എന്‍സിപിയില്‍ പഴയവരും പുതിയവരും തമ്മില്‍ പോരു മുറുകുന്നു; ലതിക സുഭാഷ് വനം വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്നും പുറത്താകും ! ലതിക സുഭാഷ് നിയമിച്ചവരെ പിരിച്ചുവിട്ടതിനു പിന്നാലെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത സംഭവത്തില്‍ 97140 രൂപ ലതിക തിരിച്ചടക്കണമെന്ന് കോര്‍പറേഷന്‍ എംഡിയുടെ നിര്‍ദേശം. എംഡിയെ മുന്‍നിര്‍ത്തി ലതിക സുഭാഷിനെതിരെ മന്ത്രി ശശീന്ദ്രന്റെ നീക്കമെന്ന് ആരോപണം ! മന്ത്രി നടത്തിയ കരാര്‍ നിയമനങ്ങള്‍ക്കെതിരെ ലതികയും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: എന്‍സിപിയില്‍ വന്നവരും നിന്നവരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷിനെതിരെ മന്ത്രി എകെ ശശീന്ദ്രന്റെ നീക്കം. വനം വികസന കോര്‍പറേഷന്‍ സ്ഥാനത്തുനിന്നും ലതിക ഉടനെ തെറിച്ചേക്കുമെന്നും സൂചനയുണ്ട്.

Advertisment

publive-image

അതിനിടെ മന്ത്രിക്കെതിരെ ചെയര്‍പേഴ്‌സണും ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. വനം വകുപ്പിലെ ചില കരാര്‍ നിയമനങ്ങള്‍ മന്ത്രിക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച പരാതികള്‍ വനം വകുപ്പ് സെക്രട്ടറിക്ക് നല്‍കിയതായാണ് വിവരം.

ലതികാ സുഭാഷിനെതിരെ വനം വികസന കോര്‍പറേഷന്‍ എംഡിയെ മുന്‍നിര്‍ത്തിയാണ് മന്ത്രിയുടെ നീക്കമെന്നാണ് സൂചന. ലതികയും മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയും തമ്മിലും പോര് രൂക്ഷമാണ്. ചെയര്‍പേഴ്‌സണ്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ നടപടിയും എംഡി നിര്‍ദേശിച്ചിട്ടുണ്ട്.

ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റര്‍ സ്വകാര്യയാത്ര നടത്തിയതായാണ് കണ്ടെത്തിയത്. ഇതിന് നഷ്ടപരിഹാരമായി 97,140 രൂപ ജൂണ്‍ 30-നുമുമ്പ് അടയ്ക്കണമെന്നാണ് നിര്‍ദേശം. പണം തിരിച്ചടച്ചില്ലെങ്കില്‍ ഓണറേറിയത്തില്‍നിന്ന് തുക ഈടാക്കുമെന്നാണ് എംഡി ചെയര്‍പേഴ്‌സണു നല്‍കിയ കത്തിലുള്ളത്.

ഔദ്യോഗിക വാഹനമായ കെ എല്‍-05 എ ഇ 9173 വാഹനമാണ് കോര്‍പ്പറേഷന്‍ ആവശ്യങ്ങള്‍ക്കല്ലാതെ ചെയര്‍പേഴ്സണ്‍ ഉപയോഗിച്ചത്. മാധ്യമ വാര്‍ത്തകളുടെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി.

ലതികാ സുഭാഷിന്റെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള താത്കാലിക ജീവനക്കാരെ കഴിഞ്ഞയാഴ്ച എംഡി പിരിച്ചുവിട്ടിരുന്നു. വിവിധ തസ്തികകളിലേക്ക് ചെയര്‍പേഴ്സന്റെ ശുപാര്‍ശയില്‍ നിയമിച്ചവരെയാണ് ജോലിയില്‍നിന്ന് ഒഴിവാക്കിയത്. ചെയര്‍പേഴ്സന്റെ ഡ്രൈവറെയും പിരിച്ചുവിട്ടിരുന്നു.

Advertisment