New Update
/sathyam/media/media_files/2025/12/09/dr-venu-v-2025-12-09-13-19-25.jpeg)
കൊച്ചി: മെച്ചപ്പെട്ട മാനേജ്‌മെന്റ് മാതൃകയിലൂടെ കൊച്ചി മുസിരിസ് ബിനാലെയുടെ (കെഎംബി) പുതിയ പതിപ്പിന്റെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമവും സുതാര്യവും സുഗമവുമാക്കാന്‍ കഴിഞ്ഞതായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) ചെയര്‍പേഴ്സണ്‍ ഡോ. വേണു വി. അക്കൗണ്ടിംഗ് സംവിധാനം കുറ്റമറ്റതാക്കിയതും ഭരണനിര്‍വ്വഹ മേഖലയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിച്ചതും കെഎംബിയുടെ നടത്തിപ്പിന് ഊര്‍ജ്ജം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെബിഎഫ് സംഘടിപ്പിക്കുന്ന ബിനാലെയുടെ ആറാം പതിപ്പിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഡോ.വേണു.
കെഎംബി-6 ഡിസംബര്‍ 12 ന് ആരംഭിക്കും. 110 ദിവസത്തെ ബിനാലെ 2026 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും.
2012 ലെ ആദ്യ പതിപ്പ് മുതല്‍ വിവിധ തലങ്ങളില്‍ കൊച്ചി മുസിരിസ് ബിനാലെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോ. വേണു സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച് ഒരു മാസത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് കെബിഎഫ് ചെയര്‍പേഴ്സണായി ചുമതലയേറ്റത്.
ബിനാലെയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങളും അവ പരിഹരിക്കാന്‍ കൈക്കൊണ്ട നടപടികളും അദ്ദേഹം വിശദീകരിച്ചു. ഒരു വര്‍ഷം മുമ്പ് ഫൗണ്ടേഷന്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഡോ. വേണു പറഞ്ഞു. സിഎക്സ്ഒകളില്‍ ഉള്‍പ്പടെയുള്ള പ്രധാന തസ്തികകളില്‍ മികച്ച പ്രൊഫഷണലുകളെ നിയമിച്ചു. എസ്ഒപികള്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍) നിര്‍വ്വചിക്കുകയും പ്രൊഫഷണല്‍ അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുകയെന്ന ഫൗണ്ടേഷന്റെ പ്രധാന ദൗത്യത്തിന്റെ ഭാഗമാണിത്. വാര്‍ഷിക ഓഡിറ്റിംഗ് കുറ്റമറ്റതാക്കാനുള്ള സംവിധാനം കെബിഎഫിന് ഇല്ലായിരുന്നു.
ഭരണ സംവിധാനം കുറ്റമറ്റ രീതിയില്‍ പുന:കമീകരിക്കുന്നതില്‍ താന്‍ ശ്രദ്ധാലുവായിരുന്നവെന്ന് ഡോ. വേണു പറഞ്ഞു. ഭരണപരവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ബിനാലെയുടെ കഴിഞ്ഞ പതിപ്പ് (കെഎംബി-5) കൂടുതല്‍ മികച്ച അനുഭവമാകുമായിരുന്നു.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ബിനാലെയുടെ ഖ്യാതിക്ക് മങ്ങലേല്‍പ്പിച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയ മാനേജ്‌മെന്റ് മാതൃകയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2010-ല്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്ത കെബിഎഫ് വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്തപ്പോള്‍ ഫൗണ്ടേഷന്‍ അതിന്റെ ട്രസ്റ്റ് ഡീഡില്‍ ഭേദഗതി വരുത്തുകയും അധികാരികള്‍ക്ക് വ്യക്തതയും ഉത്തരവാദിത്തവും കൊണ്ടുവരികയും ചെയ്തു. ധനകാര്യ, അക്കൗണ്ടിംഗ് രീതികളെ ശുദ്ധീകരിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. കലാപരമായ മികവിന് കൊച്ചി മുസിരിസ് ബിനാലെ ആഗോള പ്രശസ്തി നേടിയപ്പോഴും ഫൗണ്ടേഷന്‍ അതിന്റെ അഞ്ച് പതിപ്പുകളുടെയും നടത്തിപ്പില്‍ പ്രതിസന്ധി നേരിട്ടിരുന്നുവെന്നത് ദു:ഖകരമാണെന്ന് ഡോ. വേണു ചൂണ്ടിക്കാട്ടി.
കെബിഎഫിന് പിന്തുണ നല്‍കുന്നവര്‍ക്ക് ട്രസ്റ്റിന്റെ പുനഃസ്ഥാപന ഉത്തരവ് നല്ല സന്ദേശമാണ് നല്‍കിയത്. ഇത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഫണ്ടര്‍മാര്‍ വലിയ തോതില്‍ വരാന്‍ തുടങ്ങി. ഇതില്‍ കേരള സര്‍ക്കാരിന്റെയും ടാറ്റ ട്രസ്റ്റിന്റെയും പേര് എടുത്തുപറയണം.
ബിനാലെയുടെ പുതിയ പതിപ്പില്‍ 22 വേദികള്‍ ഉണ്ടാകും. കെഎംബിയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്നതാണിത്. 2023 ല്‍ ആകെ 14 വേദികളാണ് ഉണ്ടായിരുന്നത്. ആറാം പതിപ്പിലേക്കുള്ള കലാകാരന്മാരുടെ തെരഞ്ഞെടുപ്പ് കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും ക്യൂറേറ്റര്‍ നിഖില്‍ ചോപ്രയും പൂര്‍ത്തിയാക്കിയതോടെ വേദിയുടെ എണ്ണത്തില്‍ ഉണ്ടായ ഈ വര്‍ധനവ് അംഗീകരിക്കുന്നതില്‍ കെഎംബിക്ക് ഒരു പ്രശ്നവുമില്ലായിരുന്നുവെന്ന് വേണു പറഞ്ഞു.
22 വേദികള്‍ക്ക് പുറമേ ഏഴ് സമാന്തര പ്രദര്‍ശന വേദികളുമുണ്ടാകും. ഇവയെല്ലാം സന്ദര്‍ശിക്കാന്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരും. ഇത് ബിനാലെ കാണാനെത്തുന്നവര്‍ക്ക് വിലപ്പെട്ട അനുഭവമായി മാറുമെന്ന് ഉറപ്പാണ്.
മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസിന് പുറത്തും ബിനാലെ പ്രദര്‍ശനത്തിന്റെ നല്ലൊരു പങ്കിന് വേദിയാകും. എറണാകുളം ഡൗണ്‍ ടൗണിലെ ദര്‍ബാര്‍ ഹാള്‍ ഗാലറിക്ക് പുറമേ വില്ലിംഗ്ടണ്‍ ഐലന്റ് കെഎംബി-6 ന്റെ പുതിയ വേദിയാകും. കെഎംബി-6 സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ ബോട്ടിംഗ് യാത്രകളും വേണ്ടിവരും. നഗരത്തിലെ പുതിയ വാട്ടര്‍ മെട്രോയ്ക്ക് ഇത് ഗുണം ചെയ്യുമെന്ന് വേണു അഭിപ്രായപ്പെട്ടു.
ബിനാലെ സീസണ്‍ കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് മികച്ച ബിസിനസ് സാധ്യതകള്‍ പ്രദാനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോംസ്റ്റേകളും റിസോര്‍ട്ടുകളും ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും ഇത് നല്ല സമയമായിരിക്കും. ബിനാലെയുമായി ബന്ധപ്പെട്ടുള്ള ടൂറിസം സാധ്യതകളെയും പാക്കേജുകളെയും കുറിച്ചുള്ള സാധ്യതകള്‍ തേടാന്‍ കേരള ട്രാവല്‍ മാര്‍ട്ട് ഉള്‍പ്പെടെയുള്ള പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us