കോട്ടയം: കൊതവറ പഞ്ചായത്ത് പതിമൂന്നാംവാര്‍ഡിലെ ശ്രീകുടുംബ -കായിപ്പുറം റോഡിനു സമീപമുള്ള 25 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പൊതുവഴി യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത്.
മന്ത്രിമാരായ വി.എന്‍. വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത വൈക്കം താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തില്‍ പൊതുവഴിക്കായി രൂപീകരിച്ച കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി.
25 കുടുംബങ്ങള്‍ക്ക് പ്രയോജനം
മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് പൊതുവഴിയില്ലെന്നും കമ്മിറ്റി മൂന്നു മീറ്റര്‍ വീതിയില്‍ 280 മീറ്റര്‍ നീളത്തില്‍ വഴി വെട്ടിയിട്ടുണ്ടെന്നും വൈക്കം കാര്‍ഷിക വികസനബാങ്ക് ലേലത്തിനായി ഏറ്റെടുത്ത സ്ഥലത്തില്‍നിന്ന് ഒരു ഭാഗം പൊതുവഴിക്കായി വിട്ടുനല്‍കിയും മരങ്ങള്‍ നീക്കിയും വഴി പൂര്‍ത്തീകരിക്കാന്‍ സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അദാലത്തില്‍ കമ്മിറ്റി പരാതി നല്‍കിയത്.
കാര്‍ഷിക വികസന ബാങ്കുമായി ബന്ധപ്പെട്ട് വഴി നല്‍കുന്നതിനുള്ള അടിയന്തരനടപടി സ്വീകരിക്കാന്‍ സഹകരണവകുപ്പ് വൈക്കം അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശം നല്‍കി.
അദാലത്ത് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞാണ് ഗ്രാമപഞ്ചായത്തംഗം ഷീജ ഹരിദാസും കമ്മിറ്റി ഖജാന്‍ജി എ.എന്‍. സുധാകരനും അദാലത്തില്‍ നിന്ന് മടങ്ങിയത്.