Advertisment

വെസ്റ്റ് ഹിൽ അനാഥമന്ദിരത്തെ അപകീർത്തിപ്പെടുത്തുന്ന നടപടികൾ ദുരുദ്ദേശപരമെന്ന് അനാഥ മന്ദിര സമാജം നിർവ്വാഹക സമിതി

New Update
9e9b0259-94d3-4359-a627-cf20639a40b1

കോഴിക്കോട്: ഒൻപത് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള ദി പുവർ ഹോംസ് സൊസൈറ്റിയെയും സൊസൈറ്റിയുടെ കീഴിലുള്ള വെസ്റ്റ് ഹിൽ അനാഥമന്ദിരത്തെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളും കുപ്രചരണങ്ങളുമായി സ്ഥാപനത്തിൽ നിന്ന് അച്ചടക്കനടപടി നേരിട്ട ജീവനക്കാരിയുടെ ഭർത്താവും തൽപ്പര കക്ഷികളും ചേർന്ന് രംഗത്തിറങ്ങിയത്  ദുരുദ്ദേശപരമാണെന്നും വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജം നിർവ്വാഹക സമിതി അറിയിച്ചു. 

Advertisment

സമാജത്തിൻ്റെ നിലവിലുള്ള മുഴുവൻ ആസ്തികളും സംരക്ഷിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നിലവിലുള്ള ഭരണ സമിതി നടത്തിയിട്ടുള്ളത്. 

രാത്രിയും പകലും വെസ്റ്റ്ഹിൽ റെയിൽവേസ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് വാഹനം ലഭിക്കുക എന്നത് ഏറെ ദുഷ്കരമായ സാഹചര്യത്തിലാണ് അന്തേവാസികളായ രോഗികളെ ആശുപത്രിയിൽ കൊണ്ടു പോകുന്ന ആവശ്യത്തിന് വാഹനം വാങ്ങുന്നതുൾപ്പെടെയുള്ള എല്ലാ വികസന പ്രവർത്തനങ്ങളും അഭ്യുദയകാംക്ഷികളുടെ സ്പോൺസർഷിപ്പിലൂടെയാണ് നടത്തി വന്നിട്ടുള്ളത്. 

സാമൂഹ്യ നീതി വകുപ്പിൻ്റെയും ഇൻകം ടാക്സ് ഉൾപ്പെടെയുള്ള ഡിപ്പാർട്ട്മെൻ്റുകളുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടുള്ള സുതാര്യമായ പ്രവർത്തനങ്ങളാണ് അനാഥ മന്ദിരത്തിൽ നടന്നു വരുന്നത്. അല്ലാതുള്ള പ്രചരണങ്ങൾ വസ്തുതക്ക് നിരക്കുന്നതല്ല.

അനാഥ മന്ദിര സമാജത്തിൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ആവശ്യപ്പെടുന്ന മുറക്ക് സർക്കാർ സംവിധാനങ്ങൾക്കും സമാജം മെമ്പർമാർക്കും കാണിച്ചു കൊടുക്കേണ്ട ബാധ്യത മാത്രമേ നിർവ്വാഹക സമിതിക്ക് ഒള്ളൂ.

സെക്രട്ടറിയുടെയും പ്രസിഡൻ്റിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ നിർവ്വാഹക സമിതി യോഗം സെക്രട്ടറിയെ രാഷ്ട്രീയ പ്രേരിതമായും വ്യക്തി വിരോധത്തിൻ്റെ പേരിലും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കങ്ങൾക്കെതിരെ  പരിപൂർണമായും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചു.

പുരുഷൻമാർക്ക് വേണ്ടി നിർമ്മിച്ച ഡോ. പൽപ്പു സ്മൃതി മന്ദിരത്തിൻ്റെ ഉദ്ഘാടനം ഡിസംബർ രണ്ടാം വാരം നടത്തുവാനും നാട്ടുകാർക്ക് വേണ്ടി ആരംഭിക്കുന്ന ഡോ. പൽപ്പു മെമ്മോറിയൽ സൗജന്യ പോളി ക്ലിനിക്കിൻ്റെ ഉദ്ഘാടനം ജനവരിയിൽ നടത്താനും തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡൻ്റ് ഷനൂബ് താമരക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി വൈസ് പ്രസിഡൻ്റ് അഡ്വ. എം രാജൻ ട്രഷറർ കെ. ബിനുകുമാർ ജോ. സെക്രട്ടറി വിആർ രാജു സൂപ്രണ്ട് റീജാ ബായ് എന്നിവർ പ്രസംഗിച്ചു.

അസോസിയേഷൻ ഓഫ് ഓർഫനേജസ് & ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ജില്ലാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സുധീഷ് കേശവപുരിയെ യോഗത്തിൽ വെച്ച് പ്രസിഡൻ്റ് ഷനൂപ് താമരക്കുളം പൊന്നാടയണിയിച്ച് ആദരിച്ചു.

Advertisment