Advertisment

ജനങ്ങളെ ദുരിതത്തിലാഴ്ത്തി സർക്കാർ ധൂർത്തടിക്കുന്നു: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്

New Update
pk firoz

തൃശൂർ: ഇടതു പക്ഷ സർക്കാർ ജനങ്ങളെ ദുരിതത്തിലാഴ്ത്തി ധൂർത്തടിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. നെല്ല് കൊടുത്തതിന് പണം കിട്ടാതെയും ലൈഫ്  ഭവന പദ്ധതിയിൽ നിന്ന് തുക അനുവദിക്കാതെയും ജനങ്ങൾ ആത്മഹത്യ ചെയ്യുമ്പോൾ കേരളീയത്തിന്റെ പേരിൽ ധൂർത്തും ആഡംബരവും നടത്തുകയാണ് സർക്കാർ. 

Advertisment

പെൻഷൻ നൽകിയിട്ട് അഞ്ചുമാസമായി. സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളുടെ കുടിശ്ശിക 24000 കോടിയിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് രണ്ട് രൂപ നികുതി ചുമത്തി ധനമന്ത്രി പറഞ്ഞത്, ഇത് സാമൂഹ്യ സുരക്ഷാ സെസ് ആണെന്നാണ്. ഈ പണം എവിടെപ്പോയി എന്ന് ധനമന്ത്രി വ്യക്തമാക്കണം. 

കേരളീയത്തിനാണോ പാവപ്പെട്ടവർക്ക് പെൻഷൻ കൊടുക്കുന്നതിനണോ സർക്കാരിന്റെ മുൻഗണനയെന്ന് ഹൈക്കോടതിക്കു പോലും ചോദിക്കേണ്ടി വരുന്നു. പെൻഷൻ ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നവരുടെ വീടിന് കല്ലെറിയുന്ന സാഹചര്യവും കേരളത്തിലുണ്ടായി. പെൻഷൻ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല, പറയുന്നവരെ ജീവിക്കാൻ അനുവദിക്കില്ല എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.

pk firoz protest-2

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തിൽ കേന്ദ്രവും കേരളവും ഒരുപോലെ മത്സരിക്കുകയാണെന്നും പി കെ ഫിറോസ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനും വിദ്വേഷ പ്രചാരണത്തിനുമെതിരായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി യൂത്ത് മാർച്ചുകൾക്ക് നേതൃത്വം നൽകുകയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. 

തൃശൂർ ജില്ലാ യൂത്ത് മാർച്ച്‌ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു അദ്ദേഹം. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ.എം സനൗഫൽ അധ്യക്ഷത വഹിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ എ ഹാറൂൺ റഷീദ്, പി.കെ ശാഹുൽ ഹമീദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കെ.കെ സക്കരിയ്യ, എ.വി അലി, അസീസ് മന്നലാംകുന്ന്, സാബിർ കടങ്ങോട്, ഷബീർ പാറമ്മൽ, പി.ജെ ജെഫീക്ക്, ഷജീർ പുന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടറി എസ്.എ അൽ റെസിൻ, ജില്ലാ ജനറൽ സെക്രട്ടറി ഷഫീഖ് കടവല്ലൂർ, മുസ്‌ലിം ലീഗ് തൃശൂർ മണ്ഡലം ജനറൽ സെക്രട്ടറി സി കെ ബഷീർ പ്രസംഗിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് തൃശൂർ ജില്ല യൂത്ത് മാർച്ച്‌ പ്രഖ്യാപന കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു

Advertisment