Advertisment

വാദ്യഘോഷങ്ങളുടെ അനുപമ സംഗീതവുമായി "Let's Break It Together" ൽ ഇന്നെത്തുന്നത് മാഞ്ചസ്റ്ററിൽ നിന്ന് അമൃത വർഷിണി കുംബ്ളയും നവ്യ മുകേഷും...

New Update

publive-image

Advertisment

യുകെ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 യുകെയിലും ലോകമെമ്പാടും സംഹാര താണ്ഡവമാടിയപ്പോൾ വിറങ്ങലിച്ചു നിന്ന യുകെ മലയാളി സമൂഹത്തിനും മറ്റുള്ളവർക്കും സമാശ്വാസമായും, കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടും ആരംഭിച്ച ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ൽ ഇന്ന് 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) ആസ്വാദകർക്ക് മുന്നിലെത്തുന്നത് സംഗീത ലോകത്ത് പറന്നുയരാൻ വെമ്പി നിൽക്കുന്ന മാഞ്ചസ്റ്ററിൽ നിന്നുള്ള രണ്ട് ചിത്രശലഭങ്ങൾ, അതിപ്രശസ്തരായ പിതാക്കൻമാരുടെ പാത പിന്തുടർന്ന് പ്രശസ്തിയിലേക്ക് കുതിക്കുന്ന അമൃത വർഷിണി കുംബ്ളയും, നവ്യ മുകേഷുമാണ്.

തന്റെ മാന്ത്രിക വിരലുകളാൽ പിയാനോയിൽ സ്വർഗ്ഗീയ സംഗീതം പൊഴിക്കുന്ന അമൃത വർഷിണി ലോക പ്രശസ്തമായ മാഞ്ചസ്റ്റർ ചേതംസ് സ്കൂൾ ഓഫ് മ്യൂസിക്കിൽ ഇയർ 9 വിദ്യാർത്ഥിനിയാണ്. പ്രസ്തുത കലാലയത്തിലെ ഒരേയൊരു മലയാളി വിദ്യാർത്ഥി കൂടിയാണ് അമ്യത വർഷിണി.

നന്നേ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ പിയാനോ പഠനം ആരംഭിച്ച അമൃത വർഷിണി ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയിൽ ഗ്രേഡ് 8 കരസ്ഥമാക്കി കഴിഞ്ഞു.

പ്രേക്ഷക മനസ്സുകൾ കീഴടക്കിയ രാഗവസന്തത്തിൽ മധുര സംഗീതം പൊഴിക്കാനെത്തുന്ന ഈ 14 വയസുകാരിയുടെ കുടുംബം ബെൽഫാസ്റ്റിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് താമസം മാറിയത് തന്നെ ചേതംസ് സ്കൂൾ ഓഫ് മ്യൂസിക്കിൽ പഠിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ്.

2015 ൽ നോർത്തേൺ അയർലണ്ട് യങ് മ്യുസിഷ്യൻ ഓഫ് ദ ഇയർ അവാർഡ് ഫൈനൽ റൌണ്ടിലെത്തിയ അമൃത വർഷിണി, 2018 ൽ ഹീറ്റൺ മേർസി മ്യൂസിക് ഫെസ്റ്റിവൽ പിയാനോഫോർട്ട് ചാംപ്യൻഷിപ്പ് ഫൈനലിസ്റ്റുമായിരുന്നു. കൊൺസേർട്ടുകളടക്കം നിരവധി വേദികളിൽ തന്റെ സംഗീത പാടവം പ്രകടിപ്പിച്ചിട്ടുണ്ട് ഈ അനുഗ്രഹീത കലാകാരി.

ഒരു ഫുൾടൈം കൊൺസേർട്ട് പിയാനിസ്റ്റ് ആകണമെന്നുള്ള ആഗ്രഹത്തിൽ സംഗീത പഠനം തുടരുന്ന അമൃത വർഷിണി ഗണേഷ് കുംബ്ള - മോഹിനി കുംബ്ള ദമ്പതികളുടെ മകളാണ്.

സംഗീത പ്രേമികളുടെ ഹൃദയ നോവായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ബാലഭാസ്കർ, പ്രശസ്ത സംഗീത സംവിധായകർ രമേഷ് നാരായൺ, ജാസ്സി ഗിഫ്റ്റ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഗണേഷ് കുംബ്ള ദക്ഷിണേന്ത്യൻ സംഗീത ലോകത്ത് അറിയപ്പെടുന്ന ഒരു പെർക്യൂഷണിസ്റ്റും പ്രോഗ്രാമറുമാണ്.

അമൃത വർഷിണിയോടൊപ്പം ഷോയിൽ പങ്കെടുക്കുന്ന നവ്യ മുകേഷ് ഓൾട്രിങ്ങ്ഹാം ഗ്രാമർ സ്കൂൾ ഫോർ ഗേൾസിലെ ഇയർ 8 വിദ്യാർത്ഥിനിയാണ്. വയലിൻ, പിയാനോ, ബാസ്സ് ഗിറ്റാർ, യൂക്കലേലെ, മെലോഡിക്ക എന്നീ സംഗീതോപകരണങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരു അനുഗ്രഹീത കലാകാരിയാണ് നവ്യ.

സ്കൂൾ കൊൺസേർട്ടുകൾ ഉൾപ്പടെ അനവധി വേദികളിൽ പ്രോഗ്രാം ചെയ്തിട്ടുള്ള ഈ 13 വയസുകാരി ഇതിനോടകം തന്നെ സംഗീത ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഏറെ പ്രശസ്തനായ കീബോർഡിസ്റ്റ് മുകേഷ് കണ്ണന്റേയും സുധ മുകേഷിന്റേയും മകളാണ് നവ്യ.

ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.

"ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ " എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

musical program
Advertisment