Advertisment

അര നൂറ്റാണ്ടിനുശേഷം ഒരു `കുട്ടിക്കൂട്ടായ്മ'; മരങ്ങാട്ടുപിള്ളി സെന്‍റ് തോമസ് ഹെെസ്ക്കൂളിലെ 1970 എസ്എസ്എല്‍സി ബാച്ച് `കുട്ടികളുടെ'  54 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അപൂര്‍വ്വമായ ഒത്തുചേരല്‍ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി

New Update
sslc 1970 batch

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി സെന്‍റ് തോമസ് ഹെെസ്ക്കൂളിലെ 1970 എസ്എസ്എല്‍സി ബാച്ച് `കുട്ടികളുടെ'  54 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അപൂര്‍വ്വമായ ഒത്തുചേരല്‍ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. 70 -നു മേല്‍ പ്രായമുള്ളവര്‍ പഴയ സഹപാഠികള്‍ വീണ്ടും പേരു പറഞ്ഞു പരിചയം പുതുക്കിയപ്പോള്‍ പലരും അമ്പരന്നു. കണ്ടുനിന്നവര്‍ക്ക് ആവേശമേറെയായി. ചിലര്‍ കണ്ണുനീര്‍ വാര്‍ത്തു.

Advertisment

അസുഖങ്ങള്‍ കാരണം ശാരീരിക ബലഹീനത ഉണ്ടായിട്ടും മകന്‍റെയും കൊച്ചുമക്കളുടെയും കെെപിടിച്ച് പിച്ചവെച്ച് പടുകിഴവിയായി കൂനികൂനി നടന്നുവന്ന പഴയ കൂട്ടുകാരി സുലോചനയെ കണ്ടപ്പോള്‍ കൂടിനിന്നവര്‍ കെെയടിച്ചു സ്വീകരിച്ചു. പിന്നീട് പരിചയം പുതുക്കലും കുശലങ്ങളും ഓര്‍മ്മക്കഥകളും തുടങ്ങി.  

`ഹൃദയഗാഥ' എന്ന കവിതാ സമാഹാരത്തിന്‍റെ രചയിതാവ് എ.എസ്. ചന്ദ്രമോഹനനെ പോന്നാട അണിയിച്ച് അനുമോദിച്ചു. ഉച്ചയ്ക്ക് പായസം ഉള്‍പ്പടെയുള്ള വിഭവസമൃദ്ധമായ വെജിറ്റേറിയന്‍ സദ്യയും ആസ്വദിച്ചു.

sslc 1970 batch-2

1970-ല്‍ മൂന്നു ക്ളാസ്സുകളിലായി 118 പേര്‍ പഠിച്ചിറങ്ങിയവരില്‍ ഒരു പള്ളിവികാരി ഉള്‍പ്പടെ പതിനെട്ടോളം പേര്‍ ഇതിനകം മരണമടഞ്ഞു. നിരവധി വയോധികര്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരുമാണ്. എങ്കിലും മുപ്പതിലേറെ പേര്‍ `എസ്എസ്എല്‍സി-1970' എന്ന വാട്ട്സാപ്പ് കൂട്ടായ്മവഴി നിരന്തരം ബന്ധപ്പെട്ട് സൗഹൃദം നിലനിര്‍ത്തുന്നു.

ഇവരെയെല്ലാം കണ്ടെത്തുന്നതിനും പരിചയം പുനഃസ്ഥാപിച്ച് ആശയവിനിമയം നടത്തുന്നതിനും ദീര്‍ഘകാലം വേണ്ടിവന്നതായി മുന്‍നിര പ്രവര്‍ത്തകര്‍ പറഞ്ഞു. അങ്ങനെയാണ് ആദ്യ സംഗമം 2022 മെയ് മാസത്തില്‍ സംഘടിപ്പിച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ സാധാരണമാണെങ്കിലും അഞ്ചു പതിറ്റാണ്ടിനു ശേഷം സമ്മേളിക്കുന്നത് അപൂര്‍വ്വമാണ്.

1970 sslc batchc

അന്നത്തെ അദ്ധ്യാപകരില്‍ ജീവിച്ചിരിക്കുന്നവര്‍ 3 പേര്‍ മാത്രമാണ്. ഓഫീസ് സ്റ്റാഫില്‍ ഒരാളും. അവര്‍ക്കു പ്രായം 95 വരും. പങ്കെടുത്ത `കുട്ടികളി' ല്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍നിന്ന് എത്തിയവരാണ്. വിദേശരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും ജീവിക്കുന്നവരും ഏറെയാണ്.

എ.എസ് ചന്ദ്രമോഹനന്‍ അദ്ധ്യക്ഷത വഹിച്ച കൂട്ടായ്മയില്‍ ടി.ജെ. കുര്യാക്കോസ്, സിസ്റ്റര്‍ ജയ, സിസ്റ്റര്‍ വത്സമ്മ ജോസഫ്, എത്സ എസ്, സിറില്‍ ജോസ്, വിമലകുമാരി, ജാന്‍സി തോമസ്, ദേവകിക്കുട്ടി, ചന്ദ്രവതി, മേരി എം.ജെ. തുടങ്ങിയവര്‍ സംസാരിച്ചു. രേവമ്മ ഇ എന്‍ സ്വാഗതവും വത്സമ്മ ജോസഫ് നന്ദിയും പറഞ്ഞു. വിവിധ പരിപാടികളും അവതരിപ്പിച്ചു.

 

Advertisment