമങ്ങളും ഈ കഷ്ടിച്ച് 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിക്കണം. കാസര്‍കോഡ് താമസിക്കുന്നവര്‍ക്കും ഫ്ലൈറ്റ് കൊച്ചിയില്‍നിന്നാണെന്നതിനാല്‍ അവിടെനിന്നുള്ള യാത്രയുടെ സമയവും ഈ പരിധിയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം.

കുടുംബം പ്രതിസന്ധിയില്‍, മക്കളുടെ പഠനവും !

എന്നാല്‍ ഇതൊക്കെയാണെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് യാത്രാനുമതി. അവരുടെ കുടുംബംഗങ്ങള്‍ക്ക് ഇവര്‍ക്കൊപ്പം യാത്രാനുമതിയില്ല. ഇതുമൂലം കുവൈറ്റില്‍ 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടിലാകും.

അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെക്കൂടി ഒപ്പം കൊണ്ടുപോകാന്‍ അനുമതി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇവര്‍ പോകുന്ന അതേ വിമാനത്തില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാണ്.

അല്ലാത്തപക്ഷം ഇവര്‍ യുഎഇ വഴി ഇരട്ട ക്വാറന്‍റൈന്‍ നടപടികള്‍ക്ക് വിധേയമായിട്ടുവേണം കുട്ടികളെയുമായി കുവൈറ്റിലെത്താന്‍. നിലവിലെ സാഹചര്യത്തില്‍ അതിനായി വേണ്ടിവരുന്ന അധിക യാത്രാചിലവും യുഎഇയിലെ ക്വാറന്‍റൈനുള്ള അധിക ചിലവുകളും കൂടിയാകുമ്പോള്‍ പ്രവാസികളുടെ നടുവൊടിയും.

പ്രതീക്ഷ അംബാസിഡറില്‍ തന്നെ !

ഇക്കാര്യത്തില്‍ കുവൈറ്റ് അംബാസിഡറുടെ ഇടപെടലാണ് പ്രവാസികള്‍ അടിയന്തിരമായി പ്രതീക്ഷിക്കുന്നത്. മലയാളിയായ അംബാസിഡര്‍ സിബി ജോര്‍ജ് ചുമയലയേറ്റ ശേഷം പ്രവാസി വിഷയങ്ങളില്‍ ധൃതഗതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുത്തഴിഞ്ഞുകിടന്നിരുന്ന എംബസി സംവിധാനങ്ങള്‍ നിലവില്‍ കുറ്റമറ്റതായി മാറിയിട്ടുണ്ട്. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെക്കൂടി കുവൈറ്റിലെത്തിക്കുന്നതിന് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് എംബസിയുടെ സത്വര നടപടി ഉണ്ടാകണം എന്നാണ് പ്രവാസികളുടെ അഭ്യര്‍ത്ഥന.

 

kuwait news
Advertisment