മലപ്പുറം: അടുത്ത ദിവസം നടക്കാനിരിക്കുന്ന കേരള ആരോഗ്യ സർവ്വകലാശാല കീഴിലുള്ള കോളേജുകളിലേക്ക് നടക്കുന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ കോട്ടക്കൽ വി.പി.എസ്.വി ആയുർവേദ കോളേജിൽ നിന്ന് ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ഹന്ന വിപി എന്ന വിദ്യാർത്ഥി നൽകിയ നോമിനേഷൻ തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടിയെ കേരള ഹൈക്കോടതി റദ്ദ് ചെയ്യുകയും മത്സരിക്കാൻ ഉത്തരവ് നൽകുകയും ചെയ്തു.
നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ എസ്എഫ്ഐയുടെയും റിട്ടേണിംഗ് ഓഫീസറുടെയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് കോടതിവിധിയിലൂടെ പരാജയപ്പെട്ടതെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ ആരോപിച്ചു.
ക്യാമ്പസുകളെ ഏകാധിപത്യ കോട്ടയാക്കുകയും അപരന്റെ സ്വരങ്ങൾ അടിച്ചമർത്തുകയും ചെയ്യുക എന്ന എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ നടപടികൾക്ക് എതിരെ വിദ്യാർത്ഥി സമൂഹം തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.