Advertisment

ബർമിംങ്ഹാമിൽ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ് കോഴിപ്പള്ളി ഇന്ന് "LET'S BREAK IT TOGETHER" - ൽ.... യുക്മ സാംസ്കാരിക വേദി നേതൃത്വം നൽകുന്ന വിദ്യാർത്ഥികളുടെ ഫേസ് ബുക്ക് ലൈവ് ടാലൻ്റ് ഷോ രണ്ടാം ദിവസം....

New Update

ഇതിനകം ജനശ്രദ്ധ നേടിയ "LET'S BREAK IT TOGETHER" ൽ നാളെ ചൊവ്വാഴ്ച എത്തുന്നത് ബർമിംങ്ഹാമിൽ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ്. കോവിഡ് - 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ" (LET'S BREAK IT TOGETHER) എന്ന ഫേസ് ബുക്ക് ലൈവ് ടാലന്റ് ഷോയുടെ രണ്ടാം ദിവസമായ നാളെ, ജൂൺ 2 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് (ഇന്ത്യൻ സമയം രാത്രി 9:30) യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് ലൈവ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്.

Advertisment

publive-image

ബർമിങ്ഹാമിൽ നിന്നുള്ള 14 വയസ്സ്കാരി ആര്യ ദാസ് കോഴിപ്പള്ളിയാണ് തന്റെ ഫ്ളൂട്ടിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ ആനന്ദിപ്പിക്കുവാൻ എത്തുന്നത്. ബർമിങ്ഹാം ക്യാമ്പ് ഹില്ലിലെ കിംഗ് എഡ്വേർഡ് VI സ്കൂളിൽ ഇയർ 9 വിദ്യാർത്ഥിനിയാണ് ആര്യ ദാസ്. ഡോ. മോഹൻദാസ് കോഴിപ്പള്ളിയുടേയും ശോഭ പുഷ്പോത്തിന്റേയും മകളാണ്. ആര്യയുടെ സഹോദരൻ അഭയ്ദാസ് മെഡിസിൻ വിദ്യാർത്ഥിയാണ്.

ഇയർ 3 മുതൽ ജോർജീന റോസൻ്റെ കീഴിൽ ആരംഭിച്ച വെസ്റ്റേൺ ഫ്ളൂട്ട് പഠനം ഇപ്പോൾ ഗ്രേഡ് 7 ൽ എത്തി നിൽക്കുമ്പോൾ സ്കൂളിന് അകത്തും പുറത്തുമായി നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ച് മുന്നേറുകയാണ് ഈ കൊച്ചുമിടുക്കി. സംഗീതത്തോടൊപ്പം നൃത്തത്തേയും സ്നേഹിക്കുന്ന ആര്യ ദാസ് യുക്മ കലാമേളകൾ ഉൾപ്പടെ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഭരതനാട്യം ഗ്രേഡ് 7 ൽ എത്തി നിൽക്കുന്ന ഈ കലാകാരി ഇപ്പോൾ മോഹിനിയാട്ടം പഠനവും ആരംഭിച്ചിട്ടുണ്ട്. സ്കൂൾ പഠനത്തോടൊപ്പം സംഗീതത്തിലും, നൃത്തത്തിലും, ചിത്രരചനയിലും ഒരു പോലെ മുന്നേറുന്ന ബഹുമുഖ പ്രതിഭയായ ആര്യ ദാസ്, മിഡ്ലാൻഡ്സ് റീജിയണിലെ ബർമിംങ്ങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയിലെ (BCMC) സജീവാംഗം കൂടിയാണ്. യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ " LET'S BREAK IT TOGETHER" ലൂടെ ആര്യ ദാസ് നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. ജൂൺ 2 ചൊവ്വ വൈകുന്നേരം 5 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) UUKMA ഫേസ്ബുക്ക് പേജിൽ ലൈവായി എത്തുന്ന ആര്യ ദാസ് കോഴിപ്പള്ളിയുടെ കലാവിരുന്ന് ആസ്വദിക്കുവാൻ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ യുക്മ സാംസ്കാരിക വേദി ആദരപൂർവ്വം ക്ഷണിക്കുന്നു.

പരിപാടിയുടെ ഉദ്ഘാടന ദിനം നോട്ടിംഗ്ഹാമിൽ നിന്നുള്ള ജോർജ് ഡിക്സും ആഷിൻ ടോമിയും ചേർന്ന് നടത്തിയ ഉജ്വല പ്രകടനം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. 8 വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ " എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

LET'S BREAK IT TOGETHER
Advertisment