/sathyam/media/media_files/2026/02/17/madan-moksham-2026-02-17-23-16-49.jpg)
അരയൻകാവ്/എറണാകുളം: പിറവി സ്വയം സഹായ സംഘത്തിന്റെ ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം, 2026 ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് അരയൻകാവ് ക്ഷേത്ര പൂരപ്പറമ്പിൽ "മാടൻ മോക്ഷം" നാടകം അവതരിപ്പിക്കും.
1600 സ്‌ക്വയർ ഫീറ്റ് വലുപ്പത്തിൽ ഒരുക്കുന്ന എൻവയർമെന്റൽ സ്റ്റേജിലാണ് "മാടൻ മോക്ഷം" അവതരിപ്പിക്കുന്നത്.
തമിഴ് - മലയാളം സാഹിത്യകാരനായ ജയമോഹൻ എഴുതിയ 'മാടൻമോക്ഷം' എന്ന നോവലിനെ ആസ്പദമാക്കി ആലപ്പുഴ മരുതം തീയറ്റർ അരങ്ങിലെത്തിക്കുന്ന അമച്വർ നാടകമാണ് "മാടൻ മോക്ഷം".
2025 ലെ മികച്ച നാടകത്തിനും, മികച്ച സംവിധായകനും (ജോബ് മഠത്തിൽ) മികച്ച നടനും (പ്രമോദ് വെളിയനാട്) ഉള്ള മൂന്ന് സംസ്ഥാന അവാർഡുകൾ നേടിയ ഹിറ്റ് നാടകമാണ് "മാടൻമോക്ഷം".
പ്രമോദ് വെളിയനാടും, ജയചന്ദ്രൻ തകഴിക്കാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന "മാടൻമോക്ഷം" വ്യത്യസ്തമായ അവതരണ മികവിനാലും നാട്യം ഒട്ടുമില്ലാത്ത നടന വൈഭവം കൊണ്ടും വേറിട്ട നാടക അനുഭവമാണ് പ്രേക്ഷകരിലേക്ക് പകരുന്നത്.
ആബാലവൃദ്ധം പ്രേക്ഷകരിലും വിസ്മയം ജനിപ്പിക്കുന്ന പ്രമേയവും കഥാപാത്രങ്ങളുമായി നാടകത്തെ നഗരങ്ങളിലേക്കും നാട്ടിൻപുറങ്ങളിലെ പുൽമൈതാനങ്ങളിലേക്കും തിരിച്ചെത്തിക്കുന്നതിൽ "മാടൻ മോക്ഷം" വിജയിച്ചു എന്ന് വേണം പറയാൻ.
/filters:format(webp)/sathyam/media/media_files/2026/02/17/madan-moksham-press-meet-2026-02-17-23-17-44.jpg)
നാടക പ്രവർത്തകർക്കും നാടകത്തെ ഇഷ്ടപ്പെടുന്നവർക്കും "മാടൻ മോക്ഷം" ആവേശമായി മാറുന്ന കാഴ്ചയാണ് നാടകം അവതരിപ്പിച്ച കേരളത്തിലെ വേദികളിൽ നിന്നും കാണാനും അനുഭവിക്കാനും കഴിയുന്നത്.
നല്ല നാടകങ്ങൾ കണ്ണും കാതും കൂർപ്പിച്ച് കാണാനും കേൾക്കാനും ആളുകൾ ഇന്നും തിക്കിത്തിരക്കുമെന്ന് "മാടൻ മോക്ഷം" അരങ്ങേറിയ കേരളത്തിലെ നൂറിലധികം വേദികൾ സാക്ഷ്യം പറയും.
എറണാകുളം ജില്ലയിൽ അരയൻകാവ് ക്ഷേത്ര മൈതാനമാണ് "മാടൻ മോക്ഷം" നാടകത്തിന്റെ ആദ്യ വേദി എന്ന് നാടക സംഘാടകസമിതി ചെയർമാൻ ബൈജു നെടുങ്കേരിയും, പിറവി സ്വയം സഹായ സംഘം പ്രസിഡൻറ് എം എം രാജേന്ദ്രനും പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒരു മണിക്കൂർ നാൽപത്തി അഞ്ച് മിനിറ്റ് ദൈർഘ്യം വരുന്ന നാടകത്തിൽ പതിനെട്ട് കഥാപാത്രങ്ങളാണ് രംഗത്ത് വരുന്നത്. നാടകം കാണുന്നതിന് 300/500/1000/ രൂപ നിരക്കിലാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഇതിൽ 300/500 രൂപയുടെ ടിക്കറ്റുകൾക്ക് ഗ്രൂപ്പ് ഡിസ്കൗണ്ട് ഉണ്ടായിരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
പ്രമോദ് വെളിയനാടും ജയചന്ദ്രൻ തകഴിക്കാരനും പത്രസമ്മേളനത്തിൽ നാടകത്തെക്കുറിച്ച് വിശദമായി സംസാരിച്ചു.
ആരക്കുന്നം വായനശാലാ സെക്രട്ടറി കുഞ്ഞുമോൻ, പിറവി സ്വയം സഹായ സംഘം ട്രഷറർ ചാരുദത്തൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us