Advertisment

ഇത് അമ്മച്ചിയുടെ പ്രതികാരം; 73-ാം വയസിൽ പത്താംതരം പരീക്ഷയെഴുതാൻ നടി ലീനാ ആന്റണി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

73-ാം വയസിൽ പത്താംക്ലാസ് പഠനം പൂർത്തിയാക്കാൻ നടി ലീനാ ആന്റണി സിനിമാലോകത്തുനിന്ന് പരീക്ഷാമുറിയിലേക്ക്. അച്ഛന്റെ മരണത്തെത്തുടർന്ന് പഠനംനിർത്തി 13-ാം വയസ്സിൽ നാടകാഭിനയത്തിലേക്കു കടന്ന ലീനയാണ് പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതുന്നത്.

അന്തരിച്ച നടൻ കെ.എൽ. ആന്റണിയാണ് ലീനയുടെ ഭർത്താവ്. ആന്റണിയുടെ മരണശേഷമുള്ള ഒറ്റപ്പെടലാണു ലീനയെ വീണ്ടും ഒരിക്കൽ പാതിവഴിയിൽ ഉപേക്ഷിച്ച പാഠപുസ്തകങ്ങളിലേക്ക് അടുപ്പിച്ചത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയരായ ദമ്പതിമാരാണ് ആന്റണിയും ലീനയും. ഭർത്താവിന്റെ മരണം ലീനയെ തളർത്തിയെങ്കിലും പിന്നീട് സിനിമയിൽ സജീവമായി.

ലീന പത്താം ക്ലാസിൽ തൈക്കാട്ടുശ്ശേരി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണു കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന അച്ഛൻ ശൗരി കോളറ ബാധിച്ചു മരിച്ചത്. അച്ഛന്റെ മരണശേഷം ബുദ്ധിമുട്ടിലായ കുടുംബത്തിന് നാടകത്തിൽനിന്നു ലീനയ്ക്കു ലഭിക്കുന്ന പണമായിരുന്നു വരുമാനം. പ്രശസ്തമായ കലാനിലയം നാടകസംഘത്തിലാണ്‌ ലീന ആദ്യം പ്രവർത്തിച്ചത്.

മരുമകൾ അഡ്വ. മായാ കൃഷ്ണനാണ് പഠനത്തിലേക്ക് ലീനയ്ക്ക് പ്രചോദനമായത്. ചേർത്തല തൈക്കാട്ടുശ്ശേരി പഞ്ചായത്ത് തുല്യതാപഠന ക്ലാസിൽ ലീന പഠനത്തിനെത്തുന്നതിനു പ്രസിഡന്റ് പി.എം. പ്രമോദും കോ-ഓർഡിനേറ്റർ കെ.കെ. രമണിയും പ്രോത്സാഹനം നൽകി. ലീനയുടെ ക്ലാസിൽനിന്ന് 23 പേരാണു പരീക്ഷയെഴുതുന്നത്. ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് പരീക്ഷാകേന്ദ്രം.

Advertisment