കോട്ടയം: താലൂക്ക് തലത്തില്‍ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് 2024 ഡിസംബര്‍ ഒന്‍പതു മുതല്‍ 16 വരെ കോട്ടയം ജില്ലയില്‍ അഞ്ചു താലൂക്കുകളിലായി നടക്കും.
സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെയും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ അദാലത്തുകള്‍. ഡിസംബര്‍ ഒന്‍പതിനു കോട്ടയം താലൂക്കിലും പത്തിന് ചങ്ങനാശേരി താലൂക്കിലും 12ന് കാഞ്ഞിരപ്പള്ളി താലൂക്കിലും 13ന് മീനച്ചില്‍ താലൂക്കിലും 16ന് വൈക്കം താലൂക്കിലും അദാലത്തുകള്‍ നടക്കും.
നവംബര്‍ 29 മുതല്‍ പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ, ഓണ്‍ലൈന്‍ മുഖേനയോ, താലൂക്ക് കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള അദാലത്ത് കൗണ്ടറുകള്‍ മുഖേനയോ പരാതികള്‍/ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ ആറുവരെ പരാതികള്‍ സ്വീകരിക്കും. കരുതല്‍ (karuthal.kerala.gov.in ) എന്ന പോര്‍ട്ടലിലൂടെയാകും അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുക. പരാതികക്ഷിയുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. അപേക്ഷകര്‍ പരാതിയുടെ കൈപ്പറ്റ് രസീത് വാങ്ങണം.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും), സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍ണാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍) (ചികിത്സാ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
പരിഗണിക്കാത്ത വിഷയങ്ങള്‍
നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങള്‍, വായ്പ എഴുതി തള്ളല്‍,പോലീസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളള, ജീവനക്കാര്യം (സര്‍ക്കാര്‍), റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.
ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ വച്ച് മന്ത്രിമാര്‍ തീരുമാനം കൈക്കൊളളും. അദാലത്തില്‍ പരിഗണിക്കാന്‍ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍/ വകുപ്പ് സെക്രട്ടറിമാര്‍/ വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ മുഖ്യമന്ത്രിക്കോ സമര്‍പ്പിക്കാം.