ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന വനിതകൾക്ക് സുരക്ഷിത താമസസൗകര്യമൊരുക്കാൻ സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റൻ ലക്ഷ്മിയുടെ പേരിൽ നിർമിച്ച ഗുരുവായൂർ നഗരസഭയുടെ ഷീ സ്റ്റേ ഹോം പ്രവർത്തനം ആരംഭിച്ചു.
മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. ക്യാപ്റ്റൻ ലക്ഷ്മിയുടെ മകളും പൊതുപ്രവർത്തകയുമായ സുഭാഷിണി അലി വിശിഷ്ടാതിഥിയായി.
മുരളി പെരുനെല്ലി എംഎൽഎ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ എന്നിവർ മുഖ്യാതിഥികളായി.
ഗുരുവായൂർ ഔട്ടർ റിങ് റോഡിനോട് ചേർന്ന് നഗരസഭയുടെ ഏകദേശം15 സെന്റ് സ്ഥലത്ത് നാല് നിലകളിലായി 12500 ലധികം ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
ഗ്രൗണ്ട് ഫ്ലോറിൽ ഓഫീസ്റൂം, സ്വീകരണ കേന്ദ്രം, ഭക്ഷണശാല എന്നിവ പ്രവർത്തിക്കും. ഒന്നും, രണ്ടും നിലകളിൽ ഏഴ് റൂമുകളിലായി 70 ബെഡുകളുള്ള ഡോർമിറ്ററിയാണ് ഒരുക്കിയിട്ടുള്ളത്.
മൂന്നാം നിലയിൽ 35 ബെഡുകളുള്ള ഏഴ് മുറികളും സജ്ജമാക്കിയിട്ടുണ്ട്.
ചടങ്ങിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ എ സായിനാഥൻ, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, നഗരസഭാ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു.