ഇന്‍ഡിവുഡ് ഭാഷാസാഹിത്യ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

New Update
kollam press club

പുനലൂര്‍: മലയാളസാഹിത്യത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന പുരസ്‌കാരമേളയായ 'ഇന്‍ഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാര ' സമര്‍പ്പണം 2026 ഫെബ്രുവരി 25ന് നടക്കും. 

Advertisment

ഏകദേശം പതിമൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് അന്നേദിവസം വിതരണം ചെയ്യുക. ഭാഷാകേസരി പുരസ്‌കാരം എഴുത്തമ്മ പുരസ്‌കാരം എന്നിവയുടെ സമർപ്പണവും അന്ന് ഉണ്ടാകും.

അഞ്ചു ലക്ഷത്തിയൊന്നു രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന ഭാഷാ കേസരി പുരസ്‌കാരം സാഹിത്യത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി ഗാന രചയിതാവും കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് സമര്‍പ്പിക്കും. 

മികച്ച കൃതിക്കായി ഇന്‍ഡിവുഡ് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രഥമ എഴുത്തമ്മ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരനും ഗാനരചയിതാവുമായ എം ഡി രാജേന്ദ്രന്‍ അര്‍ഹനായി. അഞ്ചുലക്ഷത്തിയൊന്നു രൂപയും ഫലകവും പ്രശസ്തി പത്രവുംഅടങ്ങുന്നതാണ് പുരസ്‌കാരം. 

കൂടാതെ സാഹിത്യത്തിന്റെ വ്യത്യസ്തങ്ങളായ 25 മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരങ്ങളും ചടങ്ങില്‍ സമര്‍പ്പിക്കും. 

awards

ലഭിച്ച ആയിരത്തോളം എന്‍ട്രികളില്‍ നിന്നും പ്രശസ്ത സാഹിത്യകാരന്മാരായ മുരുകന്‍ കാട്ടാക്കട, ആലംകോട് ലീലാകൃഷ്ണന്‍, റഫീഖ് അഹമ്മദ്, വിആര്‍ സുധീഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 

ഏരീസ് ഗ്രൂപ്പ് സിഇഒയും സ്ഥാപക ചെയര്‍മാനുമായ സര്‍ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന ഇന്‍ഡിവുഡ് 2020ല്‍ തുടക്കം കുറിച്ച  ഭാഷാ സാഹിത്യ പുരസ്‌കാരമേള വഴി നിരവധി സാഹിത്യ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. 

നാടിന്റെ ഭാവി വാഗ്ദാനങ്ങളാകേണ്ട യുവതലമുറയ്ക്ക് പ്രാതിനിധ്യം നല്‍കിയാണ് ഇത്തവണ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. 

പുനലൂര്‍ ഐക്കരക്കോണം പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് പുരസ്‌ക്കാര നിര്‍ണ്ണയവും വിതരണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.

ഫെബ്രുവരി 25 ന് വൈകുന്നേരം 6 :30 ന് പുനലൂര്‍ വാളക്കോട് ഏരീസ് കോംപ്ലക്‌സില്‍ വച്ചു നടക്കുന്ന ഇന്‍ഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍, പുനലൂര്‍ എംഎല്‍എ പിഎസ് സുപാല്‍, തിരുവിതാംകൂര്‍ രാജകുടുംബാംഗം ഹിസ് ഹൈനസ് ആദിത്യ വര്‍മ്മ,  തുടങ്ങി സാഹിത്യ സാമൂഹ്യരാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. 

awards-2

സര്‍ സോഹന്‍ റോയിയുടെ 3001 അണു കവിതകള്‍ ഉള്‍പ്പെടുത്തിയ 'അണു മഹാകാവ്യത്തി'ന്റെയും ഡോ. എന്‍ പ്രഭിരാജിന്റെ 'ക്യാപ്റ്റന്‍സ് ഇന്നിംഗ്‌സ്' എന്ന പ്രൊഫഷണല്‍ ബയോഗ്രഫിയുടെ മലയാള പരിഭാഷയുടെയും പ്രകാശനവും ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കൂടാതെ വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് ഏരീസ് ഗ്രൂപ്പ് പ്രോജക്ട് മാനേജര്‍  സി.അരുണ്‍, കണ്‍സള്‍ട്ടന്റ് അച്യുതന്‍ പനച്ചിക്കുത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രൊജക്റ്റ് ഇന്‍ഡിവുഡ് 

സാഹിത്യം, സാമൂഹികം, വ്യവസായം, ശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ ഭാരതീയരെ ആദരിക്കുവാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഡിവുഡ് ഇത്തരത്തിലുള്ള ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

ഭാരതത്തിലെ സിനിമാ മേഖലയെ ഒരു കുടക്കീഴില്‍ ഒന്നിപ്പിച്ച് ഹോളിവുഡ് മാതൃകയില്‍ ഇന്‍ഡിവുഡ് എന്ന ബ്രാന്‍ഡിന് കീഴില്‍ അണിനിരത്തുക എന്ന സര്‍ സോഹന്‍ റോയിയുടെ 10 ബില്യണ്‍ ഡോളറിന്റെ സ്വപ്ന പദ്ധതിയായ പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമാണ് ഇന്‍ഡിവുഡ് പുരസ്‌കാര മേളകള്‍ സംഘടിപ്പിക്കുന്നത്. 

2016ല്‍ തെലങ്കാന ഗവണ്‍മെന്റിന്റെ സഹകരണത്തോടെ രാമോജി ഫിലിം സിറ്റിയില്‍ നടത്തിയ ഇന്‍ഡിവുഡ് ഉദ്ഘാടന വേളയില്‍ അന്നത്തെ ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു ഉള്‍പ്പെടെയുള്ള പ്രമുഖരും 115 രാജ്യങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭ വ്യക്തികളും പങ്കെടുക്കുകയുണ്ടായി. 

29 രാജ്യങ്ങളില്‍ 87 സ്ഥാപനങ്ങളോടെ സാമുദ്രിക വ്യവസായിക ലോകത്ത് പല മേഖലകളിലും ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനം കരസ്ഥമാക്കിയ ഏരീസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ പിന്തുണ കൂടി  ഈ ചടങ്ങിനുണ്ട്.

മറ്റ് പുരസ്‌കാര വിജയികള്‍ 

1.    സ്‌കൂള്‍ / കോളേജ് വിദ്യാര്‍ത്ഥികളിലെ മികച്ച ഗ്രന്ഥ രചയിതാവ് : സിനാഷ (ഒരു തളിരിലയും ഒരു തുള്ളി നിലാവും) 
2.    മികച്ച ഗ്രന്ഥശാല : പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി
3.    മികച്ച സ്‌കൂള്‍ / കോളേജ് തല ഗ്രന്ഥശാല : ജി.ബി. എച്ച്.എസ്.എസ്., തിരൂര്‍
4.    മികച്ച കമ്പനി / സ്ഥാപന തല മാഗസിന്‍ : അരണ്യം (വനം വന്യജീവി വകുപ്പ്)
5.    മികച്ച സ്‌കൂള്‍ / കോളേജ് മാഗസിന്‍ : തുരുത്ത്  (ഗവ.വിക്ടോറിയ കോളേജ് ,പാലക്കാട്)
6.    മികച്ച തിരക്കഥാകൃത്ത് : ശ്രീജിത്ത് തൃശൂര്‍ക്കാരന്‍ (മഞ്ഞപാപ്പാത്തി)
7.    മികച്ച പ്രസാധകന്‍  : കൈപ്പട ബുക്‌സ് LLP 
8.    മികച്ച സ്‌കൂള്‍ / കോളേജ് - ടാലെന്റ്‌റ് / ലിറ്റ് ക്ലബ് : ശ്രീനാരായണ കോളേജ്, കൊല്ലം
9.    മികച്ച ഗാനരചയിതാവ് : ആതുന്‍ എം വിജയന്‍ (വരെ)
10.    മികച്ച ഹാസ്യകഥാകാരന്‍ : ഷമില്‍ രാജ് (പിണ്ണാക്കിടി മൊട്ടാസൊ) ( പ്ലാങ്ക് പൊളാങ്കി )  
11.    മികച്ച ഹ്രസ്വസാഹിത്യ രചയിതാവ് : ഫാത്തിമത്ത് തസ്‌ലീന. എ കെ ( തനിയെ) 
12.    മികച്ച ലേഖന രചയിതാവ് : ദൃശ്യ പത്മനാഭന്‍ (പ്രമാണസൂക്ഷിപ്പുകാരിലെ പ്രമാണി)
13.    മികച്ച നിരൂപകന്‍ : അജീഷ് ജി ദത്തന്‍ (സന്ദേഹിയുടെ കാരുണ്യം നിറഞ്ഞ ശിരസ്സ്)
14.    മികച്ച പാഠ്യ പുസ്തക രചയിതാവ് : അരുണ്‍ കുമാര്‍ എ എസ്
15.    മികച്ച യാത്രാവിവരകന്‍ : അക്ബര്‍ യമാനി (ഇന്ത്യയുടെ ഹൃദയം തേടി )
16.    മികച്ച ജീവചരിത്ര രചയിതാവ്  : മസ്താനി നൂര്‍ (ഗുരുഗീതകം) 
17.    മികച്ച ബാലസാഹിത്യ രചയിതാവ്  : അനഘ ബിനീഷ് (ആകാശക്കോട്ടയിലെ മുത്തശ്ശി)
18.    മികച്ച കഥാകൃത്ത്  : മൃദുല്‍ വി. എം ( കുളെ)
19.    മികച്ച പരിഭാഷക : അഞ്ചു എം എസ് (ജീവിതം എങ്ങനെ ആനന്ദപ്രദമാക്കാം )
20.    മികച്ച നോവലിസ്റ്റ്  : അഖില്‍ സി.എം (തായപ്പ)
21.    മികച്ച കുറ്റാന്വേഷണ രചയിതാവ് : വിഷ്ണു എം സി (കാന്തമല ചരിത്രം )
22.   മികച്ച കവയിത്രി : ആതിര ആര്‍ (മീനെ മീന്‍ മണമേ) 
23.   മികച്ച ഭാഷാ ഗവേഷണ രചയിതാവ് : അമിത രാജീവ് (തുള്ളല്‍ കൃതികള്‍ വാമൊഴി വഴക്കവും സാമൂഹിക സംസ്‌കാരവും)
24.   മികച്ച വൈജ്ഞാനിക സാഹിത്യ രചയിതാവ് : ഡോ. നീതു സി സുബ്രഹ്മണ്യന്‍ (ചങ്ങമ്പുഴ പാരായണങ്ങളുടെ പ്രത്യയശാസ്ത്രം)
25.   മികച്ച അക്കാദമിക്കല്‍/പ്രൊഫഷണല്‍ ബയോഗ്രഫി രചയിതാവ് : വിനീത പി.ജെ പാല്യത്ത് (തീക്ഷ്ണം തീവ്രം)

Advertisment