കാത്തിരിപ്പിന് അവസാനം; ലാ ലീഗ സീസൺ തുടരാൻ അനുമതി

സ്പോര്‍ട്സ് ഡസ്ക്
Sunday, May 24, 2020

കൊറോണ വൈറസ് വ്യാപനത്തിന് തുടർന്ന് നിർത്തിവച്ച സ്പാനിഷ് ഫുട്‍ബോൾ ലീഗായ ലാ ലീഗ മടങ്ങിവരുന്നു. സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ നടത്തുന്നതിന് സ്പാനിഷ് സർക്കാരിന്റെ അനുമതി ലഭിച്ചു.

ജൂൺ 8 മുതലാണ് മത്സരങ്ങൾ നടത്താനുള്ള അനുമതി നൽകിയത്. എന്നാൽ ജൂൺ 12നോ 19നോ മാത്രമേ മത്സരങ്ങൾ ആരംഭക്കുകയുള്ളൂ. കൊറോണ വൈറസ് ഏറെ നാശം വിതച്ച രാജ്യമാണ് സ്പെയിൻ. ശനിയാഴ്ച്ച വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 234,824 പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 28,628 പേർ മരിക്കുകയും ചെയ്തു.

കൊറോണയെ തുടർന്ന് നിർത്തിവച്ച ജർമൻ ബുണ്ടസ് ലീഗ മത്സരങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗും ഉടനെ ആരംഭക്കുമെന്നാണ് റിപ്പോർട്ടുകൾ. സീസണിൽ ഒടുവിലത്തെ ലാ ലീഗ മത്സരങ്ങൾ നടന്നത് മാർച്ച് 10നാണ്. 27 മത്സരങ്ങൾ പിന്നിടുമ്പോൾ 58 പോയിന്റുമായി പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ബാഴ്‌സലോണയാണ്. 56 പോയിന്റുള്ള റയൽ മാഡ്രിഡാണ് തൊട്ടുപിന്നിൽ.

×