Advertisment

പാലാ ജനറൽ ആശുപത്രി സൂപ്രണ്ടിനെ മാറ്റിയേ തീരൂ... മാറിയേ തീരൂ - നഗരസഭ കൗൺസിൽ

New Update
pala municipality-2

 

Advertisment

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രി സൂപ്രണ്ടിനെതിരെ നഗരസഭാ കൗൺസിൽ പ്രമേയം പാസ്സാക്കി. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുത്തും വിധം പ്രവർത്തിക്കുന്നതും മാനേജിoഗ് കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കാത്തതുമായ ആശുപത്രി സൂപ്രണ്ടിനെ എത്രയും വേഗം ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് നഗരസഭാംഗങ്ങൾ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയത്. നേരത്തെ ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ച് പ്രമേയം പാസ്സാക്കിയിരുന്നു.

എന്നാൽ ഇതു സംബന്ധിച്ച യോഗ തീരുമാനങ്ങളുടെ കരട് മിനിറ്റ്സിൽ  ഉൾപ്പെടാത്തവ ചൂണ്ടിക്കാട്ടി ഭേദഗതികൾ നിർദ്ദേശിച്ച് ചെയർപേഴ്സൺ സൂപ്രണ്ടിന് കൈമാറിയിട്ടും നാളിതുവരെ മിനിറ്റ്സ് സൂപ്രണ്ട് ഒപ്പിട്ട് ചെയർപേഴ്സണ് നൽകിയിട്ടുമില്ല. മാനേജിoഗ് കമ്മിറ്റി വിളിച്ചു ചേർക്കണമെന്നുള്ള ചെയർപേഴ്സൻ്റെ നിർദ്ദേശവും സൂപ്രണ്ട് നടപ്പാക്കുന്നില്ല. വിവിധതലത്തിലുള്ള ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണത്തിന് തുടർച്ചയായി വിജിലൻസ് വിഭാഗം എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് വരുത്തി വച്ചിരിക്കുന്നത്. ഇതോടൊപ്പം ഡിപ്പാർട്ട്മെൻ്റ് അന്വേഷണവും തുടർച്ചയായി നടക്കുന്നു. ഇതിനാൽ ഓഫീസ് പ്രവർത്തനവും മുടങ്ങുകയാണ്.

സ്ഥിരമായി ഉണ്ടാവേണ്ട സൂപ്രണ്ട് മുന്നറിയിപ്പുകൾ ഇല്ലാതെ അവധിയെടുത്ത് മുങ്ങുന്നതായും പരാതി ഉയർന്നിരുന്നു. ആശുപത്രി സുരക്ഷാ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിൽ ഇൻ്റെർവ്യൂ നടത്തി ഉണ്ടാക്കിയ ലിസ്റ്റിൽ കൃത്രിമം നടത്തി പേരുകൾ തിരുകി കയറ്ററിയതിനെ തുടർന്ന് നാളിതുവരെ നിയമനം നടത്തിയിട്ടില്ല.

രോഗനിർണ്ണയ കേന്ദ്രത്തിലേക്ക്‌ ഉപകരണങ്ങൾക്കായി ലഭ്യമാക്കിയ കോടികൾ കഴിഞ്ഞ ഒരു വർഷമായി ചില വഴിക്കാതെ കിടക്കുന്നു. സൂപ്രണ്ടിന്‌ താത്പര്യമുള്ള കമ്പനിയുടെ ഉപകരണങ്ങൾ വാങ്ങുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ അനുമതി നൽകിയിരുന്നില്ല. സർക്കാർ അംഗീകൃത കമ്പനികളുടെ ലിസ്റ്റിലുള്ള ഉപകരണങ്ങൾ വാങ്ങണമെന്നുള്ള നിർദ്ദേശവും സുപ്രണ്ട് അവഗണിച്ചിരിക്കുകയാണ്.

ആശുപത്രിയുടെ ഡിജിറ്റൽ എക് സറേ യൂണിറ്റ് കേടായിട്ട് നാളുകളായി. നഗരസഭയുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിനായി ആശുപത്രി അധികൃതരുടേയും നഗരസഭാ എൻജിനീയറിംഗ് വിഭാഗത്തിൻ്റെയും സംയുക്ത യോഗം നഗരസഭാദ്ധ്യക്ഷ വിളിച്ചു ചേർത്ത് നടത്തിയ ചർച്ചയിലെ തീരുമാനങ്ങളും സുപ്രണ്ട് നടപ്പാക്കിയില്ല.

ഇതതുടർന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, രാഷ്ട്രീയ കക്ഷി ഭാരവാഹികളും രോഗികളും നഗരസഭാദ്ധ്യക്ഷയോട് സൂപ്രണ്ടിനെതിരെ പരാതി ഉന്നയിച്ചിരുന്നു. മാനേജിംഗ് കമ്മിറ്റി അദ്ധ്യക്ഷ കൂടിയായ നഗരസഭാ ചെയർപേഴ്സൺ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ഒന്നും നടപ്പാക്കാതെ നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ് സഹികെട്ട് സൂപ്രണ്ടിനെ മാറ്റിയേ തീരൂ എന്ന ആവശ്യം ചൂണ്ടിക്കാട്ടി നഗരസഭാ കൗൺസിൽ പ്രമേയം പാസ്സാക്കിയതെന്ന് നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ പറഞ്ഞു.

കൗൺസിലർ ജോസ് ചീരാംകുഴി അവതരിപ്പിച്ച പ്രമേയത്തെ സ്ഥിരം സമിതി ചെയർമാൻ സാവിയോ കാവുകാട്ട് പിന്തുണച്ചു.

Advertisment