ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിങ്ങനെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലും മെസേജ് അയച്ച് ശല്യം; എല്ലായിടത്തും ബ്ലോക്ക് ചെയ്തപ്പോള്‍ വാട്‌സാപ്പിലൂടെ സന്ദേശം അയച്ച് ഞെട്ടിച്ചു; ഇത് തെറ്റാണെന്നു പറഞ്ഞിട്ടും വീണ്ടും ആവർത്തിക്കുകയാണ്, ഇനി നേരിടാൻ തയ്യാറായിക്കോളൂ; മുന്നറിയിപ്പുമായി യുവതിയുടെ കുറിപ്പ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, November 26, 2020

സിനിമകളിലും കഥകളിലും പെണ്‍കുട്ടികളെ വളയ്ക്കാന്‍ പിറകെ നടക്കുന്ന കാമുകന്‍മാരെ കാണാം. അത് കണ്ട് നമ്മള്‍ ആസ്വദിക്കാറുമുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തിേലക്കു വരുമ്പോള്‍ അതത്ര ആസ്വാദിക്കാന്‍ സാധിക്കില്ലെന്നു ഒരു യുവതി ഫെയ്സ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നു. പണ്ടു കാലത്ത് ബസ് സ്റ്റാന്‍ഡുകളിലും കവലകളിലും മറ്റുമായിരുന്നു ഇത്തരം ശല്യക്കാര്‍. കാലം മാറിയപ്പോള്‍ അത് സോഷ്യല്‍മീഡിയകളിലേക്ക് ചുവടുമാറിയെന്നു മാത്രം. സ്വന്തം അനുഭവം തന്നയാണ് പെണ്‍കുട്ടി കുറിക്കുന്നത്.

മുഴുവൻ സമൂഹമാധ്യമ അക്കൗണ്ടുകളിലും പിന്തുടരുകയും ഫോൺനമ്പരും വിലാസവും ഉൾപ്പടെ കണ്ടെത്തുകയും ചെയ്ത യുവാവിനെതിരെയാണ് പെൺകുട്ടിയുടെ പരാതി. സോഷ്യൽ മീഡിയയിലൂടെയാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഇയാളെ ബ്ലോക്ക് ചെയ്തെങ്കിലും ശല്യം തുടരുകയായിരുന്നു. നിരന്തരം സന്ദേശങ്ങൾ അയച്ച് മാനസീകമായി പീഡിപ്പിച്ചു. പൊലീസിനു നൽകിയ പരാതിയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് പെൺകുട്ടി ട്വീറ്റ് ചെയ്തത്.

ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിങ്ങനെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലും ഇയാൾ നിരന്തരം സന്ദേശങ്ങൾ അയച്ചു. എല്ലായിടത്തും ബ്ലോക്ക് ചെയ്തപ്പോള്‍ ഞെട്ടിച്ചുകൊണ്ട് ഇയാൾ വാട്സ്ആപ്പിൽ സന്ദേശങ്ങള്‍ അയച്ച് ശല്യം ചെയ്യാൻ തുടങ്ങി. അയാൾ ചെയ്യുന്നത് കുറ്റകരമായ കാര്യമാണെന്നും ചെയ്യരുതെന്നും പറഞ്ഞു. മാപ്പ് അപേക്ഷിക്കുന്നതിനൊപ്പം അയാളുടെ കയ്യിൽ എന്റെ വ്യക്തിവിവരങ്ങളുണ്ടെന്നും പറഞ്ഞു. ക്ഷമചോദിച്ചുകൊണ്ട് അയാൾ സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. ഇത്തരം അസംബന്ധങ്ങൾ സമ്മതിച്ചു നൽകാനാകുന്നതല്ല.

എന്നോടോ മറ്റേത് പെൺകുട്ടിയോടോ ആയാലും അത് അംഗീകരിക്കാനാകില്ല. ഇത് തെറ്റാണെന്നു പറഞ്ഞിട്ടും വീണ്ടും ആവർത്തിക്കുകയാണ്. ഇനി നേരിടാൻ തയ്യാറായിക്കോളൂ എന്നും പെൺകുട്ടി പറയുന്നു.

സിനിമയിൽ ഇത്തരം രംഗങ്ങൾ കണ്ട് കയ്യടിക്കുന്നവരുണ്ടാകും. എന്നാൽ ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വരുന്നത് പ്രയാസകരമാണ്. ഡർ സിനിമയിൽ നായികയ്ക്കു പിറകെ നടന്നു ശല്യം ചെയ്യുന്ന ഷാരുഖ് ഖാനെ ഓർത്ത് സഹതാപം തോന്നിയിട്ടുണ്ടാകും. എന്നാൽ യഥാർഥ ജീവിതത്തിൽ അത്തരത്തിൽ എന്തെങ്കിലും സംഭവിക്കുന്നത് എത്ര വലിയ അസ്വസ്ഥതയായിരിക്കും ഉണ്ടാക്കുക എന്നത് ചിന്തിക്കണം.

നിരവധിപേരാണ് സമൂഹമാധ്യമത്തിലൂടെ യുവതിയെ അഭിനന്ദിച്ചത്. ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാൻ എല്ലാ പെൺകുട്ടികളും തയാറാകണം. മൗനം തുടർന്നാൽ ഇത്തരക്കാർ പിറകെ നടന്ന് ശല്യം ചെയ്തു കൊണ്ടിരിക്കും എന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു.

×