Advertisment

കോഴക്കേസ് രാഷ്ട്രീയ പ്രേരിതം; തന്നെ നേരിടാന്‍ ഈ കേസ് ഒന്നും മതിയാവില്ലെന്നും കെ സുരേന്ദ്രന്‍

കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്

New Update
k surendran-3

കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസ് സിപിഐഎം കെട്ടിച്ചമച്ചതാണ്. മാധ്യമ പ്രവര്‍ത്തകര്‍ ഇതിന് പിന്നാലെ നടക്കേണ്ടതില്ല. തങ്ങളെ നേരിടാന്‍ ഈ കേസ് ഒന്നും മതിയാകില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ജാമ്യം ലഭിച്ചതിന് പിന്നാലെ കാസര്‍ഗോഡായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തന്നെ പിടിച്ച് അകത്തിടാനുള്ള യാതൊരുവിധ വകുപ്പും സര്‍ക്കാരിന് ഇല്ല. പ്രോസിക്യൂഷന്‍ വാദങ്ങള്‍ ഒന്നും നിലനില്‍ക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. വിടുതല്‍ ഹര്‍ജി കോടതി അടുത്ത മാസം 15 ന് പരിഗണിക്കും. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറു പ്രതികളും ഇന്ന് ഹാജരായത്. വിടുതല്‍ ഹര്‍ജി പരിഗണിക്കാന്‍ കോടതിയില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ആദ്യമായാണ് കേസില്‍ കെ സുരേന്ദ്രനും മറ്റു പ്രതികളും കോടതിക്ക് മുമ്പാകെ ഹാജരാകുന്നത്. ഇതിന് പുറമെ, കേസിലെ വാദി കെ സുന്ദരയും കോടതിയില്‍ ഇന്ന് ഹാജരായി. തുടര്‍ന്ന് മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യാപേക്ഷ നിയമപരമായി എതിര്‍ക്കേണ്ടതില്ല എന്നായിരുന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്. വിടുതല്‍ ഹര്‍ജിക്ക് മറുപടിയായി കോടതിയില്‍ പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്നാകും കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കുക.

k surendran
Advertisment